ഒറ്റഓവർ മാജിക്ക്; കിങ്സിനെ വീഴ്ത്തി സൂപ്പര്‍ ഹീറോയായി കാര്‍ത്തിക് ത്യാഗി

karthik-thyagi-2
SHARE

അവിശ്വനീയം, അത്യുജ്ജ്വലം. രാജസ്ഥാന്‍ റോയല്‍സിന് നാടകീയ ജയം സമ്മാനിച്ച കാര്‍ത്തിക് ത്യാഗിയെക്കുറിച്ച് പറയാന്‍ ഇത്രമാത്രം. റണ്ണപ്പ് ബ്രെറ്റ്ലിയുടേതിന് സമാനം, പന്തെറിയുന്നത് ഇഷാന്ത് ശര്‍മയുടേതുപോലെയും. ജസ്പ്രീത് ബുംറയെയും ബ്രെറ്റ്ലീയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും ഇഷ്ടപ്പെടുന്ന കാര്‍ത്തിക് ത്യാഗിയെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. അപ്രാപ്യമെന്ന് കരുതിയിടത്ത് നിന്നാണ് റോയല്‍സിനെ വിജയത്തിലെത്തിച്ചത്, അങ്ങനെ  ടീം ഇന്ത്യയുടെ നെറ്റ് ബോളറില്‍ നിന്ന് സൂപ്പര്‍ ഹീറോയിലേക്ക്. 

അവസാന ഓവറില്‍ സംഭവിച്ചത് എന്ത്?

അവസാന ഓവര്‍ എറിയുന്നതിന് മുമ്പ് മൂന്ന് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത കണക്കാണ് ത്യാഗിക്ക് പറയാനുണ്ടായിരുന്നത്. നിക്കോളസ് പുരനും മര്‍ക്രവും കാത്തുനില്‍ക്കുന്നിടത്തേക്കാണ് കാര്‍ത്തിക് ത്യാഗി അവസാന ഓവര്‍ എറിയാനെത്തുന്നത്. എന്താണോ ആസൂത്രണം ചെയ്തത് അത് കൃത്യമായി കാര്‍ത്തിക് ത്യാഗി നടപ്പാക്കുന്നതാണ് അവസാന ഓവറിലെ ആറുപന്തിലും കണ്ടത്. 

പഞ്ചാബ് കിങ്സിന് എട്ടുവിക്കറ്റ് ശേഷിക്കെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും നാലുറണ്‍സാണ്. ഓഫ്സ്റ്റംപിന് പുറത്ത് കൃത്യമായി പന്ത് പിച്ച് ചെയ്ത ത്യാഗി ഫുള്‍ടോസും യോര്‍ക്കറും പ്രയോഗിച്ചു. ഓവര്‍പിച്ച്ചെയ്തെത്തിയ പന്തിലായിരുന്നു നിക്കോളസ് പുരന്‍ പുറത്തായത്. മരണ ഓവറുകളില്‍ ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന ഫാസ്റ്റ് ബോളറായി കാര്‍ത്തിക് ത്യാഗി മാറിയിരിക്കുന്നു.

പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ നിന്നാണ് കാര്‍ത്തിക് ത്യാഗി ക്രിക്കറ്റ് ക്രീസിലെത്തിയത്. ആര്‍പി സിങ്ങിനെയും  പ്രവീണ്‍ കുമാറിനെയും ഭുവനേശ്വര്‍ കുമാറിനെയും സംഭാവനചെയ്ത ഉത്തര്‍പ്രദേശില്‍ നിന്നാണ് കാര്‍ത്തിക് ത്യാഗിയും വരുന്നത്. പിതാവ് യോഗേന്ദ്ര ത്യാഗി സ്കൂള്‍ വിടുന്ന സമയം കണക്കാക്കി മകനുള്ള ഭക്ഷണവുമായി സ്കൂളിലെത്തും. ഹാപൂരിലെ സ്കൂളില്‍  നിന്ന് രണ്ടുമണിക്കൂര്‍ ബസില്‍ യാത്രചെയ്ത്, അവിടെ നിന്ന് റിക്ഷ പിടിച്ച് മീററ്റിലെ അക്കാദമിയില്‍ എത്തും. അക്കാദമിയിലെ പരിശീലനത്തിലൂടെ അണ്ടര്‍ 16 ടീമിലെത്തി.  പിന്നീട് അണ്ടര്‍ 19 ലോകകപ്പ് ടീമിലെത്തി. 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് 11വിക്കറ്റെടുത്ത കാര്‍ത്തിക് ത്യാഗിയുടെ പ്രകടനം ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തുന്നതില്‍ നിര്‍ണായകമായി.

വിജയ് ഹസാരെയിലെയും മികവ് കൂടിയായപ്പോള്‍ പയ്യനെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് ഒരു കോടി 30ലക്ഷം ചെലവഴിക്കേണ്ടിവന്നു.  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ടീം ഇന്ത്യയുടെ നെറ്റ് ബോളറായിരുന്നു. പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാനറിയുന്ന കാര്‍ത്തിക് ത്യാഗി അതിവേഗത്തില്‍ യോര്‍ക്കര്‍ എറിയുന്നതിലും കേമനാണ്.  കാര്‍ത്തിക് ത്യാഗിയുടെ കരളുറപ്പിന്റെ കഥ ഐപിഎല്‍ ചരിത്രത്തില്‍ എക്കാലവും വാഴ്ത്തിപ്പാടുമെന്നത് ഉറപ്പ്. ത്യാഗിയെ അവസാന ഓവര്‍ എല്‍പിച്ച സഞ്ജു സാംസണും സല്യൂട്ട്. 

MORE IN SPORTS
SHOW MORE
Loading...
Loading...