ഇന്ത്യന്‍ ഹോക്കിയില്‍ വലിയചരിത്രം; അഭിമാനമായി പി ആര്‍ ശ്രീജേഷ്

hockey
SHARE

മാനുവല്‍ ഫ്രെഡറികിന് ശേഷം ഇന്ത്യന്‍ ഹോക്കിയില്‍ വലിയചരിത്രമൊന്നും പറയാ‍ന്‍  ഇല്ലായിരുന്നു കേരളത്തിന്. സാബു വര്‍ക്കിയുടെ പാതി മലയാളിത്വത്തില്‍ അഭിരമിച്ച കേരളത്തിന്റെ ഇടനെഞ്ചിലെയ്ക്ക് അനുനിമിഷം ഇരച്ചുകയറിയ പി. ആര്‍. ശ്രീജേഷ് എത്തുംവരെ. ഇന്ന് കേരളം ആര്‍ക്കുകയാണ്, ഇന്ത്യന്‍ ഹോക്കിയുടെ ഐക്കണെയോര്‍ത്ത്. മലയാളത്തിന്റെ, കിഴക്കമ്പലത്തിന്റെ, നമ്മുടെ സ്വന്തം പി. ആര്‍. ശ്രീജേഷിനെയോര്‍ത്ത്.

എന്തെന്തു സേവുകളാണ് ഈ മനുഷ്യന്‍ നടത്തുന്നത്. മു‍നിരയെയും, മധ്യനിരയെയും, പിന്‍നിരയെയും കബളിപ്പിച്ചെത്തുന്ന എതിരാളിക്കുമേല്‍ ചിലന്തികൈകള്‍ വിരിച്ചാണോ ഇയാള്‍ നില്‍ക്കുന്നതെന്നു തോന്നിക്കും. എതിരാളി ഉതിര്‍ക്കുന്ന ഷോട്ടുകള്‍ക്കുമേലെല്ലാം അയാളുടെ കയ്യും ആ സ്റ്റിക്കും പ്രതിരോധം തീര്‍ത്ത് പാഞ്ഞടുക്കും.

പി.ആര്‍ ശ്രീജേഷിനപ്പുറം മറ്റേതെങ്കിലും ഒരു ഗോള്‍കീപ്പറുടെ പേര് ശരാശരി ഇന്ത്യന്‍ ഹോക്കിപ്രേമിയുടെ മനസില്‍ ഇതുപോലെ പതിഞ്ഞിട്ടുണ്ടോ എന്ന് സംശയം. ധ്യാന്‍ ചന്ദിനേയും, ധന്‍രാജ് പിള്ളയേയും ഓര്‍ത്തിരിക്കുംപോലെ പി.ആര്‍. ശ്രീജേഷ് എന്ന നാമം കേരളക്കരയുടെ മാത്രമല്ല, ഇന്ത്യന്‍ ഗ്രാമങ്ങളുടെ മുക്കിലും മൂലയിലേയ്ക്കും ആളിപ്പടര്‍ന്നിരിക്കുന്നു. 

നിലവെളിച്ചത്തില്‍ കളിച്ച് ഹോക്കി പഠിച്ചു ധ്യാന്‍ സിങ്. ധ്യാന്‍ സിങ് അങ്ങനെ ധ്യാന്‍ ചന്ദായി. ഹോക്കി മാത്രികനും.  കിഴക്കമ്പലത്തു നിന്നെത്തി ഇന്ത്യന്‍ ഹോക്കിയുടെ നെറുകയിലെക്കു കയറിപ്പോയ ഈ മലയാളിയെ നാം ഇനി എങ്ങനെ വിശേഷിപ്പിക്കണം.

MORE IN SPORTS
SHOW MORE
Loading...
Loading...