ഇതാവണം പരിശീലകന്‍; മന്‍സീനിയുടെ ആ നിര്‍ബന്ധം; അവസരമൊരുക്കുന്ന ‘തല’

mancini-italy
SHARE

ഫുട്ബോള്‍ പരിശീലകന്‍ എന്നാല്‍ തന്ത്രങ്ങളുടെ ആശാന്‍ മാത്രമല്ല, ഒരു സംഘത്തിന്റെ തലവനും, എല്ലാ കളിക്കാരെയും കേള്‍ക്കുന്നവനും, എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്നവനും ആകണം. ഇതെല്ലാം തികഞ്ഞതാണ് ഇറ്റലിയുടെ പരിശീലകന്‍ റോബര്‍ട്ടോ മന്‍സീനി. തനിക്ക് ലഭിക്കാതെ പോയത് തന്റെ കളിക്കാര്‍ക്ക് സംഭവിക്കരുതെന്ന് നിര്‍ബന്ധമുള്ള പരിശീലകന്‍.

എന്താണ് മന്‍സീനിക്ക് സംഭവിച്ചത്, എന്താണ് മന്‍സീനിയുടെ നിര്‍ബന്ധം

ഇറ്റലിയുടെ മുന്‍ കളിക്കാരന്‍ ആണ് റോബര്‍ട്ടോ മന്‍സീനി. 1990ലെ ലോകകപ്പ് ടീമില്‍ മന്‍സീനിയും ഉണ്ടായിരുന്നു. എന്നാല്‍ ഒരുമല്‍സരത്തില്‍പോലും മന്‍സീനിക്ക് കളിക്കാന്‍ അവസരം ലഭിച്ചില്ല. ആ സങ്കടം മന്‍സീനിയുടെ ഹൃദയത്തില്‍ വേദനയായി തുടരുന്നു. അതുകൊണ്ടാണ് അദ്ദേഹം യൂറോ കപ്പില്‍ ഇറ്റലി ടീമിലെ 26കളിക്കാരില്‍ 25പേര്‍ക്കും കളിക്കാന്‍ അവസരം നല്‍കി. പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയശേഷം വെയ്‌ല്‍സിനെതിരെ ഇറങ്ങിയ ഇറ്റലിയുടെ ടീമില്‍ എട്ടുമാറ്റങ്ങള്‍ ഉണ്ടായിരുന്നു. ഒന്നാം ഗോള്‍ കീപ്പര്‍ ഡൊണറൂമയെ 89ാം മിനിറ്റില്‍ മാറ്റി സിരിഗൂവിനെ ഇറക്കിയതോടെയാണ് 26കളിക്കാരില്‍ 25പേരും കളിച്ച നേട്ടം കൈവരിച്ചത്. മൂന്നാം ഗോള്‍ കീപ്പര്‍ അലക്സ് മെര്‍ട്ടിന് മാത്രമാണ് അവസരം ലഭിക്കാതെ പോയത്. വെയ്‌ല്‍സിനെതിരെ ഗോള്‍ നേടിയ മറ്റിയോ പെസിനയും പകരക്കാരന്‍ ആയി എത്തി ഗോളടിച്ചതാണ്. 

റോബര്‍ട്ടോ മന്‍സീനി

ഇറ്റലിയുടെ ഫുട്ബോള്‍ ടീമിന് അപരാജിത കുതിപ്പിന് തുടക്കമിട്ട റോബര്‍ട്ടോ മന്‍സീനി തുടങ്ങിയത് ഒന്നുമില്ലായ്മയില്‍ നിന്നാണ്. 2018ലെ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടാന്‍പോലും സാധിക്കാതെ നിന്ന മുന്‍ ചാംപ്യന്മാരായ അസൂറിപ്പടയെ ഉടച്ചുവാര്‍ക്കുകയാണ് ആദ്യംചെയ്തത്. പരിചയസമ്പന്നരെ ചിലരെ നിര്‍ത്തിയതിനൊപ്പം ഇറ്റാലിയന്‍ ലീഗില്‍ പോലും കളിക്കാത്ത ചില യുവതാരങ്ങളെ ദേശീയ ടീമിലേക്ക് വിളിച്ച് റോബര്‍ട്ടോ മന്‍സീനി ഇറ്റാലിയന്‍ കുതിപ്പിന് തുടക്കമിട്ടു. മന്‍സീനിയുടെ പ്രധാന ടൂര്‍ണമെന്റ്  യൂറോകപ്പാണ്. തോല്‍വി അറിയാതെ 27മല്‍സരങ്ങള്‍ പിന്നിട്ട് യൂറോ കപ്പിലെത്തിയ ഇറ്റലി ഗ്രൂപ്പിലെ മൂന്നു കളികളും ജയിച്ചു. അതും ഒന്നില്‍ പോലും തോല്‍ക്കാതെ. പരിശീലിപ്പിച്ച ക്ലബ്ബുകള്‍ക്ക് കിരീടം സമ്മാനിച്ചാണ് മന്‍സീനി മടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ യൂറോകപ്പില്‍ മന്‍സീനി ഇറ്റലിക്ക് കപ്പ് നേടിക്കൊടുമെന്നാണ് ആരാധകരുടെ വിശ്വാസം. 

അസൂറിപ്പടയുടെ അപരാജിത കുതിപ്പ്

1935–39കാലഘട്ടത്തില്‍ ഇറ്റലി നേടിയ 30 മല്‍സരങ്ങളിലെ അപരാജിത കുതിപ്പാണ് 82വര്‍ഷത്തിന് ശേഷം റോബര്‍ട്ടോ മന്‍സീനിയും കൂട്ടരും ഒപ്പമെത്തിപ്പിടിച്ചത്. 1935 ല്‍ വിക്ടോറിയ പോസോക്ക് കീഴില്‍ കളിച്ച ഇറ്റലി ഒരു ലോകകപ്പും ഒളിംപിക് സ്വര്‍ണവും അപരാജിത കുതിപ്പില്‍ നേടിയിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കാന്‍ റോബര്‍ട്ടോ മന്‍സീനിക്ക് സാധിക്കുമോ എന്നാണ് ഫുട്ബോള്‍ ലോകം നോക്കുന്നത്. 

ഗ്രൂപ്പില്‍ അടിച്ചത് ഏഴ് ഗോള്‍

യൂറോകപ്പില്‍ ഗ്രൂപ്പിലെ ആദ്യമല്‍സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ ഇന്‍സിന്യയും ഇമ്മൊബിലെയും ഗോള്‍ നേടി. മറ്റൊരുഗോള്‍ തുര്‍ക്കിയുടെ സെല്‍ഫ് ഗോളായിരുന്നു. രണ്ടാം മല്‍സരത്തില്‍ ലോക്കട്ടെല്ലിയുടെ ഇരട്ടഗോളും ഇമ്മൊബിലെയുടെ ഗോളും മൂന്നാം മല്‍സരത്തില്‍ മറ്റിയോ പെസിനയും ഗോള്‍ നേടി. അസൂറിപ്പടയെന്നാല്‍ പ്രതിരോധം ആണെന്ന ചിന്ത മാറ്റിയെടുത്ത റോബര്‍ട്ടോ മന്‍സീനിയുടെ മിടുക്കാണ് ഈ ഗോളുകള്‍.

MORE IN SPORTS
SHOW MORE
Loading...
Loading...