അമ്മ വൃക്കരോഗി; ഓപ്പറേഷൻ ദിവസം പോലും കാണാനായില്ല; വേദന പറഞ്ഞ് ലവ്‍ലിന

sad-lovlina
SHARE

ടോക്കിയോയിലെ ഒളിംപിക് ബോക്സിങ്ങ് റിങ്ങിൽ 135 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളുമേന്തി നിൽക്കുമ്പോൾ സ്വർണം തന്നെയായിരുന്നു ലവ്‍ലിന ബോര്‍ഗോഹെയ്ന്റെ ലക്ഷ്യം. സെമിഫൈനലിൽ എതിരാളിയുടെ പഞ്ചുകൾക്ക്‌ മുൻപിൽ പതറിയെങ്കിലും ടോക്കിയോയിൽ ലവ്‍ലിന നേടിയെടുത്ത വെങ്കലത്തിന് സ്വർണത്തോളം പോന്ന തിളക്കമുണ്ട്. ഇതൊരു വലിയ നേട്ടം തന്നെയാണെന്നാണ് ലവ്‍ലിനയും വിശ്വസിക്കുന്നത്. സ്വയംസുരക്ഷക്കായി അമ്മയുടെ നിർബന്ധപ്രകാരം പരിശീലിക്കാൻ തുടങ്ങിയതാണ് ബോക്സിങ്ങ്. പഠനകാലം മുതൽ തന്നെ ഒളിംപിക്സ് ആയിരുന്നു ലക്ഷ്യം. 

ഒളിംപിക് നേട്ടത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ലവ്‍ലിന ഒരു ദേശീയമാധ്യമത്തോട് മനസു തുറന്നു: ''എന്റെ മാതാപ‌ിതാക്കൾ വളരെ സന്തോഷത്തിലാണ് ഇപ്പോള്‍. മല്‍സരശേഷം എന്നോടൊന്ന് മര്യാദക്ക് സംസാരിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. കാരണം വീട് നിറയെ ആളു‌കളാണ്. ഒന്നോ രണ്ടോ മിനിറ്റാണ് അവരോട് സംസാരിക്കാനായത്. വീട്ടിലേക്ക് ഒരുപാടാളുകൾ വന്നുകൊണ്ടിരിക്കുകയാണ്. 

''എന്റെ അമ്മ ഒരു വൃക്കരോഗി ആയിരുന്നു. രോഗബാധിതയായി ആശുപത്രിയിൽ കഴിഞ്ഞ സമയത്തൊന്നും എനിക്ക് അമ്മയോടൊപ്പം ചെലവഴിക്കാൻ സാധിച്ചിട്ടില്ല. ആ സങ്കടം ഇപ്പോഴുമുണ്ട്. ഓപ്പറേഷൻ ദിവസം ഞാൻ ആശുപത്രിയിൽ പോയിരുന്നു. പക്ഷേ കാണാൻ സാധിച്ചില്ല. 

ഒരു വർഷത്തിലധികമായി വീട്ടുകാരോടൊപ്പം സമയം ചെലവഴിച്ചിട്ട്. അത് വലിയ വിഷമം തന്നെയാണ്. പക്ഷേ എനിക്ക് ഒളിംപിക്സിൽ ശ്രദ്ധിക്കണമായിരുന്നു. അമ്മക്ക് ഒരു കുഴപ്പവും സംഭവിക്കില്ലെന്നും രോഗം ഭേദമാകുമെന്നും ഞാൻ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു. 

ഇന്ന് എന്റെ സെമിഫൈനൽ ആയിരുന്നു. സ്വർണം തന്നെയായിരുന്നു ലക്ഷ്യം. അത് നേടാനായില്ല. നിരാശയുണ്ട്. വെങ്കലവും ഒട്ടും ചെറുതല്ല. പക്ഷേ, എനിക്ക് വേണ്ടിയിരുന്നത് ഇതല്ല. ഇനി ലോകചാംപ്യൻഷിപ്പും ഏഷ്യൻ ഗെയിംസും കോമൺവെല്‍ത്ത് ഗെയിംസും ഒക്കെ വരാനുണ്ട്. അതിലൊക്കെ രാജ്യത്തിനു വേണ്ടി മെഡൽ നേടണം''. 

MORE IN SPORTS
SHOW MORE
Loading...
Loading...