ഒരു കിരീടം പോലുമില്ലാത്ത സുവര്‍ണതലമുറ; അനായാസ മുന്നേറ്റം കണക്കുകൂട്ടി ബെല്‍ജിയം

belgium
SHARE

ഒരു കിരീടം പോലുമില്ലാത്ത സുവര്‍ണതലമുറയാണ് ബെല്‍ജിയത്തിന്റേത്. ഇത്തവണ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായാണ് ബെല്‍ജിയം യൂറോ കപ്പില്‍ മല്‍സരിക്കാനിറങ്ങുന്നത്. ഗ്രൂപ് ബിയില്‍ നിന്നുള്ള ബെല്‍ജിയത്തിന് മുന്നേറ്റം അനായാസമാകുമെന്നാണ് കണക്കുകൂട്ടല്‍ 

യോഗ്യതാറൗണ്ടില്‍ പത്തുമല്‍സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 40 ഗോളുകള്‍. വഴങ്ങിയതാകട്ടെ  മൂന്നെണ്ണം. വമ്പന്‍ ടൂര്‍ണമെന്റുകള്‍ക്ക് അനായാസം യോഗ്യതനേടിയെടുക്കുകയും കിരീടത്തോട് അടുക്കുമ്പോള്‍ കാലിടറുകയും ചെയ്യുന്നതാണ് ബെല്‍ജിയം സുവര്‍ണതലമുറയുടെ പതിവ്.  തിബോ കോര്‍ട്വ, ഈഡന്‍ ഹസാഡ്, ഡ്രീസ് മെര്‍ട്ടന്‍സ് റൊമേലു ലുക്കാക്കു.... താരസമ്പന്നമായ ടീമില്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടീനസിന്റെ തുറുപ്പുചീട്ട് കെവിന്‍ ഡി ബ്രുയിനാണ്.  റഷ്യ ലോകകപ്പില്‍ ഡിബ്രുയിനെ സ്ട്രൈക്കര്‍ പൊസിഷനില്‍ ഇറിക്കായാണ് മാര്‍ട്ടീനസ് ബ്രസീലിനെ തോല്‍പിച്ചുകളഞ്ഞത്.  ചാംപ്യന്‍സ് ലീഗിനിടെ മുഖത്ത് പരുക്കേറ്റ ഡിബ്രുയിന്‍ റഷ്യയ്ക്കെതിരായ ആദ്യമല്‍സരത്തിന് മുമ്പ് ഫിറ്റ്നസ് തെളിയിക്കുമെന്നാണ്  പ്രതീക്ഷ. മാര്‍ട്ടീനസ് പരിശീലിപ്പിച്ച ടീമുകളെല്ലാം പ്രതിരോധത്തിലേയ്ക്കെത്തുമ്പോള്‍ ദുര്‍ബലമാകുന്ന അവസ്ഥയ്ക്ക് ഇത്തവണയും മാറ്റമില്ല. അല്‍ഡര്‍വിരള്‍ഡും വെര്‍മലീനും വെര്‍ട്ടോഗനും  കൗണ്ടര്‍ അറ്റാക്കിങ് കരുത്താക്കിയ എതിരാളികള്‍ക്കെതിരെ  എങ്ങനെ പ്രതിരോധിക്കുമെന്നത് കാണേണ്ടതുണ്ട്. 19കാരന്‍ ബെല്‍ജിയം വിങ്ങര്‍ ജെറമി ഡോക്കുവാകും ഇത്തവണത്തെ യൂറോയുടെ കണ്ടെത്തലെന്നാണ് പ്രവചനങ്ങള്‍. 

MORE IN SPORTS
SHOW MORE
Loading...
Loading...