രോഹിതിനെ നീക്കണമെന്ന് കോലി ആവശ്യപ്പെട്ടു?; കാരണങ്ങളും വാദങ്ങളും

rohitkohli
SHARE

രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നിരിക്കുകയാണ്. സിലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലാണ് രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടത്. 

കോലിയുടെ നിര്‍ദേശങ്ങള്‍ എന്തെല്ലാം?

രോഹിത് ശര്‍മയ്ക്ക് 34വയസായെന്നും ടീം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ ഉയര്‍ത്തുന്നതിനായി രോഹിതിന് പകരം കെ.എല്‍.രാഹുലിനെ ഏകദിനത്തിലും റിഷഭ് പന്തിനെ ട്വന്റി 20യിലും വൈസ് ക്യാപ്റ്റന്‍ ആക്കണമെന്ന നിര്‍ദേശമാണ് കോലി സിലക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ വച്ചത്.  എന്നാല്‍ ഇക്കാര്യത്തില്‍ സിലക്ഷന്‍ കമ്മിറ്റിയില്‍ ഭിന്നതയുണ്ടായെന്നും കോലിയുടെ നിര്‍ദേശം അംഗീകരിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. 

ട്വന്റി 20ലോകകപ്പിനുള്ള ടീമില്‍ വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിലനിര്‍ത്തിയതോടെ കാര്യങ്ങള്‍ വ്യക്തമായി. ഇതേതുടര്‍ന്നാണ് കോലി ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വാര്‍ത്ത പ്രചരിച്ചത്. വിരാട് കോലി– രോഹിത് ശര്‍മ പോര് കുറച്ചുനാളുകളായി തുടരുന്നതാണ്. ഇതിന്റെ ഭാഗമായി ഇരുവരുടെയും ക്യാംപുകള്‍ വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കുന്നതും പതിവായി. ടെസ്റ്റ് ടീമില്‍ സ്ഥിരം അംഗമല്ലാതിരുന്നതിനാല്‍ രോഹിത്തിന് ടീം അംഗങ്ങളുടെ ഇടയില്‍ കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ല.  ടെസ്റ്റ് ടീമിലെയും സ്ഥിരം സാന്നിധ്യമായതോടെ രോഹിത് ജൂനിയര്‍ താരങ്ങളുടെ ഇടയില്‍ സ്വാധീനമുണ്ടാക്കി. കളിക്കാരുമായി ആശയവിനിമയത്തില്‍ കോലിക്കുള്ള ദൗര്‍ബല്യം രോഹിത് മുതലെടുത്തു. ഐപിഎല്ലിലെ അഞ്ചുകിരീടങ്ങളും കൂടിയായപ്പോള്‍ കോലിക്ക് പകരം രോഹിത് എന്ന ആവശ്യം ശക്തമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടെ അശ്വിനെ ഒഴിവാക്കിയതും മാഞ്ചസ്റ്ററില്‍ കളിക്കില്ലെന്ന് സീനിയര്‍ താരങ്ങളില്‍ ചിലര്‍ നിലപാടെടുത്തതും കോലിക്കെതിരായ പടയൊരുക്കത്തിന്റെ സൂചനയായിരുന്നു. 

രോഹിത്–കോലി പോര് രൂക്ഷം

വര്‍ഷങ്ങളായി രോഹിത്–കോലി പോര് തുടങ്ങിയിട്ട്. ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മയുമായുള്ള അഭിപ്രായഭിന്നത ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സംന്തുലിതാവസ്ഥയെ തന്നെ ബാധിക്കുന്ന തലത്തിലേയ്ക്ക് കടപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഇടപെടുകയും  ബോര്‍‍ഡിന്റെ സിഇഓയ്ക്കും ടീം കോച്ച് രവി ശാസ്ത്രിക്കും ഭിന്നത പരിഹരിക്കാനുള്ള ചുമതല നല്‍കുകയും ചെയ്തു. 2019ലാണ് ഇവരെ ചുമതലയേല്‍പിച്ചത്. 2017ല്‍ വിരാട് കോലി മുഴുവന്‍സമയ ക്യാപ്റ്റനായി ചുമതലയേറ്റശേഷം ആണ് രോഹിത്–കോലി പോര് ശക്തമാകുന്നത്.   

രോഹിതിന്റെ വാദം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും ഒറ്റക്കെട്ടാണെന്നും അവര്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നുവെന്നും ആണ് രോഹിത് ശര്‍മയുടെയും ശര്‍മയെ പിന്തുണയ്ക്കുന്ന മറ്റ് താരങ്ങളുടെയും പരാതി. ടീം തിരഞ്ഞെടുപ്പിലും പ്ലയിങ്് ഇലവനെ നിശ്ചയിക്കുന്നതിലും ബാറ്റിങ് ഓര്‍ഡറിലെ തീരുമാനവും ഇവരുടേത് മാത്രമാണെന്ന് ആരോപണം ഉയര്‍ത്തി. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലെ ടീം സിലക്ഷന്‍ രോഹിതിന്റെ ആരോപണം ശരിവയ്ക്കുന്നതുമായി(അശ്വിനെ ഒഴിവാക്കിയത്). 2019ലെ ലോകകപ്പിനുള്ള ടീമില്‍ നിന്ന് അമ്പട്ടി റായിഡുവിനെ ഒഴിവാക്കിയതും വിജയ് ശങ്കറെ ഉള്‍പ്പെടുത്തിയതും കെ.എല്‍.രാഹുലിന് അമിതമായ പിന്തുണനല്‍കിയതും രവീന്ദ്ര ജഡേയ്ക്ക് അവസരങ്ങള്‍ നിഷേധിച്ചതും ചഹലിനും കുല്‍ദീപിനും ആവശ്യത്തിലേറെ അവസരങ്ങള്‍ ലഭിച്ചതും ഋഷഭ് പന്തിനെ അകറ്റി നിര്‍ത്തിയതുമെല്ലാം ശാസ്ത്രി–കോലി സഖ്യത്തിന്റെ മാത്രം തീരുമാനങ്ങള്‍ എന്നാണ് അന്ന് ആക്ഷേപം ഉയര്‍ന്നത്. 

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ രോഹിത് ശര്‍മ ക്യാപ്റ്റനാകുന്നതിനെതിരെ സുനില്‍ ഗാവസ്കറുമെത്തിയിട്ടുണ്ട്. ട്വന്റി 20ക്യാപ്റ്റനായി കെ.എല്‍,രാഹുലിനെകൊണ്ടുവരണമെന്നാണ് സുനില്‍ ഗാവസ്കറെപ്പോലുള്ളവര്‍ ആവശ്യപ്പെടുന്നത്.  ടീം ഇന്ത്യയുടെ ഭാവി മുന്‍നിര്‍ത്തിയാവണം ക്യാപ്റ്റന്‍ തീരുമാനമെന്നും എന്നുംപറയുന്നു. രാഹുലിനൊപ്പം റിഷഭ് പന്തിനെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...