സെഞ്ചുറി നേടിയത് സിറാജോ? അശ്വിന്റെ നേട്ടത്തിൽ ഹൃദയം കവരും ആഘോഷം; വിഡിയോ

siraj-16
SHARE

അപൂർവമായൊരു ആഘോഷത്തിനാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം സാക്ഷിയായത്.  ഇംഗ്ലണ്ടിെനതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയത് രവിചന്ദ്രൻ അശ്വിനോ അതോ മുഹമ്മദ് സിറാജോ? എന്ന സംശയം കുറച്ച് നേരത്തേക്കെങ്കിലും ആരാധകർക്കുണ്ടായി. ആഹ്ലാദത്തോടെ ഓടിയടുക്കുന്ന സിറാജിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു. 

കൂട്ടുകാരന്റെ നേട്ടം ആഘോഷമാക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കാത്ത സിറാജിനെ മാതൃകയാക്കണമെന്ന് വരെ ആരാധകർ പറയുന്നു. രണ്ടാം ഇന്നിങ്സിൽ 86 റൺസെടുക്കുമ്പോഴേയ്ക്കും അഞ്ച് വിക്കറ്റുകൾ നഷ്ടമാക്കിയ ഇന്ത്യ, അത്ര വലുതല്ലാത്ത ലീഡിൽ ഒതുങ്ങുമെന്ന് കരുതിയിരിക്കെയാണ് ആവേശ പ്രകടനവുമായി ബോളിങ്ങിനു പിന്നാലെ ബാറ്റിങ്ങിലും അശ്വിൻ മിന്നിത്തിളങ്ങിയത്. 37–ാം ഓവറിന്റെ ആദ്യ പന്തിൽ അക്സർ പട്ടേലിനെ മോയിൻ അലി വീഴ്ത്തിയതോടെയാണ് എട്ടാമനായി അശ്വിൻ ക്രീസിലെത്തുന്നത്. ഏഴാം വിക്കറ്റിൽ വിരാട് കോലിക്കൊപ്പം 96 റൺസിന്റെ കൂട്ടുകെട്ട് തീർത്താണ് അശ്വിൻ ഇന്ത്യയെ കരകയറ്റിയത്. 

പതിനൊന്നാമനായി സിറാജ് ക്രീസിലെത്തുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 237 റൺസ്. ഈ സമയം 82 റൺസാണ് അശ്വിന്റെ പേരിലുണ്ടായിരുന്നത്. അഞ്ചാം സെഞ്ചുറിയിലേക്ക് വേണ്ടിയിരുന്നത് 18 റൺസ്. ചെപ്പോക്കിലെ സ്പിന്നിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചിൽ സിറാജിനെ കൂട്ടുപിടിച്ച് അശ്വിൻ സെഞ്ചുറി തികയ്ക്കുമെന്ന് ആരും കരുതിയിരിക്കില്ല. പക്ഷേ സംഭവിച്ചതോ? രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകരെ ആവേശത്തിലാഴ്ത്തി മുഹമ്മദ് സിറാജ് അദ്ദേഹത്തിന് ഏറ്റവും യോജിച്ച കൂട്ടുകാരനായി. ജാക്ക് ലീച്ചും മോയിൻ അലിയുമെല്ലാം കുത്തിത്തിരിയുന്ന പന്തുകളുമായി പരീക്ഷിച്ചിട്ടും അശ്വിന്റെ സെഞ്ചുറിക്കായി 21 പന്തുകളാണ് സിറാജ് പിടിച്ചുനിന്നത്. ഇതിനിടെ രണ്ടു സിക്സറും പറത്തി.  

MORE IN SPORTS
SHOW MORE
Loading...
Loading...