‘ടീമാണ് മോശം; ക്യാപ്റ്റനല്ല’; കോലിയെ മാറ്റേണ്ടെന്ന് സെവാഗ്; പരിഹാരവും

sehwag-kohli
SHARE

ഐപിഎല്ലിൽ ഇതുവരെ ഒരു കിരീടം പോലും നേടാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂർ. ഈ സീസണിലും അത് തന്നെ തുടരുമെന്ന് ഉറപ്പായി. ഇതോടെ ടീമിനെയും ക്യാപ്റ്റൻ വിരാട് കോലിയെയും പഴിചാരുകയാണ് വിമര്‍ശകര്‍. ടീം ക്യാപ്റ്റൻ വിരാട് കോലിയെ നീക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നു. ഈ സാഹചര്യത്തിൽ കോലി‌യെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ഓപ്പണറായിരുന്ന വീരേന്ദർ സേവാഗ്.

ടീം മോശമായതിന് ക്യാപ്റ്റനെ പഴിച്ചിട്ടെന്തു കാര്യമെന്നാണ് സേവാഗ് ചോദിക്കുന്നത്. ‘ഒരു ക്യാപ്റ്റന് എത്ര ശ്രമിച്ചാലും ടീമിനോളം മികച്ചതാകാനേ കഴിയൂ. ഇന്ത്യൻ ടീമിനെ നയിക്കുമ്പോൾ കോലി വിജയങ്ങൾ സമ്മാനിക്കുന്നില്ലേ? അവിടെ ഏകദിനമായാലും ടെസ്റ്റായാലും ട്വന്റി20 ആയാലും ക്യാപ്റ്റനെന്ന നിലയിൽ കോലി വിജയങ്ങൾ സ്വന്തമാക്കുന്നുണ്ട്. പക്ഷേ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനത്ത് എത്തുമ്പോൾ അത് സംഭവിക്കുന്നില്ല. അദ്ദേഹത്തിന് ലഭിച്ച ടീം മോശമാണ് എന്നതാണ് കാരണം’. സേവാഗ് പറയുന്നു. ഇന്ത്യൻ ടീമിൽ സേവാഗിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന ഗൗതം ഗംഭീർ ഉൾപ്പെടെയുള്ളവർ കോലിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

‌ഏതു ക്യാപ്റ്റനായാലും നല്ലൊരു ടീമിനെ ലഭിക്കുന്നതാണ് പ്രധാനം. അതുകൊണ്ട് ക്യാപ്റ്റനെ മാറ്റാനല്ല ആർസിബി മാനേജ്മെന്റ് ശ്രമിക്കേണ്ടത്. മറിച്ച്, കൂടുതൽ മികച്ചൊരു ടീമിനെ വാർത്തെടുക്കാനാണ്. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ആരെയൊക്കെ ഉൾപ്പെടുത്തണം എന്ന് ആലോചിക്കണമെന്നാണ് സേവാഗിന്റെ അഭിപ്രായം. മികച്ചൊരു ഓപ്പണറും മധ്യനിര ബാറ്റ്സ്മാനും ഉണ്ടെങ്കിൽ ബാംഗ്ലൂരിന് മികച്ച ഫലമുണ്ടാക്കാൻ കഴിയുമെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

MORE IN SPORTS
SHOW MORE
Loading...
Loading...