വിലയും വെയിലും ഗൗനിക്കാതെ ആരാധകർ; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് മെസി ജഴ്സി

messy-12
SHARE

പാരിസിലേക്കുള്ള മെസ്സിയുടെ വരവിനു പിന്നാലെ ട്രെൻഡായി മെസ്സി ജഴ്സികൾ. പി എസ് ജി യുടെ ഔദ്യോഗിക സ്റ്റോറിൽ ജഴ്സി വാങ്ങിക്കാൻ എത്തിയവരുടെ നീണ്ട നിരയായിരുന്നു. ചൂടപ്പം പോലെയാണ് മെസ്സിയുടെ പുതിയ കുപ്പായം വിറ്റഴിഞ്ഞു പോകുന്നത്. പാരീസിൽ നിന്നും എബി മാത്യു മനോരമന്യൂസിനായി  തയ്യാറാക്കിയ റിപ്പോർട്ട്.

പാരിസിൽ എത്തിയ ലയണൽ മെസ്സിയെ ഒരുനോക്ക് കാണാൻ ആയിരുന്നു ആളുകൾ തിങ്ങി കൂടിയത്. മെസ്സിയുടെ ജേഴ്സി നമ്പർ ഏതാവും എന്നുള്ള ആകാംക്ഷക്ക്  വിരാമമിട്ടാണ് കഴിഞ്ഞദിവസം രാത്രിയോടെ നമ്പർ 30 ലയണൽ മെസിയുടെ ജഴ്സി നമ്പർ ആയി പി എസ് ജി പുറത്തുവിട്ടത്. അതോടെ മെസ്സി ജഴ്സികൾ വാങ്ങാനുള്ള തിക്കും തിരക്കുമായി. പി എസ് ജിയുടെ ഔദ്യോഗിക സ്റ്റോറിൽ നിമിഷനേരം കൊണ്ട് ജഴ്സി വിറ്റഴിഞ്ഞു പോയി. പുതിയ സ്റ്റോക്ക് വരുന്നതുവരെ സ്റ്റോറിന് മുന്നിൽ കാത്തിരിപ്പായിരുന്നു ആരാധകർ. 115 യൂറോയാണ് മെസി ജഴ്സിക്ക് വില അതായത് ഇന്ത്യൻ രൂപ പതിനായിരം. വിലയും നട്ടുച്ച വെയിലും ഒരു പ്രശ്നമേയല്ല. ആരാധകർക്ക് മെസ്സിയുടെ കുപ്പായം കിട്ടിയേ തീരൂ. മണിക്കൂറുകളോളം കാത്തിരുന്നു കിട്ടിയ ജഴ്സിയണിഞ്ഞ് ആരാധകർ സന്തോഷം പങ്കിട്ടു.

ബാഴ്സലോണയിൽ നിന്ന് പി എസ് ജി യിലേക്കുള്ള ലയണൽ മെസ്സിയുടെ കൂടുമാറ്റം വലിയ ആവേശമാണ് ഫ്രാൻസിൽ ആകെ നൽകുന്നത്. മെസ്സിയുടെ വരവ് തന്നെ ട്രെൻഡ് ആയതിനു പിന്നാലെയാണ്, ഇപ്പോൾ മുപ്പതാം നമ്പർ കുപ്പായവും ഫുട്ബോൾ ആരാധകർക്ക് ആവേശമാകുന്നത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോൾ താരത്തിന്റെ സാന്നിധ്യം പോലും പാരീസിലെ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുകയാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...