ബീയര്‍ കുപ്പി മാറ്റി പോഗ്ബ; റൊണാൾഡോ വഴിയേ പോഗ്ബ; നിലപാടിന് ‌കയ്യടി

ronaldo-cola-new-beer
SHARE

കോക്ക കോളയുടെ കുപ്പി മാറ്റി കുടിവെള്ള കുപ്പി മുന്നില്‍ വച്ച് പച്ചവെള്ളം കുടിക്കൂ എന്ന് പറഞ്ഞ ക്രിസ്ത്യാനോ റൊണാള്‍ഡോയായിരുന്നു ഇന്നലെ താരമായത്. നിലപാട് വ്യക്തമാക്കിയ റൊണാള്‍ഡോയെ ആരാധകര്‍ വാഴ്ത്തിപ്പാടി. റൊണാള്‍‍ഡോയുടെ നിലപാട് പോലെ തന്നെയാണ് പോള്‍ പോഗ്ബയും തന്റെ നിലപാട് അറിയിച്ചത്. 

ജര്‍മനിയെ തോല്‍പിച്ച് കളിയിലെ താരമായി വാര്‍ത്താസമ്മേളനത്തിന് എത്തിയ പോള്‍ പോഗ്ബ  മുന്നിലിരുന്ന ലഹരിപാനീയ കുപ്പി എടുത്തുമാറ്റി. യുറോ കപ്പ് സ്പോണ്‍സര്‍മാരായ ഡച്ച് ലഹരിപാനീയ കമ്പനിയുടെ ഹെയ്ന്‍കെന്‍ ബീയര്‍ കുപ്പിയാണ് പോഗ്ബ മാറ്റിയത്. തന്റെ വിശ്വാസങ്ങള്‍ക്ക് എതിരായതിനാല്‍ ആണ് ഇത് എടുത്ത് മാറ്റിവയ്ക്കുന്നതെന്ന് പോഗ്ബ പറഞ്ഞു. വാര്‍ത്താസമ്മേളന വേദിയിലെ മേശയില്‍ ഇരുന്ന കുപ്പിയാണ് പോഗ്ബ മാറ്റിയത്. 

മദ്യം കഴിക്കാറില്ലെന്ന് താരം പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. റൊണാള്‍ഡോയുടെ നിലപാടില്‍ കോക്ക കോളയ്ക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. ഓഹരിയില്‍ വന്‍ ഇടിവുണ്ടായി. പോഗ്ബയുടെ നിലപാടില്‍ ഹെയ്ന്‍കെന് എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് അറിയേണ്ടതാണ്. 

കഴിഞ്ഞ രാത്രിയിലെ താരം

ജര്‍മനിക്കെതിരായ മല്‍സരത്തില്‍ പോള്‍ പോഗ്ബയായിരുന്നു കളി നിയന്ത്രിച്ചത്. അപ്രതീക്ഷിത സ്ഥലങ്ങളിലേക്ക് പാസുകള്‍ നല്‍കിയും ചിലപ്പോള്‍ വേഗത്തിലുള്ള നീക്കങ്ങള്‍ക്ക് സ്വയം തടയിട്ടും എതിരാളിയെ മൈതാനമധ്യത്ത് വെള്ളം കുടുപ്പിക്കുന്നതാണ് ജര്‍മനിക്കെതിരായ മല്‍സരത്തില്‍ കണ്ടത്. കളിയുടെ ആദ്യ 45 മിനിറ്റില്‍ കളം നിറയെ പോഗ്ബയായിരുന്നു. ഒടുവില്‍ പോഗ്ബയിലേക്കുള്ള പാസുകളുടെ ഉറവിടം ഇല്ലാതാക്കാനും പോഗ്ബയെ പൂട്ടാനും ജര്‍മനിക്ക് രണ്ടുപേരെ നിയോഗിക്കേണ്ടിവന്നു. സഹികെട്ട് ജര്‍മനിയുടെ പ്രതിരോധ താരം റൂഡിഗര്‍ പോഗ്ബയുടെ പുറത്ത് കടിക്കാനുള്ള ശ്രമം നടത്തി. പോഗ്ബ റഫറിയോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. 

റൂഡിഗറോട് പൊറുത്ത് പോഗ്ബ

മല്‍സരശേഷം റൂഡിഗറും പോഗ്ബയും കെട്ടിപ്പിടിച്ച് ഏറെ സമയം സംസാരിച്ചശേഷമാണ് മൈതാനം വിട്ടത്. മൈതാനത്ത് സംഭവിച്ചത് അവിടെത്തന്നെ കളഞ്ഞ് അവര്‍ മടങ്ങി. വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പോഗ്ബ പറ‍​ഞ്ഞു. തങ്ങള്‍ നാളുകളായി അടുത്ത് അറിയുന്നവരും സുഹൃത്തുക്കളുമാണ്, കൂടുതല്‍ ഒന്നും അക്കാര്യത്തില്‍ പറയാനില്ലെന്നും പറഞ്ഞു. അങ്ങ‌നെ കളി മികവിലും നിലപാടിലും പോഗ്ബ ആരാധകരുടെ മനം നിറച്ചിരിക്കുകയാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...