ഒരു ഡബിള്‍ സെഞ്ചുറിക്കഥ; വിദേശത്ത് ഇന്ത്യന്‍ താരം നേടിയ ഡബിള്‍ സെ‍ഞ്ചുറിക്ക് അന്‍പത്

sardesai-20
SHARE

ക്രിക്കറ്റ് ലോകം കടന്നുപോകുന്നത് അടിച്ചുപൊളി ബാറ്റ്സ്ന്മാരുടെ കാലത്തിലൂടെയാണ്. 360 ഡിഗ്രി ബാറ്റിങ് കാഴ്ചവയ്ക്കുന്ന താരങ്ങളുടെ കാലം. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയൊരു ആക്രമണോത്സുക ബാറ്റിങ് നടത്തുന്ന താരമുണ്ടായിരുന്നു ഇന്ത്യയ്ക്ക്, ദിലീപ് സര്‍ദേശായി. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി ടെസ്റ്റില്‍ അടിച്ചത് വിരാട് കോലിയാണ്. ഏഴെണ്ണം. എന്നാല്‍ വിദേശ മണ്ണില്‍ ആദ്യ ഇരട്ടസെഞ്ചുറി നേടിയത് വിരാട് കോലി ജനിക്കുന്നതിനും ഏറെ നാള്‍ മുമ്പാണ്. 1971ല്‍  ദിലീപ് സര്‍ദേശായിയാണ് വിദേശമണ്ണിലെ ഇന്ത്യയുടെ ആദ്യ ഇരട്ടസെഞ്ചുറി നേടിയത്. അതും കരീബിയന്‍ മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിയാണ്. 

ഡബിള്‍ സെഞ്ചുറിയും ദിലീപ് സര്‍ദേശായിയും

ഇപ്പോഴത്തെ തലമുറയ്ക്ക് ദിലീപ് സര്‍ദേശായിയെ അത്രപരിചയം കാണില്ല. എന്നാല്‍ രാജ്ദീപ് സര്‍ദേശായിയെ അറിയത്തവര്‍ കുറവായിരിക്കും. പിതാവ് പിടിച്ച ക്രിക്കറ്റ് ബാറ്റിനു പകരം പേന കയ്യിലേന്തിയ,  ഇന്ത്യന്‍ മാധ്യമരംഗത്തെ നിറ സാന്നിധ്യമായ രാജ്ദീപ് സര്‍ദേശായി, ദിലീപ് സര്‍ദേശായിയുടെ മകനാണ്. ഗോവയില്‍ 1940 ലാണ് ദിലീപ് സര്‍ദേശായി ജനിച്ചത്. പില്‍ക്കാലത്ത് കുടുംബം മുംബൈയിലേക്ക് ചേക്കേറി. മുംബൈയില്‍ എത്തിയതോടെ പയ്യന്‍ ദിലീപ് ക്രിക്കറ്റ് പരിശീലനം തുടങ്ങി. സര്‍വകലാശാല മല്‍സരങ്ങളിലൂടെ തിളങ്ങിയ ദിലീപ് സര്‍ദേശായി വൈകാതെ ഇന്ത്യന്‍ ടീമിലെത്തി. 1961ല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. അരങ്ങേറ്റ മല്‍സരത്തില്‍ 28റണ്‍സെടുത്ത് ഹിറ്റ് വിക്കറ്റായി. 1971 ല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ തന്നെ ദിലീപ് സര്‍ദേശായി ഡബിള്‍ സെഞ്ചുറി അടിച്ചു. കിങ്സ്റ്റണില്‍ നടന്ന മല്‍സരത്തില്‍ 212റണ്‍സാണ് ദിലീപ് സര്‍ദേശായി നേടിയത്. 17 ഫോറും ഒരു സിക്സറും 212റണ്‍സിലുണ്ടായിരുന്നു.  1971 ഫെബ്രുവരി 18 മുതല്‍ 23 വരെയായിരുന്നു ആദ്യ ടെസ്റ്റ്. ഒരു ഇന്ത്യന്‍താരം വിദേശ മണ്ണില്‍ കുറിക്കുന്ന ആദ്യ ഡബിള്‍ സെഞ്ചുറിയായിരുന്നു അത്. അഞ്ചുമല്‍സരങ്ങളുട പരമ്പര ഇന്ത്യ നേടിയതും ചരിത്ര സംഭവമായി. ഈ പരമ്പരയില്‍ മൂന്ന് സെഞ്ചുറി ഉള്‍പ്പെടെ ദിലീപ് സര്‍ദേശായി 642റണ്‍സ് നേടി. 

ആക്രമണോസ്തുകനായ ബാറ്റ്സ്മാന്‍

സാങ്കേതികത്തികവുള്ള റിസ്റ്റ് ബാറ്റ്സ്മാനായിരുന്നു ദിലീപ് സര്‍ദേശായി. സ്പിന്നര്‍മാര്‍ക്കെതിരെയാണ് കൂടുതല്‍ മികവ് കാട്ടിയതെങ്കിലും വെസ്്റ്റ് ഇന്‍ഡ‍ീസില്‍ കരീബിയന്‍ പേസ് പടയെ അതിവിദഗ്ധമായി സര്‍ദേശായി നേരിട്ടു. മികച്ച സ്ട്രോക്ക് പ്ലേയറായിരുന്ന ദിലീപ് സര്‍ദേശായി 30 ടെസ്റ്റില്‍ നിന്ന് 2001 റണ്‍സും അഞ്ച് സെഞ്ചുറിയും 9 അര്‍ധസെഞ്ചുറിയും നേടി. സെഞ്ചുറികളില്‍ രണ്ടെണ്ണം ഡബിള്‍ സെഞ്ചുറിയാണ്.  ഉയര്‍ന്ന സ്കോര്‍ വെസ്റ്റ് ഇന്‍ഡീസില്‍ കുറിച്ച 212 റണ്‍സാണ്.  1961ല്‍ ഇംഗ്ലണ്ടിനെതിരെ തുടങ്ങിയ ക്രിക്കറ്റ് കരിയര്‍ 1972 ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെ അവസാനിച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...