ഷൂ ഒട്ടിച്ച് മടുത്തു; വേദനയോടെ സിംബാബ്‍വെ താരത്തിന്റെ ട്വീറ്റ്; പിന്നീട്

shoe-cricket-tweet
SHARE

ഷൂ വാങ്ങാൻ പോലും പണമില്ലാത്തതിന്റെ വേദന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച സിംബാബ്‌വെ രാജ്യാന്തര താരത്തിന്റെ വേദന ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം. സിംബാബ്‌വെ ദേശീയ ടീമിൽ അംഗമായ റയാൻ ബേളാണ് ഷൂ വാങ്ങാൻ പോലും നിർവാഹമില്ലാത്ത ദൈന്യാവസ്ഥ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സംഭവം ആരാധകർ ഏറ്റെടുത്തതോടെ ഒട്ടേറെപ്പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. സിംബാബ്‌വെ ദേശീയ ടീമിൽ അംഗമായ വ്യക്തിക്കു പോലും ഷൂ വാങ്ങാൻ നിർവാഹമില്ലാതെ പോകുന്നതിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെയും (ഐസിസി) ഒട്ടേറെപ്പേരാണ് വിമർശനമുയർത്തിയത്.

അടുത്തിടെ പാക്കിസ്ഥാനെതിരെ കളിച്ച സിംബാബ്‍വെ ടീമിൽ അംഗമായിരുന്ന റയാൻ ബേൾ, ട്വിറ്ററിലൂടെയാണ് ഷൂ സ്പോൺസർ ചെയ്യാൻ ആളെ തേടിയത്. ഷൂ നന്നാക്കുന്നതിന്റെ ചിത്രം സഹിതം റയാൻ ബേൾ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെ: ‘ഓരോ പരമ്പര കഴിയുമ്പോഴും ഷൂ തുന്നിക്കൂട്ടാതിരിക്കാൻ ഞങ്ങൾക്ക് സ്പോൺസർമാരെ കിട്ടാൻ വല്ല വഴിയുമുണ്ടോ?’ – ബേൾ കുറിച്ചു.

ബേളിന്റെ ട്വീറ്റ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തതോടെ സ്പോൺസർഷിപ്പ് വാഗ്ദാനവുമായി ‘പ്യൂമ ക്രിക്കറ്റ്’ രംഗത്തെത്തി. ബേളിന്റെ ട്വീറ്റിന് ട്വിറ്ററിലൂടെത്തന്നെ മറുപടി കുറിച്ചാണ് ‘പ്യൂമ ക്രിക്കറ്റ്’ സ്പോൺസർഷിപ്പിന്റെ കാര്യം പരസ്യമാക്കിയത്. ഇതിനു പിന്നാലെ ‘പ്യൂമ ക്രിക്കറ്റി’നും സ്പോൺസർഷിപ്പ് നേടാൻ പിന്തുണച്ച ക്രിക്കറ്റ് ആരാധകർക്കും നന്ദിയറിയിച്ച് ബേളും രംഗത്തുവന്നു.

ഒരുകാലത്ത് ലോക ക്രിക്കറ്റിലെ വളരുന്ന ശക്തിയായിരുന്ന സിംബാബ്‌വെ, പിന്നീട് അഴിമതിയിൽ മുങ്ങിക്കുളിച്ച ക്രിക്കറ്റ് ഭരണം നിമിത്തം പിന്നാക്കം പോവുകയായിരുന്നു. ലോകകപ്പിൽ ഉൾപ്പെടെ അട്ടിമറി വിജയങ്ങൾ പലതു സ്വന്തമാക്കിയ സിംബാബ്‍വെ, ഇപ്പോൾ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ്. സിംബാബ്‍വെ ക്രിക്കറ്റിന്റെ വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നതാണ് അവരുടെ ദേശീയ താരം ഷൂ വാങ്ങാൻ പോലും നിർവാഹമില്ലാത്തതിന്റെ പേരിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്.

MORE IN SPORTS
SHOW MORE
Loading...
Loading...