ഇൻജറി ടൈമില്‍ രാഹുലിന്റെ ഗോൾ; ബെംഗളൂരുവിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്

kp-rahul-04
SHARE

ഐഎസ്എല്ലിലെ സതേണ്‍ ഡര്‍ബിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിെര രണ്ട് ഗോളിന് ബെംഗളൂരു എഫ്സിയെ തോല്‍പ്പിച്ചു. ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ മലയാളിതാരം കെ.പി.രാഹുലാണ് വിജയഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ലീഡ് വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. 73–ാം മിനിറ്റില്‍ പ്യൂറ്റിയയാണ് മഞ്ഞപ്പടയുടെ ആദ്യഗോള്‍ നേടിയത്. ജയത്തോെട ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്‍പതാമതെത്തി. നിലവിൽ 12 മത്സരങ്ങളിൽനിന്ന് 13 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാളിനെ പിന്തള്ളിയാണ് മുന്നോട്ടു കയറിയത്. ബെംഗളൂരു എഫ്‍സിക്കും 12 കളികളിൽനിന്ന് 13 പോയിന്റാണെങ്കിലും, ഗോൾശരാശരിയുടെ മികവിൽ ഏഴാം സ്ഥാനത്താണ്.

സീസണിലെ മൂന്നാം ജയം തേടിയെത്തിയ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് മത്സരത്തിന്റെ 24–ാം മിനിറ്റിലാണ് ബെംഗളൂരു എഫ്‍സി ലീഡ് നേടിയത്. ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ത്രോയിൽനിന്നാണ് ഗോളിന്റെ പിറവി. ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് എത്തിയ രാഹുൽ ഭേക്കെയുടെ ത്രോയ്ക്ക് തകർപ്പൻ സൈഡ് വോളിയിലൂടെ ക്ലെയ്റ്റൻ സിൽവ ഗോളിലേക്ക് വഴികാട്ടി. സ്കോർ 1–0. തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ തുടർച്ചയായ നിഷ്ഫലമാകുന്നതിനിടെയാണ് പകരക്കാരൻ താരം പ്യൂറ്റിയ രക്ഷകനായത്. മത്സരത്തിന് 73 മിനിറ്റ് പ്രായമുള്ള സമയത്ത് ബെംഗളൂരു ബോക്സിനുള്ളിൽ പന്തിനായി താരങ്ങളുടെ കൂട്ടപ്പൊരിച്ചില്‍. ഇതിനിടെ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു മാത്രം മുന്നിൽ നിൽക്കെ ഗാരി ഹൂപ്പർ തൊടുത്ത പൊള്ളുന്ന ഷോട്ട്, സന്ധുവിന്റെ ദേഹത്തു തട്ടിത്തെറിച്ചു. സന്ധു വീണുപോയെങ്കിലും പന്ത് ബോക്സിനുള്ളിൽത്തന്നെ കിടന്നു കറങ്ങി. ഇതിനിടെ പോസ്റ്റിനു തൊട്ടുമുന്നിൽ വീണുകിട്ടിയ അവസരം പുയ്റ്റിയ ഗോളിലേക്ക് പറഞ്ഞയച്ചു. സ്കോർ 1–1.

മത്സരം മുഴുവൻ സമയം കഴിഞ്ഞ ഇൻജറി ടൈമിലേക്ക് കടന്നതോടെ ഏവരും സമനില ഉറപ്പിച്ചു. അഞ്ച് മിനിറ്റ് ഇൻജറി ടൈമും അവസാന നിമിഷങ്ങളിലേക്ക് പ്രവേശിച്ചതിനു പിന്നാലെയാണ് കെ.പി. രാഹുലിന്റെ ഒറ്റയാൾ മുന്നേറ്റം അപ്രതീക്ഷിതമായി ഗോളിലെത്തിയത്. ബ്ലാസ്റ്റേഴ്സ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ കിട്ടിയ പന്തുമായി മഞ്ഞപ്പടയുടെ കൗണ്ടർ അറ്റാക്ക്. പന്തുമായി കുതിച്ചുപാഞ്ഞ രാഹുൽ എതിരാളികളെ വെട്ടിയൊഴി‍ഞ്ഞ് ബെംഗളൂരു ബോക്സിന് അരികിലേക്ക്. അകത്തേക്ക് കയറി രാഹുൽ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് സന്ധുവിന്റെ നീട്ടിയ കൈകള്‍ക്കടിയിലൂടെ ഒന്ന് ബൗൺസ് ചെയ്ത് വലയിലേക്ക്. സ്കോർ 2–1.

MORE IN SPORTS
SHOW MORE
Loading...
Loading...