ആ തീരുമാനം ഞെട്ടിച്ചു; പരമ്പര ജയത്തിലും അതൃപ്തി പരസ്യമാക്കി കോലി

1200-virat-shardu--thakkoor
വിരാട് കോലിയും ഷാർദുൽ താക്കൂറും മത്സരത്തിനിടെ (ട്വിറ്റർ ചിത്രം)
SHARE

പുണെ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ  ഷാർദുൽ താക്കൂറിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നൽകാതിരുന്നതിലുള്ള അതൃപ്തി പരസ്യമാക്കി  ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. പരമ്പരയിലുടനീളം ഇന്ത്യൻ ബോളിങ്ങിന്റെ ആണിക്കല്ലായി നിന്ന പേസ് ബോളർ ഭുവനേശ്വർ കുമാറിനെ മാൻ ഓഫ് ദ് സീരീസ് പുരസ്കാരത്തിന് തിരഞ്ഞെടുക്കാതിരുന്നതിലും കോലി വിയോജിപ്പ് പ്രകടമാക്കി. 

മത്സരശേഷം സംസാരിക്കുമ്പോഴാണ് ഇരു പുരസ്കാരങ്ങൾക്കും തിരഞ്ഞെടുത്ത താരങ്ങളുടെ കാര്യത്തിൽ കോലി അതൃപ്തി പരസ്യമാക്കിയത്. ‘‘ഷാർദുൽ താക്കൂർ മാൻ ഓഫ് ദ് മാച്ചായും ഭുവനേശ്വർ കുമാർ മാൻ ഓഫ് ദ് സീരീസായും തിരഞ്ഞെടുക്കപ്പെടാത്തത് സത്യത്തിൽ വിസ്മയിപ്പിച്ചു. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലും മികവോടെ പന്തെറിഞ്ഞ ഇവർക്കല്ലേ വിജയത്തിന്റെ ക്രെഡിറ്റ്?’ – കോലി ചോദിച്ചു.

ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും, തോൽവിയുടെ വക്കിൽനിന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് പോരാട്ടം ഇന്ത്യൻ ക്യാംപിലേക്ക് നയിച്ച യുവതാരം സാം കറനെയാണ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരത്തിന് ഒഫീഷ്യൽസ് തിരഞ്ഞെടുത്തത്. 83 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 95 റൺസുമായി പുറത്താകാതെ നിന്ന കറൻ, അഞ്ച് ഓവറിൽ 43 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടിയിരുന്നു. ഇതിനു പുറമെ ഒരു ക്യാച്ചും സ്വന്തമാക്കി.

എന്നാൽ, ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമെന്ന നിലയിലാണ് താക്കൂറിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നൽകണമായിരുന്നുവെന്ന കോലിയുടെ വാദം. ഒരുവേള 300 കടക്കുമോയെന്ന് സംശയിച്ച ഇന്ത്യൻ ബാറ്റിങ്ങിനെ 21 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 30 റൺസെടുത്ത് തോളേറ്റിയ താക്കൂർ, പിന്നീട് നാലു വിക്കറ്റുമെടുത്തു. 10 ഓവറിൽ 67 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ താക്കൂറായിരുന്നു വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ.

ഇന്ത്യയ്ക്ക് പരമ്പര വിജയം സമ്മാനിക്കുന്നതിൽ വഹിച്ച പങ്കാണ് ഭുവനേശ്വർ കുമാറിനാണ് മാൻ ഓഫ് ദ് സീരീസ് പുരസ്കാരം നൽകേണ്ടിയിരുന്നതെന്ന കോലിയുടെ വാദത്തിന് ആധാരം. പരമ്പരയിലാകെ മൂന്നു മത്സരങ്ങളിൽനിന്ന് 73 ശരാശരിയിൽ 219 റൺസെടുത്ത ജോണി ബെയർസ്റ്റോയ്ക്കാണ് ഒഫീഷ്യൽസ് പുരസ്കാരം സമ്മാനിച്ചത്. ഓരോ സെഞ്ചുറിയും ഫിഫ്റ്റിയും സഹിതമാണ് ബെയർസ്റ്റോ 219 റണ്‍സെടുത്തത്.

എന്നാൽ, ഇന്ത്യയുടെ പരമ്പര വിജയത്തിന്റെ മുഖ്യശിൽപിയായ ഭുവനേശ്വർ കുമാർ, ബോളർമാരെ തെല്ലും തുണയ്ക്കാത്ത പിച്ചിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ആറു വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമനാകാനും കഴിഞ്ഞു. മുന്നിലുള്ളത് ഏഴു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ ഷാർദുൽ താക്കൂർ മാത്രം. പരമ്പരയിൽ മികച്ച ബോളിങ് ശരാശരിയും മികച്ച ഇക്കോണമിയുമെല്ലാം ഭുവിയുടെ പേരിലാണ്. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലും നിയന്ത്രണത്തോടെ പന്തെറിഞ്ഞ് ഇന്ത്യൻ പരമ്പര നേട്ടത്തിന് ചുക്കാൻ പിടിച്ച ഭുവിക്ക് പുരസ്കാരം നൽകാത്തത് വിസ്മയിപ്പിച്ചെന്നാണ് കോലിയുടെ വെളിപ്പെടുത്തൽ.

English Summary: Kohli: Shardul and Bhuvneshwar should have been Player of the Match and Series

MORE IN SPORTS
SHOW MORE
Loading...
Loading...