കോലി മാറാനുള്ള കാരണങ്ങൾ; പകരം ആര് ‍?; ക്രീസിൽ ഈ മൂന്നു പേർ

kohli-cricket-new
SHARE

വിരാട് കോലി ഒഴിച്ചിട്ട കസേരയിലേക്ക് രോഹിത് ശര്‍മ എളുപ്പത്തില്‍ കയറാനുള്ള സാധ്യത കുറവാണ്. കെ.എല്‍.രാഹുലും റിഷഭ് പന്തും ക്യാപ്റ്റന്‍സിപ്പോരില്‍ മുന്നിലുണ്ട്. രാഹുലിനെ ടീം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി വളര്‍ത്തിയെടുക്കാന്‍ പറ്റിയ സമയമാണിതെന്ന് സുനില്‍ ഗാവസ്കര്‍ പറയുമ്പോള്‍ രോഹിത് ശര്‍മയ്ക്ക് ക്യാര്യങ്ങള്‍ എളുപ്പമല്ലെന്നതാണ് സൂചന.

കോലി മാറിയത് സമ്മര്‍ദം മൂലമോ ?  രോഹിത് വരുമോ?

വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ ട്വന്റി 20യിലും ഏകദിനത്തിലും ക്യാപ്റ്റന്‍ ആക്കണമെന്ന ആവശ്യം കുറെനാളുകളായി കേള്‍ക്കുന്നതാണ്. പ്രത്യേകിച്ച് ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ കിരീടനേട്ടങ്ങളാണ് ആ മുറവിളിക്ക് പിന്നില്‍. ഏകദിനത്തിനും ട്വന്റി 20ക്കും ഒരു ക്യാപ്റ്റന്‍ ടെസ്റ്റിന് മറ്റൊരു ക്യാപ്റ്റന്‍ എന്ന രീതിയില്‍ ചര്‍ച്ച നടന്നിരുന്നു. അത് രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കാനായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡില്‍ തന്നെ ഭിന്നതയുണ്ടായതിനാല്‍ ഒരു ക്യാപ്റ്റന്‍ എന്ന സ്ഥിതി തുടര്‍ന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ താരങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവന്നതോടെ വീണ്ടും ക്യാപ്റ്റന്‍സി വിവാദം ഉയര്‍ന്നു. സമൂഹമാധ്യമങ്ങളിലെ പ്രചാരണവും ബാറ്റ്സ്മാന്‍ എന്നനിലയിലെ ഫോം മങ്ങിയതും കോലിയെയും ചിന്തിപ്പിച്ചുഎന്നുവേണം കരുതാന്‍.

പുറത്താക്കുമെന്ന് കണ്ടപ്പോള്‍ പടിയിറങ്ങി?

ചാംപ്യന്‍ ട്രോഫിയുടെ ഫൈനലിലും ലോകകപ്പിന്റെ സെമിഫൈനലിലും തോറ്റനായകനാണ് വിരാട് കോലി. ഇതുവരെ ഐസിസി ട്രോഫി കിട്ടിയിട്ടില്ല. അതുതന്നെയാണ് കോലിയുടെ ക്യാപ്റ്റന്‍സി മാറ്റണം എന്ന മുറവിളി കൂട്ടിയതും. ട്വന്റി 20ലോകകപ്പ് കഴിയുമ്പോള്‍ കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വാര്‍ത്തയും പ്രചരിച്ചു. എന്നാല്‍ ബിസിസിഐ തന്നെ ഇക്കാര്യം നിഷേധിച്ചു. ഒപ്പം കളിക്കാരുടെ ഇടയില്‍ ആശയവിനിമയം തീരെകുറവാണെന്നതും കോലിക്ക് നെഗറ്റീവാകുന്നു.  ട്വന്റി 20 ലോകകപ്പ് ലഭിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് കണ്ടാണ് കോലി ഒരുമുഴം മുമ്പേ എറിഞ്ഞതെന്നും പറയുന്നു. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചുറികളുടെ കാര്യത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാന്‍ അവസരമുളളതിനാല്‍ അതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഈ നീക്കം എന്നും നിരീക്ഷണമുണ്ട്. 

രോഹിതോ,രാഹുലോ, പന്തോ?

ഐപിഎല്ലിലെ അഞ്ചുകിരീടങ്ങളാണ് രോഹിത് ശര്‍മയ്ക്ക് നേട്ടമാകുന്നത്. ഒപ്പം ട്വന്റി 20യില്‍ നേടിയ സെഞ്ചുറിയും അനുകൂലഘടകമാണ്. ഇതിലും പ്രധാനമായിട്ടുള്ളത് കളിക്കാരുമായി ആശയവിനിമയം പ്രത്യേകിച്ച് ജൂനിയര്‍ താരങ്ങളുമായി രോഹിതിന് നല്ല അടുപ്പം സൂക്ഷിക്കാന്‍ സാധിക്കുന്നുവെന്നത് വലിയ നേട്ടമാകുന്നു. എന്നാല്‍ 34കാരനായ രോഹിതിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കേണ്ട എന്ന വാദം ഉയര്‍ന്നിട്ടുണ്ട്. പകരം ടീം ഇന്ത്യയുടെ ഭാവി മുന്നില്‍ കണ്ട് ഒരു ക്യാപ്റ്റനെ നിയമിക്കണം എന്നാണ് ആവശ്യം. സുനില്‍ ഗാവസ്കര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കുകയും ചെയ്തു. 

രാഹുലിനെ ക്യാപ്റ്റനാക്കണം എന്നാണ് ഗാവസ്കറിന്റെ പക്ഷം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ നയിക്കുന്ന 29കാരനായ രാഹുല്‍ ക്യാപ്റ്റന്‍ എന്നനിലയില്‍ മോശമല്ലാത്ത പ്രകടനം ആണ് നടത്തുന്നത്. ട്വന്റി 20യില്‍ സെഞ്ചുറിയും നേടിയിട്ടുണ്ട്. കര്‍ണാടകക്കാരനായ രാഹുല്‍ ക്യാപ്റ്റന്‍ ആയാല്‍ ദക്ഷിണേന്ത്യയെ അവഗണിക്കുന്നില്ല എന്ന് ബോര്‍ഡിന് സ്ഥാപിക്കാനാകും. വിരാട് കോലിയും രാഹുലിനെ പിന്തുണയ്ക്കുന്നുണ്ട്. ഡല്‍ഹി ക്യാപ്റ്റല്‍സിനെ നയിക്കുന്ന 23കാരനായ റിഷഭ് പന്ത് മികച്ച പ്രകടനമാണ് നടത്തുന്നത്. 2021ലെ ഐപില്ലില്‍ ഇതുവരെ കഴിഞ്ഞ എട്ട് മല്‍സരത്തില്‍ ആറിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലേക്ക് നയിക്കാനായി. രോഹിതാണ് ക്യാപ്റ്റനെങ്കില്‍ രാഹുല്‍,റിഷഭ് പന്ത്, ജസ്പ്രീത് ബുംറ ഇവരില്‍ ആരെങ്കിലും വൈസ് ക്യാപ്റ്റനാകും. രാഹുലാണെങ്കില്‍ റിഷഭ് പന്തോ ബുംറയോ വൈസ്ക്യാപ്റ്റനാകും.

MORE IN SPORTS
SHOW MORE
Loading...
Loading...