ആ വീര്യം, കൃത്യത, വേഗത... ശ്രീ പഴയ ശ്രീ തന്നെ; വാക്കുപാലിച്ച് താരം

sreesanth-12
ഫയൽ ചിത്രം
SHARE

ഇനിയൊരു തിരിച്ചുവരവ് ശ്രീശാന്തിനില്ല, അവന്റെ കരിയര്‍ തീര്‍ന്നു, അഹങ്കാരിയുടെ പതനം അങ്ങനെ പലതും കേട്ടു. പക്ഷെ വിമര്‍ശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും അതിന്റെ വഴിക്ക് വിട്ട് നഷ്ടപ്പെട്ട കരിയര്‍ തിരിച്ചുപിടിക്കാന്‍ ശ്രീശാന്ത് അണിയറയില്‍ ഒരുങ്ങുകയായിരുന്നു. ആദ്യപടി ആജീവനാന്ത വിലക്ക് മാറ്റിയെടുക്കുകയായിരുന്നു. 2013ല്‍ ഏര്‍പ്പെടുത്തിയ വിലക്ക് അങ്ങനെ ഏഴുവര്‍ഷമായി ചുരുക്കിയപ്പോള്‍ ശ്രീശാന്തിന് വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടിലെത്താനുള്ള സാഹചര്യമൊരുങ്ങി. 

തിരിച്ചുവരവ്

ഏഴുവര്‍ഷം ഒരു പന്തുപോലും ബോള്‍ ചെയ്യാനാവാതെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കയറാനാകതെ പുറത്തുനിന്ന ശ്രീശാന്ത്, മല്‍സര ക്രിക്കറ്റിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ ചോദ്യങ്ങള്‍ ഒട്ടേറെയായിരുന്നു. കൈക്കുഴയ്ക്ക് പഴയ വഴക്കമുണ്ടാകുമോ? സീം പൊസിഷന്‍ പഴയതുപോലെ നിലനിര്‍ത്താനാകുമോ? ആ കാലുകളുടെ വേഗം എങ്ങനെയായിരിക്കും?  ലൈനും ലെങ്തും കൃത്യമായിരിക്കുമോ? മല്‍സരങ്ങള്‍ക്ക് അനുയോജ്യമായ ശാരിരിക്ഷമത ഉണ്ടാകുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉള്ള ഉത്തരമാണ് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ പോണ്ടിച്ചേരിക്കെതിരെ കണ്ടത്. ലൈനും ലെങ്തും കൃത്യതയുള്ളതായിരുന്നില്ല, എന്നാല്‍ കൈക്കുഴയുടെ വഴക്കവും സീം പൊസിഷനും പഴയപ്രതാപകാലത്തെ ഓര്‍മിപ്പിച്ചു. മല്‍സരത്തില്‍ ലഭിച്ച വിക്കറ്റ് ശ്രീശാന്തിന്റെ ഔട്ട്സ്വിങ്ങറുകളുടെ ക്രൗര്യം വ്യക്തമാക്കുന്നതായിരുന്നു. തിരിച്ചുവരവില്‍ ബാറ്റ്സ്മാനെ ക്ലീന്‍ ബോള്‍ഡാക്കി കിട്ടിയ വിക്കറ്റ് ശ്രീശാന്തിന് വലിയ ആത്മവിശ്വാസം നല്‍കും. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്താണ് ഏക വിക്കറ്റ് നേട്ടം. ഏഴുവര്‍ഷം മല്‍സര ക്രിക്കറ്റില്‍ ഇല്ലാതിരുന്ന, പരിശീലനത്തിന് പോലും സാധ്യമല്ലാതിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യമാണ്. അടുത്ത മല്‍സരത്തില്‍ ബോള്‍ ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ശ്രീശാന്തിന് അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.  

ഇന്ത്യയ്ക്കായി കളിക്കുമോ?

മല്‍സരക്രിക്കറ്റിലേക്ക് തിരിച്ചെത്തിയശേഷം ആദ്യവിക്കറ്റ് നേട്ടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എല്ലാം ദൈവാനുഗ്രഹം’ എന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. ഈ താളം നിലനിര്‍ത്തി, ഇന്ത്യയ്ക്കായി കളിക്കണമെന്നും 37കാരനായ ശ്രീശാന്ത് പറഞ്ഞു. വിലക്കിന്റെ സമയത്ത് ശാരിരികക്ഷമത നിലനിര്‍ത്താന്‍ ശ്രമിച്ച ശ്രീശാന്ത് വീട്ടിലെ ക്രിക്കറ്റ് പിച്ചില്‍ ചെറിയ പരിശീലനവും തുടര്‍ന്നു. എന്നാല്‍ മല്‍സര ക്രിക്കറ്റിന് ഇത് പോര. ആ ജീവനാന്ത വിലക്ക് നീങ്ങിയതിനുപിന്നാലെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പരിശീലനത്തിന് ഇറങ്ങി. ഒപ്പം മികച്ച ഒരു ട്രെയിനറെ വച്ച് ക്രിക്കറ്റിന് അനുയോജ്യമായ ഫിറ്റനസ് വീണ്ടെടുക്കാന്‍ മുന്നിട്ടിറങ്ങി. അതിന് ഫലം കണ്ടു. മല്‍സര ഫിറ്റ്നസ് വീണ്ടെടുത്താല്‍ ടീമിലെടുക്കുമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ അറിയിപ്പുകൂടി കിട്ടിയതോടെ ശ്രീശാന്ത് കൂടുതല്‍‌ ആവേശത്തോടെ മല്‍സരക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ പ്രയത്നിച്ചു. അതിന്റെ ഫലമാണ് സെയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ കണ്ടത്.

MORE IN SPORTS
SHOW MORE
Loading...
Loading...