ചാഹറും ബോൾട്ടും മിന്നി; ഹൈദരാബാദിനെ 13 റൺസിന് കീഴടക്കി മുംബൈ

ipl-mumbai-02
SHARE

മുംബൈ ഇന്ത്യൻസിനെതിരെ ജയത്തിലേക്കു കുതിച്ച മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി ഹൈദരാബാദ്. 13 റൺസിനായിരുന്നു ഹൈദരാബാദിന്റെ തോൽവി.  മുംബൈ ഉയർത്തിയ 151 റൺസിനു മറുപടിയായി ഹൈദരാബാദ് 19.4 ഓവറിൽ 137 റൺസിന് ഓൾഔട്ടായി. 43 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. മുംബൈയ്ക്കു വേണ്ടി രാഹുൽ ചാഹറും ട്രെന്റ് ബോൾട്ടും മൂന്നു വിക്കറ്റ് വീതവും ക്രുണാൽ പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവർ‌ ഓരോ വിക്കറ്റും നേടി.

മുംബൈ ഉയർത്തിയ 151 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിന്റെ ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ജോണി ബെയർസ്റ്റോയുടെ വിക്കറ്റ് നഷ്ടമാകേണ്ടതായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ബോളിങ്ങിൽ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്ക് ഡൈവ് ചെയ്തു പന്ത് കയ്യിലൊതുക്കി. ഒൗട്ട് നിരസിച്ച അംപയറുടെ തീരുമാനം മുംബൈ അപ്പീൽ ചെയ്തതോടെ തീരുമാനം മൂന്നാം അംപയറിനു വിട്ടു. റിവ്യുവിൽ ബെയർസ്റ്റോ ഔട്ടല്ലെന്ന് മൂന്നാം അംപയർ വിധിയെഴുതിയതിനു പിന്നാലെ മുംബൈയുടെ ശനിദിശ ആരംഭിച്ചു.

തലങ്ങും വിലങ്ങും കൂറ്റൻ ഷോട്ടുകൾ പായിച്ചുതുടങ്ങിയ ബെയർസ്റ്റോ, മുംബൈ നിരയെ വെള്ളംകുടിപ്പിച്ചു. അ‍ഞ്ച് ഓവർ പിന്നിട്ടപ്പോൾ ഹൈദരാബാദ് സ്കോർ 55 റൺസ് എന്ന നിലയിലെത്തി. ഇതിൽ 41 റൺസും ബെയർസ്റ്റോയുടെ വകയായിരുന്നു. 29 പന്തിലാണ് ഓപ്പണിങ് സഖ്യം അർധസെഞ്ചുറി പിന്നിട്ടത്. ഒൻപതിലേറെ റൺ റേറ്റിലായിരുന്നു ഹൈദരാബാദിന്റെ കുതിപ്പ്.

എട്ടാം ഓവറിൽ‌ സ്വന്തം പിഴവിൽ ബെയർസ്റ്റോയ്ക്കു വിക്കറ്റ് നഷ്ടമായി. ക്രുണാൽ പാണ്ഡ്യയുടെ ബോളിങ്ങിൽ വിക്കറ്റിനു പിന്നിലേക്കു ഷോട്ട് പായിക്കാനുള്ള ശ്രമത്തിൽ ബെയർസ്റ്റോയുടെ കാലു തട്ടി വിക്കറ്റ് വീണു. 22 പന്തിൽ നാലു സിക്സും മൂന്നു ഫോറുമുൾപ്പടെ 43 റൺസാണ് ബെയർസ്റ്റോ നേടിയത്.

തുടർന്നെത്തിയ മനീഷ് പാണ്ഡെയ്ക്ക് നിലയുറപ്പിക്കാനായില്ല. രണ്ടു റൺസ് മാത്രമെടുത്ത പാണ്ഡെ, രാഹുൽ ചാഹറിന്റെ ബോളിങ്ങിൽ കീറൺ പൊള്ളാർഡിനു ക്യാച്ച് നൽകി മടങ്ങി. രണ്ടു വിക്കറ്റുകൾ വീണതിനു പിന്നാലെ ഹൈദരാബാദ് ബാറ്റിങ് മന്ദഗതിയിലായി. സിംഗിളും ഡബിളും നേടി സ്കോർ ഉയർത്താനുള്ള നായകൻ ഡേവിഡ് വാർണറുടെ പ്രയത്നം അധികം സമയം നീണ്ടില്ല. 12 ാം ഓവറിൽ സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ ഹാർദിക് പാണ്ഡ്യയുടെ നേരിട്ടുള്ള ഏറിൽ വാർണർ (34 പന്തിൽ 37 റൺസ്) റണ്ണൗട്ടായി.

14 ാം ഓവറിൽ ഹൈദരാബാദ് സ്കോർ 100 കടന്നു. പിന്നാലെ രാഹുൽ ചാഹറിന് വിക്കറ്റ് നൽകി വിരാട് സിങ്ങും (11 റൺസ്) മടങ്ങി. ഇതേ ഓവറിൽ‌ അഭിഷേക് ശർമയും (2 റൺസ്) മടങ്ങി. 16 ാം ഓവറിൽ വിജയ് ശങ്കറിന്റെ തുടർച്ചയായ രണ്ടു സിക്സ് ഉൾപ്പെടെ 16 റൺസ് ഹൈദരാബാദ് നേടി. പിന്നാലെ അബ്ദുൽ സമദ് (7 റൺസ്) റണ്ണൗട്ടായി. ഇതേ ഓവറിൽ റാഷിദ് ഖാൻ (പൂജ്യം) വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്തായി. 18 ഓവർ പിന്നിട്ടപ്പോൾ ഹൈദരാബാദ് 7 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ്. ജയിക്കാൻ 12 പന്തിൽ വേണ്ടത് 21 റൺസ്. 

ഇതോടെ ഹൈദരാബാദിന്റെ പ്രതീക്ഷകൾ മുഴുവൻ വിജയ് ശങ്കറിന്റെ ചുമലുകളിലായി. സമ്മർദമേറിയതോടെ വമ്പൻ ഷോട്ടിനു മുതിർന്ന വിജയ് ശങ്കറിനെ (28 റൺസ്) ജസ്പ്രീത് ബുമ്ര പുറത്താക്കി. അവസാന ഓവറിലെ ആദ്യ പന്തിൽ‌ ഭുവനേശ്വർ കുമാറിനെ (1 റൺ) ട്രെന്റ് ബോൾട്ട് ബൗൾഡാക്കി. പിന്നാലെ ഖലീൽ അഹമ്മദിനെയും (1 റൺ) ട്രെന്റ് ബോൾട്ട് ബൗൾഡാക്കിയതോടെ ഹൈദരാബാദിന്റെ പരാജയം പൂർണമായി.

നേരത്തെ, തുടക്കത്തിലെ കുതിപ്പിനു ശേഷം ഹൈദരാബാദ് ബോളിങ്ങിനു മുന്നിൽ കിതച്ച മുംബൈ ഇന്ത്യൻസ്, അവസാന ഓവറുകളിലെ കീറൺ പൊള്ളാർഡിന്റെ പോരാട്ടമികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. ഭുവനേശ്വർ കുമാർ എറിഞ്ഞ അവസാന ഓവറിലെ രണ്ടു സിക്സ് ഉൾപ്പെടെ അവസാന ഓവറുകളിലെ പൊള്ളാർഡിന്റെ ഒറ്റയാൾ പോരാട്ടമാണ് മുംബൈ സ്കോർ 150 ൽ എത്തിച്ചത്. അവസാന ഓവറിൽ മുംബൈ 17 റൺസാണ് നേടിയത്. 40 റൺസെടുത്ത ക്വിന്റൻ ഡികോക്കാണ് മുംബൈയുടെ ടോപ് സ്കോറർ. ഹൈദരാബാദിനു വേണ്ടി വിജയ് ശങ്കർ, മുജീബുർ റഹ്മാൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും, ഖലീൽ അഹമ്മദ് ഒരു വിക്കറ്റും നേടി.

MORE IN SPORTS
SHOW MORE
Loading...
Loading...