'പടിക്കൽ ദയവ് ചെയ്ത് നിർത്താമോ?' കെഞ്ചി രാജസ്ഥാൻ; മിന്നും പ്രകടനം

devdath-23
ചിത്രം കടപ്പാട്; ഗൂഗിൾ
SHARE

കോലിയോ പടിക്കലോ  ആര് ഔട്ടാകും? നോക്കിയിരിക്കുകയാണ് രാജസ്ഥാൻ. പക്ഷേ പടിക്കലുണ്ടോ തകർപ്പൻ അടി നിർത്തുന്നു! ഐപിഎൽ പ്രേമികളുടെ ഓർമയിൽ എക്കാലവും നിറഞ്ഞ് നിൽക്കാൻ വേണ്ടിയുള്ള ഇന്നിങ്സ്. പാഡണിഞ്ഞ് മാക്സ്​വെല്ലും എബിഡിയും കാത്തിരിപ്പുണ്ട്.

സങ്കടം സഹിക്കാൻ പറ്റാത്തത് പോലെ രാജസ്ഥാൻ റോയൽസിന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഒരു ട്വീറ്റ് വന്നു..' പടിക്കൽ .. ദയവ് ചെയ്ത് ഒന്ന് നിർത്താമോ? ട്വീറ്റ് കണ്ട് തലകുത്തി മറിഞ്ഞ് ചിരിച്ചിട്ടുണ്ടാവണം കളിപ്രേമികൾ. നിമിഷങ്ങൾക്കകം നാൽപതിനായിരത്തിലേറെ ലൈക്കുകൾ, ചറപറ റീ ട്വീറ്റുകൾ. ഐപിഎല്ലിൽ ദേവ്ദത്ത് പടിക്കലിന്റെ ദിവസമായിരുന്നു ഇന്നലെ. കോലി പോലും രണ്ടാമനായി. രാജസ്ഥാന്റെ കാര്യം പിന്നെ പറയാനുണ്ടോ? 

177 എന്ന പൊരുതാവുന്ന സ്കോർ വച്ചാണ് രാജസ്ഥാൻ ബാറ്റിങ് അവസാനിപ്പിച്ചത്. ബാംഗ്ലൂരിനെതിരെ ഇത് ഭേദപ്പെട്ട സ്കോറാണെന്ന് ആരാധകരും കരുതി. പക്ഷേ ക്യാപ്റ്റൻ കോലിയും ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ചുറിയുമായി മലയാളിതാരം േദവ്ദത്തും പുറത്താവാതെ നിന്നപ്പോൾ രാജസ്ഥാൻ ഉയർത്തിയ ലക്ഷ്യം നിസാരമായി. 6 സിക്സും 11 ഫോറും പറത്തിയാണു ദേവ്ദത്ത് സെഞ്ചുറിയിലെത്തിയത്. കോലിയുടെ ഇന്നിങ്സിൽ 3 സിക്സും 6 ഫോറും. 21 പന്തുകൾ ബാക്കി നിൽക്കെ ബാംഗ്ലൂർ ലക്ഷ്യത്തിലെത്തി.

കോവിഡ് പിടിപെട്ട് ഐപിഎല്ലിലെ ആദ്യമൽസരത്തിൽ ദേവ്ദത്ത് പുറത്തിരുന്നുവെങ്കിലും ഹൈദരാബാദിനെതിരെ തിരിച്ചെത്തി. 11 റൺസെടുത്തു പുറത്തായി. അടുത്ത കളിയിൽ കൊൽക്കത്തയ്ക്കെതിരെ 25 റൺസ്. എന്നിട്ടും ദേവ്ദത്തിൽ വിശ്വാസമർപ്പിച്ച കോലിക്കുള്ള സമ്മാനം കൂടിയായി വാങ്കഡെയിലെ പ്രകടനം. 

MORE IN SPORTS
SHOW MORE
Loading...
Loading...