പ്രതിഭാധാരാളിത്തത്തില്‍ ഇംഗ്ലണ്ട്; ഈ മൂന്നുതാരങ്ങളെ ശ്രദ്ധിക്കുക

england-players
SHARE

ഒരു പരുക്കൻ ഡിഫൻഡർക്കു മുന്നിൽ ഇപ്പോ തീർന്നുപോകും എന്നു തോന്നിക്കുന്ന ശരീരപ്രകൃതിയുള്ള ഫിൽ ഫോഡന്‍, ഒരേസമയം കുസൃതിക്കാരനെയും ഉഴപ്പനെയും ഓര്‍മിപ്പിക്കുന്ന ജേഡന്‍ സാഞ്ചോ, കൗമാരം വിട്ടുമാറാത്ത ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന് പ്രതിഭകള്‍ ധാരാളം. യുറോകപ്പില്‍ രണ്ടാംമല്‍സരത്തിന് ഇറങ്ങുമ്പോള്‍ പരിശീലകന്‍ സൗത്ത്ഗേറ്റ് ഈ മൂന്നുപേരെയും പ്ലയിങ്ങ് ഇലവനില്‍ തുടക്കം മുതല്‍ ഇറക്കുമോ എന്നാണ് അറിയേണ്ടത്. ക്രൊയേഷ്യയ്ക്കെതിരായ ആദ്യമല്‍സരം ജയിച്ചെങ്കിലും കളത്തിലെ പ്രകടനം ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല.

ഫില്‍ ഫോഡന്‍

ഇംഗ്ലണ്ട് ടീമിലെ ലാറ്റിനമേരിക്കൻ മികവുള്ള കളിക്കാരൻ എന്നാണ് മുൻ ഇംഗ്ലണ്ട് മാനേജർ ഗ്ലെൻ ഹോഡില്‍ ഫില്‍ ഫോഡനെ വിശേഷിപ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന ഫില്‍ ഫോഡന്‍ ഈ സീസണില്‍ 28 മല്‍സരങ്ങളില്‍ നിന്ന് 9 ഗോള്‍ നേടി. ഇംഗ്ലണ്ടിനായി ഇതുവരെ ഏഴ് മല്‍സരങ്ങളില്‍ ഇറങ്ങിയ ഈ ഇരുപതുകാരന്‍ രണ്ടു ഗോളും നേടിയിട്ടുണ്ട്. സ്പാനിഷ് താരം ആന്ദ്രെ ഇനിയെസ്റ്ററയെ അനുസ്മരിപ്പിക്കുന്നതാണ് കളത്തില്‍ ഫില്‍ ഫോഡന്റെ പ്രകടനം. കളത്തില്‍ എവിടെയും പ്രതീക്ഷിക്കാവുന്ന താരം. ഇടതുവിങ്ങിലും വലതുവിങ്ങിലും മധ്യഭാഗത്തും ഓടിയെത്തുന്ന ഫോഡന് നല്ല ഫിനിഷിങ് മികവും പാസുകള്‍ നല്‍കാനുള്ള കഴിവുമുണ്ട്. വേഗത്തില്‍ കുതിക്കുന്ന ഫോഡന്‍ വെട്ടിയൊഴിയുന്നതിലും പന്ത് കൈവശം വയ്ക്കുന്നതിലും മിടുക്കു കാട്ടുന്നു. 

ജേഡന്‍ സാഞ്ചോ

നൈസര്‍ഗിക ഫുട്ബോള്‍ താരമാണ് ജ‌േഡന്‍ സാഞ്ചോ. എന്നാല്‍ അല്‍പം കുസൃതിയും ഉഴപ്പും ഈ 21കാരനുണ്ട്. പരിശീലനത്തിന് വൈകിയെത്തുക, ഉറങ്ങിപ്പോയെന്ന് മറുപടി പറയുക അങ്ങനെ പലതും ബൊറൂസിയ ഡോര്‍‌ട്ട്മുണ്ടിന്റെ താരത്തിന് കുറവായുണ്ട്. അച്ചടക്കം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കളിക്കളത്തില്‍ ആളു പുലിയാണ്. ശാരിരിക്ഷമതയും കരുത്തുമുള്ള സാഞ്ചോ കളത്തില്‍ എവിടെയും പ്രത്യക്ഷപ്പെടും. സൂത്രശാലിയായ സാഞ്ചോ കീ പാസുകള്‍ നല്‍കുന്നതിലും കളി ആസൂത്രണം ചെയ്യുന്നതിലും മികവ് കാട്ടുന്നു. ഫ്രാങ്ക് ലംപാര്‍ഡും റൊണാള്‍ഡീഞ്ഞോയുമാണ് ഇംഗ്ലണ്ടിനായി 19 മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ഗോള്‍ നേടിയ സാഞ്ചോയുടെ മാതൃകാ ഫുട്ബോള്‍ താരങ്ങള്‍. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി ഈ സീസണില്‍ എട്ടുഗോള്‍ നേടി.

ജൂ‍ഡ് ബെല്ലിങ്ങാം

ഇംഗ്ലണ്ട് ടീമിലെ കുഞ്ഞന്‍, 17വയസ് , യൂറോകപ്പിൽ കളിക്കുന്ന പ്രായംകുറഞ്ഞതാരമാണ്. അതീവ ശ്രദ്ധയോടെ കളിക്കുന്ന ബെല്ലിങ്ങാം ക്രോസുകള്‍ നല്‍കുന്നതിലും വെട്ടിയൊഴിയുന്നതിലും മിടുക്കുകാട്ടുന്നു. സാങ്കേതിത്തികവുള്ള ബെല്ലാങ്ങാമിന് മികച്ച ടൈമിങ്ങുമുണ്ട്. ഇംഗ്ലണ്ടിനായി ഇതുവരെ അഞ്ചുമല്‍സരം കളിച്ച ബെല്ലിങ്ങാം ഏതുടീമും കൊതിക്കുന്ന മധ്യനിരതാരമാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...