മുഹമ്മദ് അലിയുടെ കഥകേട്ട് വളർന്ന ലവ്​ലിന; ഇടിക്കൂട്ടിൽ മേരിക്കൊരു പിൻഗാമി

lovlina-30
SHARE

ഇടിക്കൂട്ടിൽ രാജ്യത്തിന്റെ അഭിമാനമാവുകയാണ് 22കാരി ലവ്​ലിന. മേരികോമിന്റെ അപ്രതീക്ഷിത പുറത്താകലിന്റെ നിരാശയെ പാടെ തൂത്തെറിയുന്നതാണ് ഈ നേട്ടം. 69 കിലോ വിഭാഗത്തിൽ ചൈനീസ് താരത്തെ തോൽപ്പിച്ചാണ് ലവ്​ലിന ഇന്ത്യയ്ക്ക് വീണ്ടും മെഡൽ ഉറപ്പാക്കിയത്.

ടോക്കിയോയിലെ ഒളിംപിക് വേദിയിൽ സന്തോഷത്തോടെ നിൽക്കുന്ന ലവ്​ലിനയ്ക്ക് പറയാൻ കഥകളേറെയുണ്ട്. മുഹമ്മദ് അലിയുടെ ബോക്സിങ് കഥകൾ കേട്ട് വളർന്ന പെൺകുട്ടി, അലിയെ പോലെ മെഡലുകൾ നേടുന്നത് സ്വപ്നം കണ്ടുറങ്ങിയ ഒരുനാൾ പെൺകുട്ടി രാജ്യത്തിന്റെ അഭിമാനമാകുമെന്ന് ഉറപ്പിച്ചിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.

മൂന്ന് പെൺമക്കളും കിക്ക് ബോക്സർമാരാകണമെന്നായിരുന്നു ലവ്​ലിനയുടെ അമ്മയുടെ ആഗ്രഹം. കിക്ക്ബോക്സിങിൽ നിന്ന് മെല്ലെ ലവ്​ലിന ബോക്സിങിൽ ചുവടുറപ്പിച്ചു. ട്രാക്ക്സ്യൂട്ട് വാങ്ങാൻ പോലും ബുദ്ധിമുട്ടിയ സാഹചര്യത്തിൽ നിന്ന് ഒളിംപ്യനിലേക്കുള്ള ലവ്​ലിനയുടെ വളർച്ചയിൽ സന്തോഷം മാത്രമാണെന്ന് അച്ഛൻ പറയുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലവ്​ലിനയ്ക്ക് സായിയിലേക്ക് പ്രവേശനം ലഭിക്കുന്നത്. 

സെമിയിൽ തുർക്കിയുടെ ബുസെനാസ് സർമിനെലിയാണ് ലവ്​ലിന നേരിടുക.  മേരികോമിന് ശേഷം ഇതാദ്യമായാണ് ഒരിന്ത്യൻ വനിതാ ബോക്സർ ഒളിംപിക് മെഡൽ ഉറപ്പിക്കുന്നത്. ലവ്​ലിന രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയെന്ന് കായിക മന്ത്രി അനുരാഗ് താക്കൂർ ട്വീറ്റ് ചെയ്തു. രാവിലെ തന്നെ ശുഭവാർത്തയാണ് കേൾക്കുന്നതെന്നും ടിവിയിൽ മിന്നും പ്രകടനം കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. മികച്ച പഞ്ചാണ് ഇതെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ ട്വീറ്റ്. വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയടക്കമുള്ളവരും ലവ്​ലിനയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

MORE IN SPORTS
SHOW MORE
Loading...
Loading...