ഗെയ്‌ക്‌വാദും ഡുപ്ലേസിയും കസറി; ഹൈദരാബാദിനെ തകർത്ത് ചെന്നൈ

ipl-csk-06
SHARE

ഓപ്പണർമാരായ ഫാഫ് ഡുപ്ലേസിയും ഋതുരാജ് ഗെയ്‌ക്‌വാദും തിളങ്ങിയ ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനാണ് ചെന്നൈ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ നേടിയത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ്. ചെന്നൈ ഒന്‍പതു പന്തുകൾ ബാക്കിനിർത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

44 പന്തിൽനിന്ന് 12 ഫോറുകളോടെ 75 റൺസെടുത്ത ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡുപ്ലേസി 38 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്തു. ഇതോടെ ആറു മത്സരങ്ങളിൽനിന്ന് അഞ്ചാം ജയവുമായി ചെന്നൈ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആറു മത്സരങ്ങളിൽനിന്ന് അഞ്ചാം തോൽവി വഴങ്ങിയ ഹൈദരാബാദ് അവസാന സ്ഥാനത്തും തുടരുന്നു.

ഓപ്പണിങ് വിക്കറ്റിൽ രണ്ടാം തവണയും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഫാഫ് ഡുപ്ലേസി – ഋതുരാജ് ഗെയ്ക്‌വാദ് സഖ്യമാണ് ചെന്നൈയുടെ വിജയശിൽപികൾ. 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്കായി ഓപ്പണിങ് വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 129 റൺസ്. വെറും 78 പന്തിൽനിന്നാണ് ഫാഫ് – ഋതുരാജ് സഖ്യം 129 റൺസ് കൂട്ടിച്ചേർത്തത്. ആദ്യം ഗെയ്ക്‌വാദും പിന്നീട് അടുത്തടുത്ത പന്തുകളിൽ മൊയീൻ അലി, ഡുപ്ലേസി എന്നിവരും റാഷിദ് ഖാനു മുന്നിൽ മുട്ടുമടക്കിയെങ്കിലും രവീന്ദ്ര ജഡേജ – സുരേഷ് റെയ്ന സഖ്യം കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ചെന്നൈയെ വിജയത്തിലെത്തിച്ചു.

മൊയീൻ അലി എട്ടു പന്തിൽ മൂന്നു ഫോറുകളോടെ 15 റൺസെടുത്തു. ജഡേജ ആറു പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസോടെയും റെയ്ന 15 പന്തിൽ മൂന്നു ഫോറുകള്‍ സഹിതം 17 റൺസോടെയും പുറത്താകാതെ നിന്നു. ഹൈദരാബാദ് ബോളർമാരിൽ തിളങ്ങിയത് നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത റാഷിദ് ഖാൻ മാത്രം.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. ഇടവേളയ്ക്കുശേഷം ടീമിലേക്കുള്ള മടങ്ങിവരവ് ‘പതിവിലും വേഗ’ത്തിലുള്ള അർധസെഞ്ചുറിയുമായി ആഘോഷിച്ച മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. 46 പന്തുകൾ നേരിട്ട പാണ്ഡെ, അഞ്ച് ഫോറും ഒരു സിക്സും സഹിതം 61 റൺസെടുത്തു.

ഐപിഎൽ കരിയറിലെ 50–ാം അർധസെഞ്ചുറിയും ട്വന്റി20 കരിയറിൽ 10,000 റൺസും പിന്നിട്ട ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ശ്രദ്ധേയമായ ഇന്നിങ്സ് കളിച്ച മറ്റൊരാൾ. 55 പന്തുകൾ നേരിട്ട വാർണർ, മൂന്നു ഫോറും രണ്ടു സിക്സും സഹിതം 57 റൺസെടുത്തു. 51 പന്തിൽ അർധസെഞ്ചുറി പിന്നിട്ട വാർണർ, ഐപിഎൽ കരിയറിലെ തന്റെ 50 അർധസെഞ്ചുറികളിൽ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയാണ് ഇന്ന് നേടിയത്.

സ്കോർ ബോർഡിൽ 22 റൺസ് മാത്രമുള്ളപ്പോൾ ഫോമിലുള്ള ഓപ്പണർ ജോണി ബെയർസ്റ്റോയെ നഷ്ടമാക്കിയ സൺറൈസേഴ്സിന്, രണ്ടാം വിക്കറ്റിൽ വാർണർ – പാണ്ഡെ സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിന് അടിത്തറയായത്. 83 പന്തുകൾ നേരിട്ട ഇവരുടെ സഖ്യം 106 റൺസാണ് സൺറൈസേഴ്സ് സ്കോർ ബോർഡിൽ ചേർത്തത്.

സെഞ്ചുറി കൂട്ടുകെട്ടിനു തൊട്ടുപിന്നാലെ ലുങ്കി എൻഗിഡി എറിഞ്ഞ 18–ാം ഓവറിൽ ഇരുവരും പുറത്തായെങ്കിലും, ഷാർദുൽ ഠാക്കൂറിന്റെ 19–ാം ഓവറിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 20 റൺസടിച്ചുകൂട്ടിയ കെയ്ൻ വില്യംസൻ ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. വില്യംസൻ 10 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 26 റൺസുമായി പുറത്താകാതെ നിന്നു. കേദാർ ജാദവ് നാലു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 12 റൺസുമായി വില്യംസനു തുണനിന്നു. ഹൈദരാബാദിനായി ലുങ്കി എൻഗിഡി നാല് ഓവറിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. സാം കറൻ നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ രണ്ടു വീതം മാറ്റങ്ങളുമായാണ് ചെന്നൈയും ഹൈദരാബാദും ഇറങ്ങിയത്. ചെന്നൈ നിരയിൽ ഇമ്രാന‍് താഹിർ, ഡ്വെയിൻ ബ്രാവോ എന്നിവർക്കു പകരം മൊയീൻ അലിയും ലുങ്കി എൻഗിഡിയുമെത്തി. ഹൈദരാബാദ് നിരയിൽ അഭിഷേക് ശർമ, വിരാട് സിങ് എന്നിവർക്കു പകരം മനീഷ് പാണ്ഡെയും സന്ദീപ് ശർമയും കളത്തിലിറങ്ങി.

MORE IN SPORTS
SHOW MORE
Loading...
Loading...