അഞ്ചുവയസുകാരി മകൾക്ക് ഭീഷണി; ധോണിയുടെ വീടിന് സുരക്ഷ കൂട്ടി

ziva-dhoni-song-new
SHARE

മഹേന്ദ്രസിങ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിന്റെ സുരക്ഷ വർധിപ്പിച്ച് ജാർഖണ്ഡ് പൊലീസ്. ചെന്നൈ സൂപ്പർ കിങ്സ് നായകൻ ധോണിക്കും കുടുംബത്തിനുമെതിരെ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ടൂർണമെന്റിൽ ധോണിയുടെയും അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെയും മോശം പ്രകടനത്തിന്റെ പേരിൽ അഞ്ച് വയസ്സുകാരി മകൾ സിവയ്‌ക്കെതിരെ ഉൾപ്പെടെ ഭീഷണി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയത്തിന്റെ വക്കിൽനിന്ന് തോൽവിയിലേക്ക് വഴുതിയതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിനും ധോണിക്കുമെതിരെ വിമർശനം കടുത്തത്. ആ മത്സരത്തിൽ ചെന്നൈ വിജയത്തിന്റെ വക്കിൽ നിൽക്കെ, ബാറ്റിങ്ങിൽ ധോണിയും കേദാർ ജാദവും സ്വീകരിച്ച മെല്ലെപ്പോക്ക് നയമാണ് തോൽവിക്കു കാരണമായതെന്ന് വിമർശനമുണ്ടായിരുന്നു. തൊട്ടടുത്ത മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കേദാർ ജാദവിനെ പുറത്തിരുത്തിയാണ് ചെന്നൈ കളത്തിലിറങ്ങിയത്. അതേസമയം, ഈ മത്സരവും തോറ്റ ചെന്നൈ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

സമൂഹമാധ്യമങ്ങളിൽ ധോണിയുടെ കുടുംബാംഗങ്ങൾക്കെതിരെ വധഭീഷണി ഉൾപ്പെടെ ഉയർന്ന സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. റാഞ്ചിയിൽ ധോണിയുടെ ഫാംഹൗസിന് പുറത്ത് സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫാം ഹൗസിന്റെ പരിസരങ്ങളിൽ പട്രോളിങ്ങും ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഇതിനു പുറമെ, ധോണിയുടെ കുടുംബാംഗങ്ങൾക്കെതിരെ ഭീഷണി ഉയർത്തിയ വ്യക്തികളെ കണ്ടെത്താൻ പൊലീസിലെ സൈബർ വിഭാഗം ശ്രമം തുടങ്ങി.

MORE IN SPORTS
SHOW MORE
Loading...
Loading...