അവസാന ഓവറിൽ ക്രിസ് മോറിസ് വെടിക്കെട്ട്; ഡൽഹിയെ തകർത്ത് രാജസ്ഥാൻ

cris-moriss-03
SHARE

ഐപിഎൽ 14–ാം സീസണിലെ ആദ്യ മത്സരത്തിൽ വിവാദം സൃഷ്ടിച്ച പഞ്ചാബ് കിങ്സിനെതിരെ ‘നേടാതെ പോയ’ ആ സിംഗളിനെച്ചൊല്ലി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ഇപ്പോൾ ഖേദിക്കുന്നുണ്ടാകുമോ? ഡൽഹി ക്യാപിറ്റൽസിനെതിരായ ക്രിസ് മോറിസിന്റെ പ്രകടനം കണ്ടശേഷം സാധ്യതയുണ്ട്. ഐപിഎൽ താരലേലത്തിലെ റെക്കോർഡ് തുകയായ 16.25 കോടി രൂപ ലഭിച്ചതെന്തുകൊണ്ട് എന്ന് തെളിയിച്ച് തകർത്തടിച്ച മോറിസിന്റെയും നാട്ടുകാരനായ ഡേവിഡ് മില്ലറിന്റെയും മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. മൂന്നു വിക്കറ്റിനാണ് രാജസ്ഥാൻ ഡൽഹിയെ വീഴ്ത്തിയത്. ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാൻ, രണ്ടു പന്തും മൂന്നു വിക്കറ്റും ബാക്കിനിർത്തിയാണ് ലക്ഷ്യം മറികടന്നത്.

ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എന്ന നിലയിൽ തകർന്ന രാജസ്ഥാനെ, ദക്ഷിണാഫ്രിക്കക്കാരായ ഡേവിഡ് മില്ലർ (43 പന്തിൽ 62), ക്രിസ് മോറിസ് (18 പന്തിൽ പുറത്താകാതെ 36) എന്നിവരുടെ ഇന്നിങ്സുകളാണ് രക്ഷപ്പെടുത്തിയത്. രാഹുൽ തെവാത്തിയ (17 പന്തിൽ 19), പന്തുകൊണ്ടും പിന്നീട് ബാറ്റുകൊണ്ടും തിളങ്ങിയ ജയ്ദേവ് ഉനദ്കട് (ഏഴു പന്തിൽ 11) എന്നിവരുടെ കൂട്ടും രാജസ്ഥാൻ വിജയത്തിൽ നിർണായകമായി. ജോസ് ബട്‌ലർ (ഏഴു പന്തിൽ രണ്ട്), മനൻ വോഹ്റ (11 പന്തിൽ ഒൻപത്), സഞ്ജു സാംസൺ (മൂന്നു പന്തിൽ നാല്), ശിവം ദുബെ (ഏഴു പന്തിൽ രണ്ട്), റിയാൻ പരാഗ് (അഞ്ച് പന്തിൽ രണ്ട്) എന്നിവരാണ് രാജസ്ഥാൻ നിരയിൽ നിരാശപ്പെടുത്തിയത്.

മില്ലർ 43 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതമാണ് 62 റൺസെടുത്തത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 42 റൺസെന്ന നിലയിൽ തകർന്ന രാജസ്ഥാനെ ഡേവിഡ് മില്ലറും ക്രിസ് മോറിസും ചേർന്ന് അവിശ്വസനീയമായിട്ടാണ് വിജയത്തിലേക്ക് നയിച്ചത്. ആറാം വിക്കറ്റിൽ രാഹുൽ തെവാത്തിയയെ കൂട്ടുപിടിച്ച് 33 പന്തിൽനിന്ന് 47 റൺസ് കൂട്ടിച്ചേർത്താണ് മില്ലർ രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. തെവാത്തിയയും മില്ലറും 14 റൺസിന്റെ ഇടവേളയിൽ പുറത്തായെങ്കിലും പിരിയാത്ത എട്ടാം വിക്കറ്റിൽ വെറും 23 പന്തിൽനിന്ന് 46 റൺസടിച്ചുകൂട്ടിയാണ് മോറിസ് – ഉനദ്കട് സഖ്യം രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ടിയിരുന്ന 12 റൺസ് തകർപ്പൻ രണ്ടു സിക്സറുകളോടെയാണ് മോറിസ് രാജസ്ഥാന് സമ്മാനിച്ചത്. ഡൽഹിക്കായി ആവേശ് ഖാൻ‌ നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്സ് നാല് ഓവറിൽ 22 റൺസ് വഴങ്ങിയും കഗീസോ റബാദ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ, ക്യാപ്റ്റൻ ഋഷഭ് പന്ത് മാത്രം ക്യാപ്റ്റന്റെ ഇന്നിങ്സുമായി ഒരറ്റത്ത് കരുത്തുകാട്ടിയെങ്കിലും രാജസ്ഥാൻ ബോളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട ഡൽഹി ക്യാപിറ്റൽസ് എതിരാളികൾക്കു മുന്നിൽ ഉയർത്തിയത് 148 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസെടുത്തത്.

MORE IN Sports
SHOW MORE
Loading...
Loading...