രാജസ്ഥാനെ 45 റൺസിന് തകർത്ത് ചെന്നൈ; തിളങ്ങി ജഡേജയും മോയിൻ അലിയും

moin-ali-csk-02
SHARE

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 45 റൺസ് വിജയം. 189 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസിൽ അവസാനിച്ചു. 3 ഓവറിൽ 7 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ മോയിൻ അലി, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സാം കറൻ, രവീന്ദ്ര ജഡേജ എന്നിവരാണ് രാജസ്ഥാന്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. ഓപ്പണർ ജോസ് ബട്‌ലർ (35 പന്തിൽ 49), ജയ്ദേവ് ഉനദ്കട് (17 പന്തിൽ 24), രാഹുൽ തെവാത്തിയ (15 പന്തിൽ 20) എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്.

നേരത്തെ, മികച്ച തുടക്കം ലഭിച്ചെങ്കിലും അതു മുതലാക്കാനാകാതെയാണ് ചെന്നൈ രാജസ്ഥാനു മുന്നിൽ 189 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസെടുത്തത്. മധ്യ ഓവറുകളിൽ ചെന്നൈ ബാറ്റ്സ്മാൻമാരെ നിയന്ത്രിച്ചു നിർത്തിയ രാജസ്ഥാൻ ബോളർമാരാണ് കൂറ്റൻ സ്കോറിൽനിന്ന് അവരെ തടഞ്ഞത്. ഒരുവേള 180 കടക്കില്ലെന്ന് തോന്നിച്ച ചെന്നൈ, അവസാന മൂന്ന് ഓവറിൽ 45 റണ്‍സടിച്ചാണ് 188ൽ എത്തിയത്.

ഒരു അർധസെഞ്ചുറിയോ അർധസെഞ്ചുറി കൂട്ടുകെട്ടോ പോലും പിറക്കാതെ പോയ ചെന്നൈ ഇന്നിങ്സിൽ, ബാറ്റിങ്ങിന് ഇറങ്ങിയവരെല്ലാം ഒത്തുപിടിച്ചാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. പവർപ്ലേയിൽ പതിവിനു വിപരീതമായി തകർത്തടിച്ച ഓപ്പണർ ഫാഫ് ഡുപ്ലേസിയാണ് അവരുടെ ടോപ് സ്കോറർ. ഡുപ്ലേസി 17 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 33 റൺസെടുത്തു.

ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിന് തുടർച്ചയായ മൂന്നാം മത്സരത്തിലും താളം കണ്ടെത്താനാകാതെ പോയത് ചെന്നൈയെ നിരാശപ്പെടുത്തി. 13 പന്തുകൾ നേരിട്ട ഗെയ്ക‌്‌വാദ്, ഒരു ഫോർ സഹിതം 10 റൺസെടുത്തു. മോയിൻ അലി (20 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 26), സുരേഷ് റെയ്ന (15 പന്തിൽ ഓരോ സിക്സും ഫോരും സഹിതം 18), അമ്പാട്ടി റായുഡു (17 പന്തിൽ മൂന്നു സിക്സറുകൾ സഹിതം 27), രവീന്ദ്ര ജഡേജ (ഏഴു പന്തിൽ ഒരു ഫോർ സഹിതം എട്ട്), സാം കറൻ (ആറു പന്തിൽ ഒരു സിക്സ് സഹിതം 13) എന്നിങ്ങനെയാണ് ചെന്നൈ താരങ്ങളുടെ പ്രകടനം. ഡ്വെയിൻ ബ്രാവോ എട്ടു പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 20 റൺസുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ മോയിൻ അലി – സുരേഷ് റെയ്ന സഖ്യം 26 പന്തിൽ അടിച്ചുകൂട്ടിയ 45 റൺസാണ് ചെന്നൈ നിരയിലെ ഉയർന്ന കൂട്ടുകെട്ട്.

രാജസ്ഥാനായി ചേതൻ സകാരിയ നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസ് നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. രാഹുൽ തെവാത്തിയ മൂന്ന് ഓവറിൽ 21 റൺസ് വഴങ്ങിയും മുസ്താഫിസുർ റഹ്മാൻ നാല് ഓവറിൽ 37 റൺസ് വഴഹ്ങിയും ഓരോ വിക്കറ്റെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ജയ്ദേവ് ഉനദ്കട് നാല് ഓവറിൽ 40 റൺസ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ട് ചെന്നൈ താരങ്ങൾ റണ്ണൗട്ടായി.

MORE IN SPORTS
SHOW MORE
Loading...
Loading...