അന്ന് മരംകയറിപ്പെണ്ണ്; ഇന്ന് ഇതിഹാസം; നദിയ പെർഫെക്ട് ഒ.കെ

nadiawb
SHARE

കാര്‍പാത്തിയന്‍ മലനിരകളിലെ ഡ്രാക്കുള കൊട്ടാരത്തെക്കുറിച്ചും ഡ്രാക്കുളയെപ്പറ്റിയും പലകഥകളും കേട്ടെങ്കിലും മലനിരകള്‍ക്ക് താഴെയുള്ള ഒണെസ്റ്റി എന്ന കൊച്ചുനഗരത്തിലെ പെണ്‍കുട്ടിയെ അതൊന്നും ഭയപ്പെടുത്തിയില്ല. അവള്‍ മരംകയറാനും ശിഖരങ്ങളില്‍ തലകീഴായി കിടക്കാനും അമ്മയുടെ കണ്ണുവെട്ടിച്ച് വീടിന് പുറത്തോട്ട് ഓടി. ഈ കുരുത്തക്കേട് കാരണം അമ്മ അവളെ ജിംനാസ്റ്റിക്സ് ക്ലബ്ബില്‍ ചേര്‍ത്തു. പിന്നീട് അവള്‍ ബീമിലും ബാറിലും തലകീഴായി മറിഞ്ഞു, ചാടി, അഞ്ച് ഒളിംപിക്സ് മെഡലില്‍ ആണ് ആ മെയ്്വഴക്കം ചെന്ന് അവസാനിച്ചത്. പറഞ്ഞുവരുന്നത് നദിയ കൊമനേച്ചിയെക്കുറിച്ചാണ്. 

കോഴിക്കോട്ടുകാരന്‍ നൈസല്‍ ജനകീയമാക്കിയ പെര്‍ഫക്ട് ഓകെയ്ക്ക് മുന്നേ പെര്‍ഫെക്ട് ഓകെ കായികലോകത്തിന് സമ്മാനിച്ചതാരം. ജിംനാസ്റ്റിക്സില്‍ വളരെ അപൂര്‍വം സംഭവിക്കുന്ന പെര്‍ഫെക്ട് ടെൻ ആദ്യം കൈവരിച്ച താരം. 1976ലെ മോണ്‍ട്രിയല്‍ ഒളിംപിക്സില്‍ പെര്‍ഫെക്ട് ടെന്നും മൂന്ന് സ്വര്‍ണമെഡലും നേടി റുമാനിയയില്‍ നിന്നുള്ള പതിനാലുവയസുകാരി കായികലോകത്തെ പ്രകമ്പനം കൊള്ളിച്ചു. ആ നേട്ടത്തിന്റെ 45ാംവര്‍ഷം നദിയ കൊമനേച്ചി ആഘോഷിച്ചത് എങ്ങനെയെന്ന് നോക്കൂ..

പെര്‍ഫെക്ട് ടെന്നിന്റെ 45ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്ക് 1976ലെ മോണ്‍ട്രിയല്‍ ഒളിംപിക്സ്  ജിഎംസി  പിക്കപ് ട്രക്ക് സ്വന്തമാക്കിയശേഷമായിരുന്നു നദിയയുടെ ഈ പ്രകടനം. 59ാം വയസിലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നു താരം. 1976 ജൂലെ പതിനെട്ടിനാണ് കായികലോകത്തെ അമ്പരപ്പിച്ച പെര്‍ഫെക്ട് ടെന്‍ നദിയ കാഴ്ചവച്ചത്. ജിംനാസ്റ്റിക്സിനെ ജനകീയമാക്കിയതും ഈയൊരു പ്രകടനമായിരുന്നു. 

ടോക്കിയോ ഒളിംപിക്സിന് ദീപം തെളിയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ നദിയ കൊമനേച്ചിയുടെ റെക്കോര്‍ഡ് പ്രകടനം തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു. ഒപ്പം ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പത്തു പ്രകടനങ്ങളില്‍ നദിയ കൊമനേച്ചിയുടെ പെര്‍ഫെക്ട് ടെന്നും ഉള്‍പ്പെടുന്നു. കുഞ്ഞുനാളില്‍ വീടിനുള്ളില്‍ തലകുത്തിമറിഞ്ഞും മരംകയറിയും നടന്ന പെണ്‍കുട്ടിയെ ജിംനാസ്റ്റിക്സ് ക്ലബ്ബിലെ ബെല കരോളിയാണ് ജിംനാസ്റ്റിക്സിലെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. ആറാം വയസില്‍ പരിശീലനം തുടങ്ങിയ നദിയ ആദ്യം മല്‍സരിച്ചത് ദേശീയ ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലാണ് അന്ന് പതിമൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തൊട്ടടുത്ത വര്‍ഷം ചാംപ്യനായി വന്‍തിരിച്ചുവരവ് നടത്തിയ കുഞ്ഞുനദിയ ദിവസം ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ പരിശീലനം നടത്തി. 1976ലെ പെര്‍ഫെക്ട് ടെന്നും സ്വര്‍ണമെഡലും ഒന്നും നദിയ കൊമനേച്ചിയുടെ മുഖത്ത് ആഹ്ലാദം വിരിയിച്ചില്ല. 

ഗൗരവക്കാരിയായി കാണപ്പെട്ടു. ഇതേക്കുറിച്ച് പില്‍ക്കാലത്ത് നദിയയോട് ചോദിച്ചപ്പോള്‍ അവര്‍ പറ‍ഞ്ഞത്, കുട്ടിക്കാലത്ത് ഞാന്‍ മാളുകളിലും പാര്‍ക്കുകളിലും കറങ്ങി നടന്നിരുന്നുവെങ്കില്‍ നിങ്ങള്‍ എന്നോട് ഈ ചോദ്യംചോദിക്കുമായിരുന്നില്ല എന്നാണ്. സ്വപ്നങ്ങള്‍ നേടിയെടുക്കാനവുന്നതിലായിരുന്നു ശ്രദ്ധയെന്നും അവര്‍ പറയുന്നു.  ഇന്ന് ഞാന്‍ നല്ല ജീവിതം നയിക്കുന്നത് അന്ന് ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റുമാനിയക്കാരിയായ നദിയ ഇപ്പോള്‍ അമേരിക്കയിലാണ് താമസം. അവിടെ ജിംനാസ്റ്റിക്സ് അക്കാദമിയും നടത്തുന്നു. അമേരിക്കയുടെ മുന്‍ ജിംനാസ്റ്റിക്സ് കാരം ബാര്‍ട്ട് കോര്‍ണര്‍ ആണ് ജീവിത പങ്കാളി. ജിംനാസ്റ്റിക്സ് ഉപകരണങ്ങളുടെ കമ്പനിയും നടത്തുന്ന നദിയ രാജ്യാന്തര ജിനാസ്റ്റിക്സ് ഫെഡറേഷനില്‍ ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളില്‍ അംഗമാണ്. ഇപ്പോള്‍ ടോക്കോയയില്‍ ഒഫീഷലായി എത്തിയിരിക്കുന്ന നദിയ പറയുന്നു മനസും ധൈര്യവും ഉണ്ടെങ്കില്‍ ഏത് രാജ്യത്തെ താരത്തിനും ജിംനാസ്റ്റിക്സില്‍ ഒളിംപിക്സ് മെഡല്‍ നേടാന്‍ ആകുമെന്ന്.

MORE IN SPORTS
SHOW MORE
Loading...
Loading...