കരിങ്കോഴിയ്ക്കു മുന്നില്‍ ധോണി ‘ക്ളീന്‍ ബൗള്‍ഡ്’; ലാഭം ചിറകടിക്കുന്ന ബിസിനസ്

dhoni-farm
SHARE

സെലിബ്രിറ്റികള്‍ കൗതുകകരമായ പല ബിസിനസുകളിലേക്കും തിരിയാറുണ്ട്. ചിലര്‍ നേരമ്പോക്കിനാണെങ്കില്‍ മറ്റു ചിലര്‍ ഗൗരവമായിട്ടാണ് ബിസിനസ് ചെയ്യുന്നത്. സെലിബ്രിറ്റികളുടെ കച്ചവടങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. മൈതാനത്തു വേറിട്ട തന്ത്രങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ക്രിക്കറ്റ് താരം എം.എസ് ധോണി തന്റെ ബിസിനസിലും ഈ രീതി പിന്തുടര്‍ന്നു. 

പോഷകസമ്പുഷ്ടമായ കറുത്ത മാംസമുള്ള കരിങ്കോഴിയിൽ (കടക്നാഥ് കോഴി) ആണ് താരത്തിന്റെ കണ്ണുടക്കിയത്.  മധ്യപ്രദേശിലെ ബീലാഞ്ചൽ മേഖലയുടെ തനത് കോഴിയിനമായ കരിങ്കോഴിയുടെ കുഞ്ഞുങ്ങളെ അദ്ദേഹം ബുക്ക് ചെയ്തു കഴിഞ്ഞു. ധോണിയുടെ റാഞ്ചിയിലുള്ള ഓർഗാനിക് ഫാമിലേക്ക് 2000 കുഞ്ഞുങ്ങളെയാണ് മധ്യപ്രദേശിൽനിന്ന് എത്തിക്കുക. 

മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കർഷകനായ വിനോദ് മേധയാണ് ധോനിക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. അടുത്ത മാസം 15ന് കുഞ്ഞുങ്ങളെ കൈമാറും. തന്റെ 43 ഏക്കർ സ്ഥലത്താണ് ധോണിയുടെ ജൈവകൃഷി. പച്ചക്കറികളും കന്നുകാലിവളർത്തലുമെല്ലാം ഉൾപ്പെടുന്ന ഫാമാണിത്. സഹിവാൾ ഇനം പശുക്കളാണ് ഇവിടുത്തെ പ്രധാനികൾ. അതുപോലെതന്നെ മത്സ്യക്കൃഷിയും കോഴി–താറാവ് എന്നിവയും ഇവിടുണ്ട്.

മറ്റു കോഴിയിനങ്ങളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കൂടുതലും കുറഞ്ഞ കൊളസ്ട്രോളുമാണ് കരിങ്കോഴിമാംസത്തിന്റെ പ്രത്യേകത. മധ്യപ്രദേശിന്റെ തനത് കോഴിയിനമായ കരിങ്കോഴിക്ക് ഭൗമസൂചിക പദവിയും ലഭിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡുമായി നീണ്ടനാളത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് മധ്യപ്രദേശ് ഈ പദവി നേടിയെടുത്തത്. ആദിവാസി മേഖലയായ ജാബുവയിൽ കരിങ്കോഴികളുടെ ഉന്നമനത്തിനായി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ ഒട്ടേറെ ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...