ബല്‍ജിയത്തെ കരുതിയിരിക്കുക; സുവര്‍ണതലമുറ ചരിത്രം തിരുത്തുമോ?

belgium-11
SHARE

പ്രധാന രാജ്യാന്തര ടൂര്‍ണമെന്റുകളിലൊന്നും കപ്പ് നേടിയിട്ടില്ല എന്ന ചരിത്രം തിരുത്താന്‍ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയ്ക്ക് കഴിയുമോ? കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനോട് ഒരുഗോളിനു കീഴടങ്ങിയ ബെല്‍ജിയത്തിന് യൂറോ കപ്പ് വിജയത്തിലൂടെ പകരംവീട്ടാന്‍ കഴിയുമോ? യൂറോയിലെ ആദ്യമല്‍സരത്തില്‍ റഷ്യയെ എതിരില്ലാത്ത മൂന്നുഗോളിനു തകര്‍ത്തപ്പോള്‍ ബെല്‍ജിയം ആരാധകരും ഫുട്ബോള്‍ ലോകവും ഉറ്റുനോക്കുന്നത് അതാണ്.    

യൂറോ കപ്പില്‍ മികച്ച തുടക്കം

ഫിഫ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനക്കാരായി യൂറോ കപ്പിനെത്തിയ ബെല്‍ജിയം പ്രതീക്ഷിക്കപ്പെട്ടപോലെ മികച്ച പ്രകടനമാണ് റഷ്യക്കെതിരെ പുറത്തെടുത്തത്. റഷ്യയെ അവരുടെ നാട്ടില്‍ തകര്‍ത്ത് കിരീടപ്പോരാട്ടത്തില്‍ മുന്നില്‍ത്തന്നെയുണ്ടെന്ന് ബെല്‍ജിയം വ്യക്തമാക്കുന്നു. സൂപ്പര്‍ താരം കെവിന്‍ ഡിബ്രൂയ്നെയുടെ അഭാവത്തിലാണ് ബെല്‍ജിയത്തിന്റെ മിന്നുന്ന വിജയം എന്നത് ടീമിന്റെ കരുത്തിന് തെളിവ്. മറ്റൊരു സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ് അവസാന ഇരുപത് മിനിറ്റില്‍ മാത്രമാണ് കളത്തിലിറങ്ങിയത്. ഇരട്ടഗോള്‍ നേടി ലുക്കാക്കു താന്‍ മിന്നും ഫോമിലാണെന്ന് തെളിയിച്ചുകഴിഞ്ഞു. ഡിബ്രൂയ്നെയും ഹസാര്‍ഡും ലുക്കാക്കുവും ചേരുമ്പോള്‍ എത്ര ഉറച്ച പ്രതിരോധക്കോട്ടകളും വിറയ്ക്കും എന്നുറപ്പ്.

belgium-03

ആക്രമണം കരുത്ത്

ലുക്കാക്കുവും ഹസാര്‍ഡും നേതൃത്വം നല്‍കുന്ന മുന്നേറ്റനിര തന്നെയാണ് ബെല്‍ജിയത്തിന്റെ കരുത്ത്. പ്ലേമേക്കറുടെ റോളില്‍ കെവിന്‍ ഡിബ്രൂയ്നെ കൂടി എത്തിയാല്‍ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തും. പന്തിലേക്ക് ചീറ്റപ്പുലിപോലെ ഓടിയടുക്കുന്ന ലുക്കാക്കുവിനെ പിടിച്ചുകെട്ടാന്‍ എതിര്‍പ്രതിരോധം വിയര്‍ക്കും. റഷ്യയ്ക്കെതിരെ നേടിയ രണ്ടാം ഗോള്‍ ലുക്കാക്കുവിന്റെ വേഗത്തിന്റെ കൂടി ഫലമാണ്. എഴുപത്തിരണ്ടാം  മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ ഏദന്‍ ഹസാര്‍ഡും അതിവേഗ നീക്കങ്ങളുമായി റഷ്യന്‍ പ്രതിരോധനിരയെ വിറപ്പിച്ചു. 

പ്രതിരോധത്തില്‍ പാളിച്ചയുണ്ടോ?

ഗോള്‍ അടിക്കാന്‍ മിടുക്കു കാട്ടുന്ന ബെല്‍ജിയം പക്ഷേ ഗോള്‍ വഴങ്ങുന്നതില്‍ പിശുക്കുകാട്ടാറില്ല. ബെല്‍ജിയത്തിന്റെ പ്രതിരോധനിരയില്‍ ചെറിയ പോരായ്മകള്‍ ഇപ്പോഴുമുണ്ടെന്ന് ആരാധകര്‍ കരുതുന്നു. റഷ്യയ്ക്കെതിരായ മല്‍സരത്തില്‍ ബെല്‍ജിയം പ്രതിരോധം കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. രണ്ടാംപകുതിയുടെ തുടക്കത്തില്‍ റഷ്യ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പ്രതിരോധനിര കുലുങ്ങിയപ്പോള്‍ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോ രക്ഷയ്ക്കെത്തി. പ്രതിരോധനിരയുടെ താളം തെറ്റുമ്പോഴെല്ലാം  റയല്‍മഡ്രിഡിന്റെ ഗോള്‍വല കാക്കുന്ന കോര്‍ട്ടോയുടെ പരിചയസമ്പത്ത് ബെല്‍ജിയത്തിന് തുണയാകാറുണ്ട്. എന്നാല്‍ കരുത്തരായ എതിരാളികള്‍ വരുമ്പോള്‍ ഗോള്‍കീപ്പറുടെ മികവുകൊണ്ടുമാത്രം പിടിച്ചുനില്‍ക്കാനാവില്ല. 

belgium-12

ബെല്‍ജിയത്തിന്റെ സ്വപ്നങ്ങള്‍

2018 ഒക്ടോബര്‍ മുതല്‍ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ബെല്‍ജിയം. കഴിഞ്ഞതവണ ലോകകപ്പില്‍ പൊരുതിവീണതിന്റെ ആഘാതം യൂറോകപ്പെങ്കിലും നേടി  മറികടക്കണം. ഇതുവരെ പ്രധാന കിരീടങ്ങളൊന്നും നേടിയിട്ടില്ലെന്ന ചീത്തപ്പേര് മാറ്റണം. ആരാധകരോടും സ്വന്തം പ്രതിഭയോടും താരങ്ങള്‍ക്ക് നീതിപുലര്‍ത്തണം.  ഗ്രൂപ്പ് ബിയില്‍ നിന്ന് അനായാസം മുന്നേറാമെങ്കിലും റോബര്‍ട്ടോ മാര്‍ട്ടിനെസ് പരിശീലിപ്പിക്കുന്ന ചുവന്ന ചെകുത്താന്‍മാര്‍ക്ക് കിരീടത്തിലേക്കുള്ള വഴിയില്‍ മറികടക്കാന്‍ കടമ്പകള്‍ ഏറെയുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...