‘വെൽക്കം ടു ആൻഫീൽഡ്’ തമാശയാകുമ്പോൾ

anfield
SHARE

2019-20 യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യപാദത്തിൽ അത്‌ലറ്റികോ മാഡ്രിഡും നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും ഏറ്റുമുട്ടുന്നു. മത്സരത്തിൽ തുടക്കം മുതൽ  മേധാവിത്വം പുലർത്തിയിട്ടും, ഏകപക്ഷീയമായ ഒരു ഗോളിന് ലിവർപൂൾ തോറ്റു. തോൽവിക്ക് ശേഷം ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പ് ഒന്നേ പറഞ്ഞുള്ളൂ. ‘വെൽക്കം ടു ആൻഫീൽഡ്’.

ആരാധകരുടെ ചിന്തയും മറിച്ചായിരുന്നില്ല. ഒന്നാം പാദത്തിലെ തോൽവിക്ക് സ്വന്തം മൈതാനത്ത് ലിവർപൂൾ കണക്കുതീർക്കുമെന്ന് അവർക്കും ഉറപ്പുണ്ടായിരുന്നു. വീഡിയോ ട്രെയിലറുകളും, തീം സോങ്ങുകളുമൊരുക്കി അവർ അത്‌ലറ്റികോ മാഡ്രിഡിനെ കാത്തിരുന്നു. 

എന്നാൽ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് ലിവർപൂൾ തോറ്റു. കൃത്യം ഒരു വർഷം മുൻപ് മെസിയും, സുവാരസും മുന്നിൽ നിന്ന് നയിച്ച ബാഴ്സലോണയെ ഗോളടിക്കാനനുവദിക്കാതെ, ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്തുവിട്ട അതേ ആൻഫീൽഡിൽ ലിവർപൂൾ തളർന്നു വീണു.

തോൽവിക്ക് പിന്നാലെ സോഷ്യൽമീഡിയയിൽ നിറഞ്ഞ ട്രോളുകളിൽ ഭൂരിഭാഗവും "വെൽക്കം ടു ആൻഫീൽഡ്" ആയിരുന്നു. ലിവർപൂളിനെ, പ്രത്യേകിച്ച് യുർഗൻ ക്ലോപ്പിനെ വിമർശകർ നിലത്തു നിൽക്കാൻ സമ്മതിച്ചില്ല. പുതിയ കാലത്തെ ഭാഷയിൽ പറഞ്ഞാൽ ക്ലോപ്പ് എയറിലായിരുന്നു.

ആൻഫീൽഡ് അഥവാ  ചെങ്കോട്ട

കാൽപ്പന്തുകളിയെ സ്നേഹിക്കുന്നവർക്ക്, വിടാതെ പിന്തുടരുന്നവർക്ക്, ആൻഫീൽഡ് എന്നാൽ വെറുമൊരു മൈതാനമല്ല. ലിവർപൂൾ ആരാധകർക്ക് പ്രത്യേകിച്ചും. എതിരാളികൾ എന്നും വെറുക്കുന്ന കളിത്തട്ട്. പോരാടുന്നത് മറുവശത്ത് നിൽക്കുന്ന പതിനൊന്ന് പേരോട് മാത്രമല്ല എന്ന ഉത്തമ ബോധ്യത്തോടെയാണ് ഓരോ ടീമും ആൻഫീൽഡിലേക്കെത്താറ്.

കളിക്കാർക്ക് മൈതാനത്തേക്ക് പോകാനുള്ള ടണലിനു തൊട്ടുമുൻപ് "ദിസ് ഈസ് ആൻഫീൽഡ്" എന്ന വാചകം രേഖപ്പെടുത്തിയിട്ടുണ്ട്. മൈതാനത്തേക്കിറങ്ങിക്കഴിഞ്ഞാലാണ് ആ വാചകത്തിന്റെ അർത്ഥം ശരിക്കും മനസിലാവുക. ചെങ്കുപ്പായമിട്ട് ആർത്തു വിളിക്കുന്ന കാണികൾ. 'യു വിൽ നെവർ വോക്ക് എലോൺ' എന്ന ക്ലബ്ബ് ഗാനവുമായി അവർ ലിവർപൂൾ ടീമിലെ പന്ത്രണ്ടാമനാകും.

"ലോകത്തിലെ മറ്റൊരു സ്റ്റേഡിയത്തിലും നിങ്ങൾക്ക് കാണാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. അവർ ഒരു ഗോൾ നേടിയാൽ, അടുത്ത അഞ്ച് മിനിറ്റിനുള്ളിൽ  നാലെണ്ണം കൂടി ലഭിക്കുമെന്ന് നിങ്ങൾക്ക് തോന്നിപ്പോകും. ചുറ്റുമുള്ള എതിരാളികൾക്ക് നടുവിൽ തീരെ ചെറുതായി പോയതായും നിങ്ങൾക്ക് തോന്നും." മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ്  ഗാർഡിയോള ആൻഫീൽഡിനെക്കുറിച്ച് പറഞ്ഞ ഈ വാചകങ്ങളിൽ എല്ലാമുണ്ട്.

ആൻഫീൽഡിലെ ലിവർപൂളിന്റെ തകർച്ച

കൊറോണക്കാലത്ത് കാണികൾ ഒഴിഞ്ഞതോടെ മറ്റേതൊരു സ്റ്റേഡിയവും പോലെയായി ആൻഫീൽഡും. അതിന്റെ പ്രതിഫലനം ലിവർപൂളിന്റെ പ്രകടനത്തിലുമുണ്ടായി. ആൻഫീൽഡിൽ  ലിവർപൂൾ പല തവണ തകർന്നു.

ഇംഗ്ലീഷ് കപ്പ് പ്രീക്വാർട്ടറിൽ ആഴ്സണലിനോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ്, സീസണിൽ ലിവർപൂൾ ആദ്യമായി ആൻഫീൽഡിൽ തോറ്റത്.  ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാന്റയോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കൂടി തോറ്റതോടെ ചിത്രം കുറച്ചു കൂടി വ്യക്തമായി. കാണികളില്ലാത്ത ആൻഫീൽഡ് ലിവർപൂളിനെ കൈവിട്ടു.

ആൻഫീൽഡിൽ അവസാനമായി നടന്ന നാല് മത്സരങ്ങളിൽ, നാലിലും ലിവർപൂൾ തോറ്റു എന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 2017-18 , 2018-19, 2019-20 സീസണുകളിൽ പ്രീമിയർ ലീഗിലെ ഒരൊറ്റ മത്സരം പോലും ആൻഫീൽഡിൽ ലിവർപൂൾ പരാജയപ്പെട്ടിട്ടില്ല എന്നതും ഓർക്കണം. അത്രമാത്രം ശക്തമായിരുന്ന കോട്ടയാണ് ഇത്തവണ പലകുറി എതിരാളികൾ കീഴടക്കിയിരിക്കുന്നത്. 

അതേസമയം, ആൻഫീൽഡിലെ ഓരോ തോൽവിയും ആഘോഷമാക്കുകയാണ് ലിവർപൂളിനെ എതിരാളികൾ. ട്രോളുകളിൽ എല്ലാം നിറയുന്നത് 'വെൽക്കം ടു ആൻഫീൽഡ്' തന്നെ. ടോളർമാരുടെ വാക്കുകൾ കടമെടുത്താൽ, ഫുൾ ടൈം എയറിലാണ് പൂളന്മാർ.

പരുക്കാണ് ലിവർപൂളിന്റെ പ്രധാന പ്രശ്നം. ടീമിന്റെ ശക്തിയായിരുന്ന പ്രതിരോധനിര, ദ്വാരങ്ങൾ നിറഞ്ഞ മതിലാണ്. പന്ത് കൈവശം വയ്ക്കുന്നതിൽ ഇപ്പോഴും മുന്നിലാണെങ്കിലും, അവയൊന്നും ഗോളാക്കി മാറ്റാൻ പേരുകേട്ട മുന്നേറ്റനിരയ്ക്ക് സാധിക്കുന്നില്ല. ലീഗ് കിരീടത്തിനായുള്ള പോരാട്ടത്തിൽ  പ്രതീക്ഷക്ക് വകയില്ലാത്ത സ്ഥാനത്താണ് നിലവിൽ ലിവർപൂൾ.‌‌

എന്നാൽ ഈ കാലവും മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ലിവർപൂൾ ആരാധകർ. മഹാവ്യാധിയുടെ ഇരുണ്ട നാളുകൾക്കപ്പുറം 'യു വിൽ നെവർ വോക്ക് എലോൺ' എന്നാലപിച്ച് ആൻഫീൽഡിലേക്ക് തിരികെയെത്തുന്ന നാളിനായി കാത്തിരിക്കുകയാണവർ.

MORE IN SPORTS
SHOW MORE
Loading...
Loading...