5.25 കോടിക്ക് പഞ്ചാബിൽ; ആ വാർത്ത അറിഞ്ഞത് ബസ് യാത്രയ്ക്കിടെ; ഞെട്ടി താരം

sharukh-khan
SHARE

ഷാറൂഖ് ഖാനു രണ്ടിഷ്ടങ്ങളാണുള്ളത്. ആദ്യത്തേതു ക്രിക്കറ്റ്. രണ്ടാമത്തേതു രജനീകാന്ത്. ടെന്നിസ് ബോൾ ക്രിക്കറ്റിൽനിന്നു തമിഴ്നാട് ടീമിന്റെ പവർഹിറ്ററായി മാറിയ എം.ഷാറൂഖ് ഖാനെ ഐപിഎൽ താരലേലത്തിൽ 5.25 കോടി രൂപയ്ക്കു പഞ്ചാബ് കിങ്സ് വലവീശിയത് ഒന്നാമത്തെ ഇഷ്ടത്തിന്റെ പേരിലാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി0 ക്രിക്കറ്റിൽ തമിഴ്നാടിനെ കിരീടത്തിലേക്കു ബാറ്റ് വീശി നയിച്ചത് ഇരുപത്തഞ്ചുകാരൻ ഷാറൂഖാണ്. 

വൻതുകയ്ക്കു താൻ ലേലത്തിൽ പോയതിന്റെ വാർത്ത ഷാറൂഖ് അറിയുന്നത് ഒരു ബസ് യാത്രയ്ക്കിടയിലാണ്. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിനായി മധ്യപ്രദേശിൽ തമിഴ്നാട് ടീമിനൊപ്പമുള്ള പരിശീലനത്തിനുശേഷം ഹോട്ടലിലേക്കു മടങ്ങുന്നതിനിടെയാണു ‘ഞെട്ടിക്കുന്ന’ വാർത്തയെത്തിയത്. കുഴഞ്ഞുപോകാതെ താരത്തെ പിടിച്ചുനിർത്തിയതു ക്യാപ്റ്റൻ ദിനേശ് കാർത്തിക്കും സംഘവുമാണ്. 

ചെന്നൈയിൽ തുകൽ വ്യാപാരിയായ മസൂദിന്റെയും ലുബ്നയുടെയും മകൻ ടെന്നിസ് ബോൾ ക്രിക്കറ്റിലൂടെയാണു ബാറ്റെടുക്കുന്നത്. ക്ലബ് തലത്തിൽ ക്രിക്കറ് കളിച്ചിട്ടുള്ള മസൂദ് മകന്റെ താൽപര്യം വേഗം തിരിച്ചറിഞ്ഞു. കെ.ശ്രീകാന്ത്, ആർ.അശ്വിൻ, ദിനേശ് കാർത്തിക് എന്നിവർ കളിച്ചു പഠിച്ചു വളർന്ന ‍‍ഡോൺ ബോസ്കോ, സെന്റ് ബീഡ് എന്നീ സ്കൂളുകളിലേക്കെത്താൻ വൈകിയില്ല. പിന്നീടു ലീഗ് ക്രിക്കറ്റിലൂടെ ട്വന്റി0യിൽ കളംപിടിച്ചു. 

‘ഇപ്പോൾ ഐപിഎലിനെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല. വിജയ് ഹസാരെയിൽ തമിഴ്നാട് ടീമിനെ ജയത്തിലെത്തിക്കുകയെന്നതാണു ലക്ഷ്യം’ – കഴിഞ്ഞ ഐപിഎൽ സീസണിൽ വിൽക്കപ്പെടാതെ പോയതിന്റെ നിരാശ മറച്ചുവയ്ക്കാതെ തന്നെ ഷാറൂഖ് പ്രതികരിച്ചു. 

MORE IN SPORTS
SHOW MORE
Loading...
Loading...