ബ്ലാസ്റ്റേഴ്സിന്‍റെ ഹോട്ട് സീറ്റിൽ ഇനി വുകോമനോവിച്ച്: പുതുപ്രതീക്ഷ

blasters-new
SHARE

കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ഇവാൻ വുകോമനോവിച്ച്. ഏഴു വർഷത്തിനിടെ ടീമിൻറെ പന്ത്രണ്ടാമത്തെ പരിശീലകൻ. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം പരിശീലകരെ മാറി മാറി പരീക്ഷിച്ച മറ്റൊരു ടീമുണ്ടാകില്ല ഇന്ത്യൻ ഫുട്ബോളിൽ. മികച്ച പ്രകടനം കാഴ്ച വച്ച സ്റ്റീവ് കോപ്പലിന് പോലും ബ്ലാസ്റ്റേഴ്സിൻറെ പരിശീലകക്കുപ്പായത്തിൽ രണ്ടാമതൊരു ഊഴം കിട്ടിയിട്ടില്ല. പരിശീലകർക്ക് ഇരിപ്പുറയ്ക്കാത്ത ബ്ലാസ്റ്റേഴ്സിൻറെ ഹോട്ട് സീറ്റിലേക്കാണ് വുകോമനോവിച്ചിന്‍റെ വരവ്. 

ആരാണ് ഇവാൻ വുകോമനോവിച്ച്?

ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കും വരെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ വുകോമനോവിച്ചിനെ കുറിച്ച് ഒന്നും തന്നെ കേട്ടിട്ടുണ്ടാകില്ല. സെർബയിയിൽ നിന്നാണ് വരവ്. ഫുട്ബോളിലെ യുവതലമുറ പരിശീലകരുടെ പ്രതിനിധിയെന്ന് പറയാം  വുകോമനോവിച്ചിനെ. പ്രായം 43. പരിശീലനരംഗത്ത് ഏഴ് വർത്തെ അനുഭവസമ്പത്ത് മാത്രമാണ് വുകോമനോവിച്ചിനുള്ളത്. ഇത് വരെ പരിശീലിപ്പിച്ചത് മൂന്നു ടീമുകളെ മാത്രം.

ബൽജിയം, സ്ലോവാക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷൻ ലീഗുകളുടെ അനുഭവ സമ്പത്തുമായാണ് വുകോമനോവിച്ച് കൊച്ചിയിലേക്ക് വരുന്നത്. 2013-14ൽ ബൽജിയൻ ക്ലബ്ബ് സ്റ്റാൻഡേർഡ് ലിജിൻറെ സഹപരിശീലകനായാണ് വുകോമനോവിച്ച് കോച്ചിങ് കരിയർ തുടങ്ങുന്നത്. ടീമിൻറെ മോശം പ്രകടനത്തിൻറെ പേരിൽ ലീജ് ഹെഡ് കോച്ചിനെ പുറത്താക്കി, വുകോമനോവിച്ച് മുഖ്യപരിശീലകനായി. അദ്ദേഹത്തിൻറെ കീഴിൽ ടീം രണ്ട് തവണ യുവേഫ യുറോപ്പ ലീഗിൻറെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യതനേടി. സ്റ്റാൻഡേർഡ് ലീജിൽ നിന്ന് ഒഴിവാക്കപ്പെട്ട അദ്ദേഹം പിന്നീട് സ്ലൊവാക്യയിലെ എസ്കെ സ്ലോവൻ ബ്രാറ്റിസ്ലാവയെയും പരിശീലിപ്പിച്ചു. ടീമിന് സ്ലോവാക്യൻ നാഷനൽ കപ്പും നേടിക്കൊടുത്തു. സൈപ്രസ് ഫസ്റ്റ് ഡിവിഷനിൽ അപ്പോളോ ലിമോണിനെ നാലു കളികളിലും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഫാകുണ്ടോ പെരേര അപ്പോളോ ലിമോണിൽ ഇദ്ദേഹത്തിന് കീഴിൽ കളിച്ചിട്ടുമുണ്ട്. 

പതിനഞ്ച് വർഷത്തോളം യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകൾക്കും വേണ്ടി കളിച്ച അനുഭവസമ്പത്തുമുണ്ട് വുകോമനോവിച്ചിന്. എഫ്സി ബോർദോ, എഫ്സി കൊളോൺ, റോയൽ ആൻറ് വെർപ്പ്, ഡൈനാമോ മോസ്കോ, റെഡ് സ്റ്റാർ ബൽഗ്രേഡ് തുടങ്ങിയ ടീമുകളിലെല്ലാം വുകോമനോവിച്ച് കളിച്ചിട്ടുണ്ട്. ഡിഫൻഡറായും ഡിഫൻസീവ് മിഡ് ഫീൽഡറായും ഒരുപോലെ തിളങ്ങിയിട്ടുള്ള താരമാണ് അദ്ദേഹം. പരമ്പരാഗത 4-4-2 ശൈലിയിലാണ് വുകോമനോവിച്ച് കൂടുതലായും ടീമുകളെ ഇറക്കുന്നത്. പ്രതിരോധത്തിൽ ഊന്നി കളിമെനയാൻ ഇഷ്ടപ്പെടുന്ന പരിശീലകൻ. പരമാവധി താരങ്ങൾക്ക് അവസരം നൽകുന്ന പരിശീലകൻ കൂടിയാണ് ഇദ്ദേഹം. 

മുൻ സീസണുകളിലെ ബ്ലാസ്റ്റേഴ്സ് പരിശീലകരും വുകോമനോവിച്ചും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്. പ്രതീക്ഷയുടെ വലിയ ഭാണ്ഡവും പേറിയാണ് കഴിഞ്ഞ സീസണുകളിൽ ഓരോ പരിശീലകനും ബ്ലാസ്റ്റേഴ്സിലേക്ക് വന്നത്. പരിശീലിപ്പിച്ച ടീമുകളുടെ പെരുമയും പോയ സീസണുകളിലെ വിജയക്കണക്കുകളും അവർക്ക് പറയാനുണ്ടായിരുന്നു. എന്നാൽ അങ്ങനെ വലിയ അവകാശവാദങ്ങളില്ല എന്നതാണ് വുകോമനോവിച്ചിനെ വ്യത്യസ്തനാക്കുന്നത്. പ്രതീക്ഷകളുടെ ഭാരവും ചുമന്നല്ല വുകോമനോവിച്ച് വരുന്നത്. ഇതുവരെ വന്ന ഹൈപ്രൊഫൈൽ കോച്ചുമാരെ പോലെ അല്ല ഈ സെർബിയക്കാരൻ. പ്രതീക്ഷകളുടെ അമിത ഭാരമില്ലായ്മ തന്നെയാണ് അദ്ദേഹത്തിനുള്ള പ്രധാന അനുകൂലഘടകം. അദ്ദേഹത്തിൻറെ പരിശീലന കരിയറിലെ നാലാമത്തെ ക്ലബ്ബ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ്, പക്ഷേ പരിശീലിപ്പിച്ച മൂന്നിൽ രണ്ട് ക്ലബ്ബുകളിൽ  മികച്ച നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അപ്പോൾ തന്നെ കഴിഞ്ഞ നാലു കൊല്ലത്തിനിടയ്ക് നാലു കൊല്ലത്തിനിടയ്ക്ക് നാലു മൽസരങ്ങളിൽ മാത്രമാണ് അദ്ദേഹം ടീമിനെ പരിശീലിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് കൊല്ലമായി ഒരു ടീമിനെ പോലും പരിശീലിപ്പിക്കുന്നില്ല.

അമിത പ്രതീക്ഷകളൊന്നും ഇത്തവണ ബ്ലാസ്റ്റേഴ്സിനില്ല. പക്ഷേ കഴിഞ്ഞ നാലു സീസണുകളിലെ പ്രകടനത്തേക്കാൾ കൂടുതൽ മോശമായതൊന്നും സംഭവിക്കാനില്ലെന്നതാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള യാഥാർഥ്യം. കലിപ്പും കടവും ഓരോ സീസണിലും പെരുകി വരുന്നു. മുൻവർഷത്തെ മോശം അവസ്ഥയിൽ നിന്ന് മുന്നോട്ട് പോയാൽ പോലും ബ്ലാസ്റ്റേഴ്സിന് അത് നേട്ടമാണ്. അതുകൊണ്ട് തന്നെ വുകോമനോവിച്ചിന് ക്ലീൻ സ്ലേറ്റിൽ എഴുതി തുടങ്ങാം. പ്രതീക്ഷകളുടെ ഭാരം തെല്ലുമില്ലാതെ.

MORE IN SPORTS
SHOW MORE
Loading...
Loading...