ഇന്ത്യൻ പുതുമുഖ പരീക്ഷണം പാളി; ലങ്കയ്ക്ക് 3 വിക്കറ്റ് ജയം

lanka-india-3
SHARE

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ അഞ്ച് പുതുമുഖങ്ങളുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തോൽവി. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മഴനിയമ പ്രകാരം മൂന്ന് വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്തായി. 227 റൺസിന്റെ പുതുക്കിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 48 പന്തുകൾ ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അവസാന നിമിഷങ്ങളിൽ വിക്കറ്റുകൾ കണ്ടെത്തി ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കിയെങ്കിലും, അവരെ വിജയത്തിൽനിന്ന് തടയാൻ ഇന്ത്യൻ യുവനിരയ്ക്ക് സാധിച്ചില്ല. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

തകർപ്പൻ അർധസെഞ്ചുറിയുമായി ശ്രീലങ്കയെ താങ്ങിനിർത്തിയ ഓപ്പണർ ആവിഷ്ക ഫെർണാണ്ടോയാണ് അവരുടെ ടോപ് സ്കോറർ. 98 പന്തുകൾ നേരിട്ട ഫെർണാണ്ടോ നാലു ഫോറും ഒരു സിക്സും സഹിതം 76 റൺസെടുത്തു. ഇന്ത്യയ്ക്കായി അരങ്ങറ്റ മത്സരം കളിച്ച രാഹുൽ ചാഹർ 10 ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മറ്റൊരു അരങ്ങേറ്റ താരം ചേതൻ സാകരിയ എട്ട് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ഇന്ത്യൻ ഫീൽഡർമാർ ക്യാച്ചുകൾ യഥേഷ്ടം നഷ്ടമാക്കിയതും ക്യാപ്റ്റൻ ശിഖർ ധവാൻ സ്പിന്നർ രാഹുൽ ചാഹറിനെ ശ്രീലങ്കൻ ഇന്നിങ്സിന്റെ തുടക്കത്തിൽ അധികം ഉപയോഗിക്കാതെ പോയതും മത്സരഫലം ഇന്ത്യയ്ക്ക് പ്രതികൂലമാക്കി.

ശ്രീലങ്കയ്ക്കായി കരിയറിലെ മൂന്നാം മത്സരം കളിക്കുന്ന ഭാനുക രജപക്ഷയും അർധസെഞ്ചുറി നേടി. 56 പന്തുകൾ നേരിട്ട രജപക്ഷ 12 ഫോറുകൾ സഹിതം 65 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ഫെർണാണ്ടോ – രജപക്ഷ സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ലങ്കയ്ക്ക് കരുത്തായത്. 105 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 109 റൺസ്. 28 പന്തിൽ മൂന്നു ഫോറുകളോടെ 24 റൺസെടുത്ത ചരിത് അസലങ്കയുടെ ഇന്നിങ്സും നിർണായകമായി. മിനോദ് ഭാനുക (17 പന്തിൽ ഏഴ്), ധനഞ്ജയ ഡിസിൽവ (ഒൻപത് പന്തിൽ രണ്ട്), ക്യാപ്റ്റൻ ദസൂൺ ഷാനക (0), ചാമിക കരുണരത്‌നെ എന്നിവർ നിരാശപ്പെടുത്തി. 18 പന്തിൽ ഒരു ഫോർ സഹിതം 15 റൺസെടുത്ത് പുറത്താകാതെ നിന്ന രമേഷ് മെൻഡിസ്, രണ്ടു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസുമായി പുറത്താകാതെ നിന്ന അഖില ധനഞ്ജയ എന്നിവർ ചേർന്ന് ശ്രീലങ്കയെ വിജയത്തിലെത്തിച്ചു.

ഇന്ത്യൻ നിരയിൽ തിളങ്ങിയത് 10 ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത രാഹുൽ ചാഹർ തന്നെ. ചേതൻ സാകരിയ രണ്ടു വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിച്ച കൃഷ്ണപ്പ ഗൗതം എട്ട് ഓവറിൽ 49 റൺസ് വഴങ്ങിയും ഹാർദിക് പാണ്ഡ്യ അഞ്ച് ഓവറിൽ 43 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ അഞ്ച് അരങ്ങേറ്റക്കാരുമായി ഇറങ്ങിയ ഇന്ത്യയെ 225 റൺസിന് എറിഞ്ഞിട്ട് ശ്രീലങ്കൻ ബോളർമാർ. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, 43.1 ഓവറിലാണ് 225 റൺസിന് എല്ലാവരും പുറത്തായത്. ഒരു അർധ സെഞ്ചുറി പോലും പിറക്കാതെ പോയ ഇന്ത്യൻ ഇന്നിങ്സിൽ 49 പന്തിൽ എട്ടു ഫോറുകൾ സഹിതം 49 റൺസെടുത്ത ഓപ്പണർ പൃഥ്വി ഷായാണ് ടോപ് സ്കോറർ. മലയാളി താരം സഞ്ജു സാംസൺ 46 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ പൃഥ്വി ഷാ – സഞ്ജു സാംസൺ സഖ്യം 80 പന്തിൽനിന്ന് കൂട്ടിച്ചേർത്ത 74 റൺസാണ് ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ട്. 37 പന്തിൽ ഏഴു ഫോറുകൾ സഹിതം 40 റൺസെടുത്ത സൂര്യകുമാർ യാദവും തിളങ്ങി.

ക്യാപ്റ്റൻ ശിഖർ ധവാൻ (11 പന്തിൽ 13), മനീഷ് പാണ്ഡെ (19 പന്തിൽ 11), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 19), നിതീഷ് റാണ (14 പന്തിൽ ഏഴ്), കൃഷ്ണപ്പ ഗൗതം (മൂന്നു പന്തിൽ രണ്ട്), രാഹുൽ ചാഹർ (25 പന്തിൽ 13), നവ്ദീപ് സെയ്നി (37 പന്തിൽ 15) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ശ്രീലങ്കയ്ക്കായി അഖില ധനഞ്ജയ 10 ഓവറിൽ 44 റൺസ് വഴങ്ങിയും പ്രവീൺ ജയവിക്രമ 10 ഓവറിൽ 59 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ദുഷ്മന്ത ചമീര 8.1 ഓവറിൽ 55 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ക്യാപ്റ്റൻ ദസൂൺ ഷാനക, ചാമിക കരുണരത്‌നെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...