
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കു നന്ദി അറിയിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.
മകൾക്കായി ജഴ്സി സമ്മാനിച്ചതിനാണ് കോലിക്ക് നന്ദി അറയിച്ച് വാർണർ ചിത്രം വങ്കുവച്ചിരിക്കുന്നത് വാർണറുടെ മകൾ ഇൻഡി, കോലിയുടെ ജഴ്സി ധരിച്ചു നിൽക്കുന്ന ചിത്രമടക്കം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് പ്രതികരണം. മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വിരാട് കോലിയെന്നും വാർണർ വെളിപ്പെടുത്തി.
ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ തോറ്റെങ്കിലും തന്റെ മകൾ സന്തോഷത്തിലാണെന്നാണു വാർണർ പറയുന്നത്. ഞങ്ങൾ പരമ്പര തോറ്റെന്ന് അറിയാം, എന്നാൽ സന്തോഷത്തോടെയിരിക്കുന്ന ഒരു പെൺകുട്ടി ഇവിടെയുണ്ട്. വിരാട് കോലിക്ക് നന്ദി അറിയിക്കുന്നു, ഇന്ഡിക്ക് താങ്കളുടെ ജഴ്സി ഇഷ്ടപ്പെട്ടിരിക്കുന്നു. ഡാഡിക്കും ആരൺ ഫിഞ്ചിനുമൊപ്പം അവൾക്ക് കോലിയെയും ഇഷ്ടമാണ്– വാർണർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇന്ത്യൻ ക്യാപ്റ്റനുമായി വളരെ അടുത്ത സൗഹൃദമാണ് ഡേവിഡ് വാർണർക്കുള്ളത്. വാർണറുടെ മകൾ കോലിയുടെ വലിയ ആരാധികയാണെന്നു താരം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടെ വാർണറുടെ ഗ്രൗണ്ടിലെ മാന്യമായ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കരിയറിന്റെ തുടക്കകാലത്ത് കോലി– വാർണർ തർക്കങ്ങൾ ക്രിക്കറ്റ് മത്സരങ്ങളിലെ പതിവു കാഴ്ചയായിരുന്നു. എന്നാൽ ഇപ്പോൾ ഇരു താരങ്ങളും അടുത്ത സുഹൃത്തുക്കളാണ്.