മലയാള മനോരമ കായിക പുരസ്കാരം; അവസാനറൗണ്ടില്‍ ഇടം പിടിച്ച് ഫ്യൂച്ചര്‍ ഫുട്ബോള്‍

futurefootball-01
SHARE

കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്സ് ക്ലബ്ബിനു മലയാള മനോരമ നൽകുന്ന പുരസ്കാരത്തിനുള്ള ഫൈനല്‍ റൗണ്ടില്‍ എറണാകുളം ഏലൂർ ഫ്യൂച്ചര്‍ ഫുട്ബോള്‍ അക്കാദമി ഇടംപിടിച്ചു . സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. മൂന്നുക്ലബുകളാണ് അവസാന റൗണ്ടില്‍.  

ഏലൂരിൽ ഫാക്ടിന്റെ ഗ്രൗണ്ടിൽ ഭാവിയിലേക്കു പന്തു തട്ടുകയാണു ഫ്യൂച്ചർ ഫുട്ബോൾ ക്ലബ് . 8 വർഷങ്ങൾക്കു മുൻപു 40 കുട്ടികളുമായി തുടങ്ങിയ അക്കാദമിയില്‍ ഇപ്പോൾ പരിശീലനം നേടുന്നതു മുന്നൂറോളം കുട്ടികളാണ്. 2015 മുതൽ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ തുടങ്ങിയ ക്ലബ് 2019ൽ ഐ ലീഗ് അണ്ടർ 13 വിഭാഗത്തിൽ ഫൈനൽ റൗണ്ടിലെത്തി. കെഎഫ്എയുടെ കേരള അക്കാദമി ലീഗിൽ അണ്ടർ 12, 14, 16, 18 വിഭാഗങ്ങളിൽ എഫ്എഫ് ടീമുകൾ കളിക്കുന്നു. ഗോകുലം കേരള ടീമിലെ നിംഷാദ് റോഷൻ, ആൽഫിൻ വാൾട്ടർ, മോഹൻ ബഗാനുവേണ്ടി കളിച്ച അതുൽ ഉണ്ണിക്കൃഷ്ണൻ, ബെംഗളൂരു എഫ്സി അണ്ടർ 13 താരം സൈറസ് അഭിലാഷ്, കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 15 ടീമിലെ കെ.എസ്.മാഹിൻ, ഫാരിസ് അലി  തുടങ്ങി വളർന്നു വരുന്ന ഒട്ടേറെ താരങ്ങൾ ഫ്യൂച്ചറിന്റെ സംഭാവനകളാണ്. 7 പ്രായവിഭാഗങ്ങളിലായാണു പരിശീലനം. പരിശീലകനും സന്തോഷ് ട്രോഫി മുൻ താരവുമായ വി.പി.ഷാജിയാണു ഫ്യൂച്ചറിന്റെ ഹെഡ് കോച്ച്. വാൾട്ടർ ആന്റണി, പോൾ പി.തോമസ്, ടി.കെ.അഷ്റഫ്, ഡി.പ്രമോദ് കുമാർ, രാജീവ് രാജ്, കലാധരൻ, റെജിസൺ ഇ.തോമസ്, ജോബിഷ്, കെ.ടി.അഭിലാഷ് തുടങ്ങിയവരാണു മറ്റു പരിശീലകർ. എല്ലാവരും കോച്ചിങ് ലൈസൻസ് നേടിയവരും സന്തോഷ് ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ കളിച്ചിട്ടുള്ളവരുമാണ്. 

 മൈതാനവും ക്ലബ്ബിനു പ്രവർത്തിക്കാൻ ഓഫിസും ഫാക്ട് മാനേജ്മെന്റ് സൗജന്യമായി നൽകിയതാണ്. ഫാക്ട് ജീവനക്കാർ തന്നെയാണു ക്ലബ്ബിന്റെ ഔദ്യോഗിക ചുമതലകൾ വഹിക്കുന്നത്. രക്ഷിതാക്കളിൽനിന്നു ചെറിയ ഫീസ് ഈടാക്കിയാണു പ്രവർത്തനം. എന്നാൽ, പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും ഫുട്ബോൾ സ്വപ്നങ്ങൾ നഷ്ടപ്പെടില്ലെന്നു ക്ലബ് ഭാരവാഹികളുടെ ഉറപ്പ്. 

MORE IN SPORTS
SHOW MORE
Loading...
Loading...