പരിമിതികളെ സ്മാഷ് ചെയ്ത് യതിരാജ്; പാരാലിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ ഐഎഎസുകാരന്‍

suhas-badminton
SHARE

ശാരീരിക വെല്ലുവിളിയില്‍ അവന്‍ തളര്‍ന്നില്ല, ബാ‍ഡ്മിന്റന്‍ കോര്‍ട്ടിലെ ഓരോ സര്‍വും ഓരോ സ്മാഷും പരിമിതികളില്‍ തളരരുത് എന്ന സന്ദേശം നല്‍കി. സുഹാസ് എല്‍.യതിരാജ് സ്പോര്‍ട്സില്‍ മാത്രമല്ല, ഇന്ത്യന്‍ അഡ്്മിനിസ്ട്രേറ്റീവ് സര്‍വീസ് കരസ്ഥമാക്കാനും തളരാതെ പൊരുതി. നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ശാരീരിക പരിമിതികള്‍ പ്രശ്നമല്ലെന്ന് തെളിയിച്ച് മുന്നേറുകയാണ് സുഹാസ് യതിരാജ്  എന്ന 38കാരന്‍. ജൻമനാ ഒരു കാലിന് സ്വാധീനക്കുറവുണ്ട് സുഹാസിന്. വേണ്ടത് പോരാടാനുള്ള മനസാണ്.  ടോക്കിയോ പാരാലിംപിക്സില്‍ ബാഡ്മിന്‍റന്‍ ഫൈനലില്‍ എത്തിയതോടെയാണ് സുഹാസ് യതിരാജ് എന്ന ചെറുപ്പാക്കാരനെ ലോകം ശദ്ധിച്ചു തുടങ്ങിയത്.  നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമായ സുഹാസ് യതിരാജ് പാരാലിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്.

യതിരാജ് എന്ന ഐ.എ.എസുകാരന്‍

ബാഡ്മിന്‍റന്‍ താരമാകുന്നതിന് മുമ്പ് ഐ.എ.എസ് എന്ന കടമ്പ വിജയകരായി കടന്ന ചരിത്രമുണ്ട് സുഹാസ് യതിരാജിന്. 2007ലെ ഉത്തര്‍പ്രദേശ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ യതിരാജ് നിലവില്‍ ഗൗതംബുദ്ധ നഗര്‍ ജില്ലാ മജിസ്ട്രേറ്റാണ്. 1983ല്‍ കര്‍ണാടകയിലെ ഹസനില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ മകനായാണ് സുഹാസ് യതിരാജ് ജനിച്ചത്. കംപ്യൂട്ടര്‍ സയന്‍സില്‍ എ‍ന്‍ജിനീയറിങ് ബിരുദം നേടിയ ശേഷമാണ് സിവില്‍ സര്‍വീസിലെത്തിയത്. 2016ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ യഷ് ഭാരതി പുരസ്കാരവും നേടി. 2019ലെ മിസിസ് യു,പി ജേതാവായ റിതുവാണ് ഭാര്യ. അഞ്ചു വയസുകാരി സാന്‍വി, രണ്ടുവയസുകാരന്‍ വിവാന്‍ എന്നിവര്‍ മക്കളാണ്. 

അതിഥിയായെത്തി താരമായി

2015ല്‍ ഒരു ബാഡ്മിന്‍റന്‍ ടൂര്‍ണമെന്‍റില്‍ മുഖ്യാതിഥിയായെത്തിയതാണ് യതിരാജിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഉദ്ഘാടനത്തിന്‍റെ ഭാഗമായി കോര്‍ട്ടിലിറങ്ങി ഷോട്ടുകള്‍ ഉതിര്‍ത്ത യതിരാജിനെ കളി ഗൗരവമായി കാണാ‍ന്‍ പ്രേരിപ്പിച്ചത് പരിശീലകന്‍ ഗൗരവ് ഖന്നയാണ്. ആദ്യം താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന സുഹാസ് അഞ്ചുമാസത്തോളമെടുത്താണ് അവസാന തീരുമാനത്തിലെത്തിയതെന്ന് ഗൗരവ് ഖന്ന പറയുന്നു. തുടര്‍ന്ന് പരിശീലനവും ജോലിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോയ യതിരാജ് 2016ല്‍ ബീജിങ്ങില്‍ സ്വര്‍ണം നേടി തന്‍റെ ക്ലാസ് തെളിയിച്ചു. തുടര്‍ന്ന് 2017ല്‍ തുര്‍ക്കി ഓപ്പണില്‍ രണ്ടു സ്വര്‍ണം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ നേട്ടങ്ങളുടേതായിരുന്നു. ചൈന, അയര്‍ലാന്‍ഡ്, തായ്‌ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന മല്‍സരങ്ങളില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും നേടി.

MORE IN SPORTS
SHOW MORE
Loading...
Loading...