‘ചെന്നായ് കൂട്ടത്തിലേക്ക് എന്നെ എറിഞ്ഞോളൂ; ഞാൻ തിരിച്ചു വരും’; പ്രതികരിച്ച് ശ്രീശാന്ത്

sree-ipl-video
SHARE

ഐപിഎൽ താരലേലത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി മലയാളി താരം എസ്. ശ്രീശാന്ത്. സമൂഹമാധ്യമത്തിൽ ലൈവിലെത്തിയാണ് ശ്രീശാന്ത് തന്റെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. തോറ്റുകൊടുക്കാൻ തയാറല്ലെന്നും കാത്തിരിക്കുമെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.

‘ഐപിഎല്ലിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇല്ലാത്തതിൽ പരാതിയില്ല. എട്ടു കൊല്ലം കാത്തിരിക്കാമെങ്കിൽ ഇനിയും കാത്തിരിക്കാനാകും. 38 വയസ്സേ ആയിട്ടുള്ളൂ. ഐപിഎല്ലിൽ കളിക്കാൻ വിധിച്ചിട്ടുണ്ടെങ്കിൽ അടുത്ത സീസണിൽ, അല്ലെങ്കിൽ അടുത്തതിൽ നിശ്ചയമായും ഉണ്ടാകും. തോറ്റുകൊടുക്കാൻ തയാറല്ല. ആരുടെയും സഹതാപവും വേണ്ട. പക്ഷേ എല്ലാവരുടെയും പിന്തുണ തുടരണം. ഇനിയും കഠിനമായി പ്രയത്നിക്കും. മുന്നിൽ മാതൃകയായി ഒട്ടേറെ സൂപ്പർസ്റ്റാറുകളുണ്ട്. ചില കാര്യങ്ങൾ നമ്മുടെ വഴിക്കു വരില്ലെന്നാണ് അവർ പഠിപ്പിച്ചിട്ടുള്ളത്. ശ്വാസമുള്ളിടത്തോളം കാലം തോറ്റുകൊടുക്കില്ല. ഏതെങ്കിലും ടീമിന് എന്നെ വേണമെങ്കിൽ ഇനിയും അവസരമുണ്ട്. ഒരു സർപ്രൈസ് കോൾ പ്രതീക്ഷിക്കുന്നുമുണ്ട്. ക്രിസ് ഗെയ്‌ലിനു ലഭിച്ചതു പോലെ ഒരവസരമാണ് പ്രതീക്ഷിക്കുന്നത്. വിജയ് ഹസാരെ ടൂർണമെന്റിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തിന്റെ വിജയമാണ് ലക്ഷ്യം. ഇപ്പോൾ വയനാട്ടിലെ ക്യാംപിലാണ്. വൈകാതെ ബെംഗളൂരുവിലേക്കു മത്സരത്തിനായി തിരിക്കും...’ ശ്രീശാന്ത് പറഞ്ഞു.

ഇതിനു പിന്നാലെ സമൂഹമാധ്യമത്തിൽ മറ്റൊരു പോസ്റ്റും ശ്രീശാന്തിന്റേതായി വന്നു–‘ചെന്നായ്ക്കൂട്ടത്തിലേക്ക് എന്നെയെറിഞ്ഞോളൂ, ഞാൻ തിരിച്ചു വരും, അവയെത്തന്നെ നയിച്ചുകൊണ്ട്...’ എന്നായിരുന്നു ‘റോക്ക് സ്റ്റാർ’ സിനിമയിലെ പാട്ടിന്റെ അകമ്പടിയോടെയുള്ള വിഡിയോ പോസ്റ്റ്. അതിജീവിക്കില്ലെന്ന് കരുതി ഒഴിവാക്കേണ്ട, കൂടുതൽ കരുത്തോടെ തിരികെ വരുമെന്ന ശ്രീശാന്തിന്റെ ശക്തമായ സൂചനകൂടിയായി ഇത്.

292 പേരാണ് ഐപിഎൽ താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 164 ഇന്ത്യക്കാരും 125 വിദേശ താരങ്ങളുമാണുള്ളത്. ലേലത്തിൽ സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ,എം.ഡി. നീതീഷ് എന്നിങ്ങനെ അഞ്ചു മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. കർണാടകയുടെ മലയാളി താരം കരുൺ നായരും അന്തിമ പട്ടികയിൽ ഇടം പിടിച്ചു. വ്യാഴാഴ്‌ച ഉച്ചക്ക് മൂന്ന് മണിക്ക് ചെന്നൈയിലാണ് ലേലം തുടങ്ങുക.

MORE IN SPORTS
SHOW MORE
Loading...
Loading...