മിന്നും അർധ സെഞ്ചുറിയുമായി ധവാൻ; പഞ്ചാബിനെ തകർത്ത് ഡൽഹി

dhawan-04
SHARE

ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ റണ്ണുകളുടെ വലിപ്പത്തേക്കാൾ നേടാതെ പോയ റണ്ണുകളാകും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിനെ ഇപ്പോൾ വേദനിപ്പിക്കുന്നത്. അനായാസം 220 റൺസിലേറെ സ്കോർ ചെയ്യാനുള്ള അടിത്തറ ലഭിച്ചിട്ടും ഡൽഹിക്കെതിരായ ഐപിഎൽ പോരാട്ടത്തിൽ 195 റൺസിൽ ഒതുങ്ങിയ പഞ്ചാബ് കിങ്സിന് സീസണിലെ രണ്ടാം തോൽവി. കൂറ്റൻ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച പഞ്ചാബിനെ ആറു വിക്കറ്റിനാണ് ഡൽഹി തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. ഡൽഹി 10 പന്തുകൾ ബാക്കിനിർത്തി നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് ഡൽഹി വിജയം അനായാസമാക്കിയത്. മലയാളി താരം സ‍ഞ്ജു സാംസണിനു ശേഷം ഐപിഎൽ 14–ാം സീസണിലെ രണ്ടാം സെഞ്ചുറി നേടാനുള്ള സുവർണാവസരം നേരിയ വ്യത്യാസത്തിലാണ് ധവാന് നഷ്ടമായത്. ധവാൻ 49 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 92 റൺസെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ പൃഥ്വി ഷായ്ക്കൊപ്പം ധവാൻ നൽകിയ മിന്നൽത്തുടക്കവും ഡൽഹിക്ക് കരുത്തായി. വെറും 33 പന്തിൽനിന്ന് 59 റൺസാണ് ധവാൻ – പൃഥ്വി ഷാ സഖ്യം കൂട്ടിച്ചേർത്തത്. തകർത്തടിച്ച് 17 പന്തിൽനിന്ന് മൂന്നു ഫോറും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത ഷായെ അർഷ്ദീപ് സിങ് പുറത്താക്കിയെങ്കിലും സ്റ്റീവ് സ്മിത്ത്, ഋഷഭ് പന്ത് എന്നിവർക്കൊപ്പം ഉറച്ച കൂട്ടുകെട്ടുകൾ തീർത്ത് ധവാൻ ഡൽഹിയെ മുന്നോട്ടു നയിച്ചു.

രണ്ടാം വിക്കറ്റിൽ സ്മിത്തിനൊപ്പം 33 പന്തിൽനിന്ന് 48 റൺസ്, മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 23 പന്തിൽ 45 റൺസ് എന്നിങ്ങനെ കൂട്ടിച്ചേർത്താണ് ധവാൻ ഡൽഹിയെ വിജയവഴിയിൽ നിലനിർത്തിയത്. സീസണിലാദ്യമായി അവസരം ലഭിച്ച സ്മിത്ത് 12 പന്തിൽ ഒൻപത് റൺസെടുത്ത് മടങ്ങി.

ഡൽഹി സ്കോർ 152ൽ നിൽക്കെ ജൈ റിച്ചാർഡ്സനെതിരെ സൈഡിലേക്ക് നീങ്ങിനിന്ന് ഷോട്ട് കളിക്കാനുള്ള ശ്രമം പാളി ധവാൻ പുറത്തായെങ്കിലും ഋഷഭ് പന്ത് (16 പന്തിൽ ഒരു സിക്സർ സഹിതം 15), മാർക്കസ് സ്റ്റോയ്നിസ് (13 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 27), ലളിത് യാദവ് (ആറു പന്തിൽ രണ്ടു ഫോറുകൾ സഹിതം പുറത്താകാതെ 12) എന്നിവർ ചേർന്ന് ഡൽഹിയെ വിജയത്തിലെത്തിച്ചു.

പഞ്ചാബിനായി ജൈ റിച്ചാർഡ്സൻ നാല് ഓവറിൽ 41 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. റൈലി മെറിഡത്ത് 2.2 ഓവറിൽ 35 റൺസ് വഴങ്ങിയും അർഷ്ദീപ് സിങ് മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിക്കുന്ന മധ്യപ്രദേശ് താരം ജലജ് സക്സേന മൂന്ന് ഓവറിൽ 27 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

നേരത്തെ, തികച്ചും വിരുദ്ധ ധ്രുവങ്ങളിൽനിന്ന് ഓപ്പണർമാരായ മായങ്ക് അഗർവാളും ക്യാപ്റ്റൻ കൂടിയായ കെ.എൽ. രാഹുലും നേടിയ അർധസെഞ്ചുറികളുടെ കരുത്തിലാണ് പഞ്ചാബ് കിങ്സ് ഡൽഹിക്കു മുന്നിൽ 196 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പ‍ഞ്ചാബ്, നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. അഗർവാൾ 36 പന്തിൽ 69 റൺസെടുത്തും രാഹുൽ 51 പന്തിൽ 61 റൺസെടുത്തും പുറത്തായി.

ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുെകട്ട് തീർത്താണ് രാഹുൽ – അഗർവാൾ സഖ്യം പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 76 പന്തുകൾ ക്രീസിൽനിന്ന ഇരുവരും ചേർന്ന് 122 റൺസാണ് പഞ്ചാബിന്റെ സ്കോർ ബോർഡിലെത്തിച്ചത്. രണ്ടു പേരും അർധസെഞ്ചുറി നേടിയെങ്കിലും തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് ആ നേട്ടത്തിലേക്കെത്തിയത്. തുടക്കം മുതൽ തകർത്തടിച്ച മായങ്ക്, 25 പന്തിലാണ് അർധസെഞ്ചുറി കടന്നത്. രാഹുലിന് അർധസെഞ്ചുറിയിലേക്കെത്താൻ വേണ്ടി വന്നത് 45 പന്തും.

ഇരുവരും പുറത്തായ ശേഷമെത്തിയവരിൽ ക്രിസ് ഗെയ്ൽ, നിക്കോളാസ് പുരാൻ എന്നിവർ പൂർണമായും നിരാശപ്പെടുത്തി. വൺഡൗണായെത്തിയ ഗെയ്‍ൽ ഒൻപത് പന്തിൽ ഒരേയൊരു സിക്സ് സഹിതം 11 റൺസെടുത്ത് പുറത്തായി. പുരാൻ എട്ടു പന്തിൽ ഒരേയൊരു ഫോർ സഹിതം ഒൻപത് റൺസെടുത്തും മടങ്ങി. അവസാന ഓവറുകളിൽ തകർത്തടിച്ച ദീപക് ഹൂഡ (13 പന്തിൽ പുറത്താകാതെ 22), ഷാരൂഖ് ഖാൻ (അഞ്ച് പന്തിൽ പുറത്താകാതെ 15) എന്നിവർ ചേർന്നാണ് പഞ്ചാബ് സ്കോർ 195ൽ എത്തിച്ചത്.

‍ഡൽഹിക്കായി ആവേശ് ഖാൻ നാല് ഓവറിൽ 33 റൺസ് വഴങ്ങിയും ലുക്മാൻ മെറിവാല മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങിയും ക്രിസ് വോക്സ് നാല് ഓവറിൽ 26 റൺസ് വഴങ്ങിയും കഗീസോ റബാദ നാല് ഓവറിൽ 43 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങിയ രവിചന്ദ്രൻ അശ്വിന്റെ പ്രകടനം ശ്രദ്ധേയമായി.

MORE IN SPORTS
SHOW MORE
Loading...
Loading...