‘സച്ചിൻ പാജി ഒരു വികാരം, എപ്പോഴും ഇന്ത്യയുടെ അഭിമാനം’: പിന്തുണയുമായി ശ്രീശാന്ത്

sree-sachin-tweet
SHARE

‌കർഷകസമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനു പിന്തുണയുമായി മലയാളി താരം എസ്.ശ്രീശാന്ത്. ‘സച്ചിൻ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേർ നമ്മുടെ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.’– ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

#IStandWithSachin #NationWithSachin എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് ശ്രീശാന്തിന്റെ കുറിപ്പ്. പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ കർഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിൻ തെൻഡുൽക്കറുടെ വിവാദ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.

ഇതിനെ പിന്തുണച്ചും എതിർത്തും നിരവധിപേരാണ് രംഗത്തെത്തിയത്. സച്ചിന്റെ സമൂഹമാധ്യമ പേജുകളിൽ നിരവധി മലയാളികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സച്ചിന്റെ കട്ടൗട്ടിൽ കരി ഓയിൽ ഒഴിച്ചു.

സച്ചിന്റെ ട്വീറ്റിന് ചുവടുപിടിച്ചു നിരവധിപേർ സമൂഹമാധ്യമങ്ങളിൽ എത്തിയെങ്കിലും ആദ്യമായാണ് ഒരു ക്രിക്കറ്റ് താരം പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്. ശ്രീശാന്തിന്റെ 38ാം ജന്മദിനമാണ് ശനിയാഴ്ച. 7 വർഷത്തെ ഇടവേളയ്ക്കുശേഷം മത്സരക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ശ്രീശാന്ത്, ഐപിഎൽ താരലേലത്തിനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി ശ്രീശാന്ത് മത്സരിച്ചിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...