എന്തു കൊണ്ട് ബ്ളാസ്റ്റേഴ്സ് തോല്‍ക്കുന്നു; എവിടെയാണ് പിഴക്കുന്നത് ?

kerla-blasters-team
SHARE

പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് കേരള ബ്ലാസ്റ്റേഴ്സ്  നല്‍കിയത്. ഐ.എസ്.എല്ലിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ തോറ്റശേഷം ജംഷഡ്പൂരിനെതിരെ ഉജ്ജ്വല ജയം നേടിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ത്രസിപ്പിച്ചത്. അതിന് ശേഷം ഒരു ഗോളിന് പിന്നിട്ടു നിന്നിട്ടും ഇന്‍ജുറി ടൈമില്‍ കെ.പി. രാഹുലിന്റെ  ഗോളില്‍ ബംഗളൂരുവിനെ തകര്‍ത്തു. ശക്തരായ ഗോവയ്ക്കെതിരെ ഒരു ഗോളിന് പിന്നില് നിന്ന ശേഷം സമനില പിടിച്ചുവാങ്ങി. ഇതൊക്കെ കണ്ട ആരാധകര്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു. എന്നാല്‍ എ.ടി.കെ മോഹന്‍ ബഗാനെതിരെയുള്ള ഒറ്റ മല്‍സരം എല്ലാം മാറ്റിമറിച്ചു. ഗാരി ഹൂപ്പറുടെ സൂപ്പര്‍ ഗോളടക്കം രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളിന് തോറ്റു. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷ ഏതാണ്ട് അസ്തമിക്കുകയും ചെയ്തു.

ബ്ലാസ്്റ്റേഴ്സിന് എന്തു പറ്റി?

ലീഡ് എടുക്കുക, ആദ്യ പകുതിയില്‍ എതിരാളികളെ സമ്മര്‍ദത്തിലാക്കുംവിധം മികച്ച രീതിയില്‍ കളിക്കുക. എന്നാല്‍ കളിയുടെ അവസാന സമയങ്ങളില്‍ അലസമായി കളിച്ച് എതിരാളികള്‍ക്ക്  ഗോള്‍ സമ്മാനിക്കുക. ഇതാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള് നേരിടുന്ന മുഖ്യ പ്രതിസന്ധി.  ലീഗിന്റെ ആദ്യഘട്ടത്തില്‍ മുന്നേറ്റ നിരയുടെ ഏകോപനമില്ലായ്മയായിരുന്നു പ്രശ്നം. എന്നാല്‍ ഗാരി ഹൂപ്പര്–ജോര്‍ദാന്‍ മറെ സഖ്യം ക്ലിക്കായതോടെ ആ പ്രശ്നം ഏതാണ്ട് പരിഹരിച്ചു. അതേ സമയം ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രതിരോധം പാളുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബെക്കാരി കോനെയും കോസ്റ്റയും വേണ്ടത്ര ശോഭിച്ചില്ല. റെക്കോര്‍ഡ് പ്രതിഫലം നല്കി കൊണ്ടുവന്ന നിഷു കുമാറിനും ഒന്നും ചെയ്യാനായില്ല.  അറ്റാക്കിങ് തേഡില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പ്രതിരോധനിര പരാജയപ്പെടുന്ന കാഴ്ചയും അത് മുതലാക്കി എതിരാളികള്‍ ഗോളടിക്കുന്നതും സാധാരണയായിരിക്കുന്നു. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ മികച്ച സേവുകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ ദയനീയമായേനെ. 

മുന്നേറ്റനിരയിലെ പ്രശ്നങ്ങള്‍

കൃത്യമായ സമയത്ത് കൃത്യമായ ആള്‍ക്ക് പാസ് നല്കുക, അത് കൃത്യസമയത്ത്  തന്നെ പോസ്റ്റിലേക്ക് നിറയൊഴിക്കുക. മുന്നേറ്റ നിരയും മധ്യനിരയും തമ്മിലുളള ഏകോപനവും ഭാവനസമ്പന്നമായ പാസുകളും ഒരു ടീമിന്റെ വിജയത്തിന് ഏറെ നിര്‍ണായകമാണ്. എന്നാല്‍ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് പലപ്പോഴും നടപ്പിലാകുന്നില്ല. പെനല്‍റ്റി  ബോക്സ് വരെ പന്തെത്തിക്കുന്ന സഹല്‍ അബ്ദുല്‍ സമദ് യഥാസമയം സ്ട്രൈക്കര്‍മാര്‍ക്ക് പന്ത് നല്കുന്നതില്‍ മിക്കപ്പോഴും വീഴ്ച വരുത്തുന്നു. കെ.പി രാഹുലും അങ്ങനെതന്നെ. യഥാസമയം ഷോട്ടുതിര്‍ക്കുന്നതില്‍ ഹൂപ്പറും മറെയും പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നു. 

നിലവാരമില്ലാത്ത റഫറിമാര്‍

ഓരോ സീസണ്‍ കഴിയുമ്പോഴും ലീഗിലെ ടീമുകളും നിലവാരവും കളിക്കാരുടെ നിലവാരവും കൂടുന്നു. എന്നാല്‍ കളി നിയന്ത്രിക്കുന്ന റഫറിമാരുടെ കാര്യം ദയനീയമാണ്.  റഫറിമാരുടെ ഈ നിലവാരമില്ലായ്മയ്ക്ക് മിക്കപ്പോഴും ഇരയാകുന്നത് ബ്ലാസ്റ്റേഴ്സ് ആണെന്നതും യാദൃശ്ചിമാകാം. റഫറിമാരുടെ പിടിപ്പുകേട് മല്‍സരഫലം തന്നെ മാറ്റിമറിക്കുന്ന കാഴ്ച ഐ,എസ്.എല്ലില്‍ പതിവാകുന്നു. ഇത്രയും നന്നായി നടത്തുന്ന ഒരു ലീഗില്‍ ഗോള്‍ ലൈന്‍ ടെക്നോളജിയോ വാറോ (VAR) ഇല്ലാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കുന്നു. മുന്‍താരങ്ങളടക്കമുള്ള വിദഗ്ധര്‍ ടെക്നോളജിയുടെ ഉപയോഗം ഐ.എസ്.എല്ലില്‍ വേണമെന്ന അഭിപ്രായക്കാരാണ്. ഇനിവരും സീസണുകളിലെങ്കിലും സംഘാടകര്‍ ഇത് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

MORE IN SPORTS
SHOW MORE
Loading...
Loading...