'ഒസാക്ക കോട്ട കെട്ടിയില്ലേ, പിന്നെ അസാധ്യമായത് എന്ത്?'; ജപ്പാന് കരുത്തുപകരുന്ന സത്യം

Olympics-Special-HD-Thumb-Osaka-Kotta
SHARE

ലോകമാകെ കോവിഡ് പിടിമുറുക്കിയ നാളുകളിൽ ഒളിമ്പിക്സ് നടത്താൻ ജപ്പാന് സാധിക്കുമോയെന്നു ലോകം ആശങ്കപ്പെട്ടിരുന്നു. ഇന്ന് ടോക്കിയോ സ്റ്റേഡിയത്തിൽ തെളിഞ്ഞു കത്തുന്ന ദീപം നോക്കി ജപ്പാൻ പറയുന്നു, ഒസാക്ക കോട്ട കെട്ടിയില്ലേ, പിന്നെ അസാധ്യമായത് എന്താണ്? ഒസാക്ക കോട്ടയിൽ നിന്നും ബിജു നാരായണന്റെ റിപ്പോർട്ട്‌. 

ഭൂകമ്പം, സുനാമി,  വെള്ളപ്പൊക്കം, നേരിട്ട ഓരോ ദുരന്തങ്ങളിൽ നിന്നും പൊടുന്നനെ ഉയർത്തെഴുന്നേറ്റ ചരിത്രമാണ് ജപ്പാനുള്ളത്, ഓരോ തിരിച്ചടികളിലും ജപ്പാൻ ഒസാക്ക കോട്ടയുടെ മുകളിലേക്ക് നോക്കും. തിരിച്ചുവരാനുള്ള കരുത്ത് അവിടെനിന്നും തേടും. പ്രതിസന്ധികളിൽ കാലിടറി വീഴുമ്പോഴും ഉയർത്തെഴുന്നേൽക്കുന്ന ജപ്പാൻ ശൈലിക്ക് കരുത്തുപകരുന്ന സത്യമാണ് ഒസാക്ക കോട്ട. പട്ടണത്തിലെ ഒത്തനടുക്കാണ് കോട്ട  സ്ഥിതിചെയ്യുന്നത്. 1583ൽ  തോയെതോമി ഹിതോമോഷി എന്ന ചക്രവർത്തിയാണ് കോട്ട പണിതത്. ശത്രുക്കളെ കോട്ടയിൽ നിന്നകറ്റാൻ,  ആഴമുള്ള കിടങ്ങുകൾ വെട്ടി ചുറ്റും തടാകമുണ്ടാക്കി. പ്രാദേശിക യുദ്ധങ്ങൾ കോട്ടയുടെ അവകാശം പലരിലേക്കുമെത്തിച്ചു. യുദ്ധങ്ങൾ ഒസാക കോട്ടയിൽ പലപ്പോഴും കേടുപാടുകൾ വരുത്തുമ്പോഴും,  കോട്ട  പുതുക്കി പണിതു കൊണ്ടേയിരുന്നു.1665ൽ ഇടിമിന്നലിൽ കോട്ട തകർന്നുവീണു. അപ്പോഴും കോട്ട കാക്കാൻ ആളുകൾ ഒത്തുകൂടി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് പട്ടാളത്തിന്റെ ആയുധപ്പുരയായി കോട്ട മാറി. അമേരിക്കൻ ആക്രമണത്തിൽ കോട്ട വീണ്ടും നിലംപരിശായി. അപ്പോഴും കോട്ട കെട്ടിപ്പൊക്കാൻ ജപ്പാൻ മുന്നോട്ടുവന്നു. ഓരോ തവണ തകർന്നടിയുമ്പോഴും, തല പൊക്കത്തിൽ നിൽക്കുന്ന ഒസാക്ക കോട്ട കാണാൻ ജപ്പാൻ കൊതിക്കും. അവരത് പിന്നെയും പിന്നെയും ഉയർത്തിക്കെട്ടി.

ഇന്ന് രാജ്യത്തിന് ഏറ്റവും മനോഹരമായ പൈതൃകസ്വത്തായി സംരക്ഷിച്ചു പോരുകയാണ് ഒസാക്ക  കോട്ടയെ. ഒത്തുചേരലിനും, സാംസ്കാരിക സംഗമങ്ങൾക്കുമൊക്കെ ഇവിടം വേദിയാകുന്നു. സ്വർണ്ണം പൂശിയ സ്തൂപങ്ങളും, പൂന്തോട്ടവുമെല്ലാം കോട്ടയെ കൂടുതൽ ആകർഷകമാക്കുന്നു. ലോകം മുഴുവൻ ആശങ്കപ്പെട്ടപ്പോഴും ഒളിംപിക്സിനെ ഒരുക്കങ്ങൾ ജപ്പാൻ പുഞ്ചിരിയോടെ നടത്തി. ഇന്ന് ടോക്കിയോ സ്റ്റേഡിയത്തിൽ തെളിഞ്ഞു കത്തുന്ന ദീപം നോക്കി ജപ്പാൻ പറയുന്നു. ഒസാക്ക കോട്ട കെട്ടിയില്ലേ... പിന്നെ അസാധ്യമായത് എന്താണ്.

MORE IN SPORTS
SHOW MORE
Loading...
Loading...