രണ്ടും കല്‍പിച്ച് ബ്ലാസ്റ്റേഴ്സ്; സൂപ്പര്‍ ഡിഫന്‍ഡര്‍ കോസ്റ്റ നമോയ്നെസു എത്തുന്നു

costa-nhamoinesu
SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എതിരാളികളെ ഞെട്ടിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ സൈനിങ്. യുവേഫ ചാംപ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച അനുഭവ സമ്പത്തുള്ള സിംബാബ്്വെ താരം കോസ്റ്റ നമോയ്നെസു ആണ് ബ്ലാസ്റ്റേഴ്സ് നിരയിലെ പുതിയ അനൗണ്‍സ്മെന്‍റ്. ചെക്ക് ക്ലബ്ബ് എ.സി.സ്പാര്‍ട്ട പ്രാഗില്‍ നിന്നാണ് കോസ്റ്റ, കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ജിങ്കന്‍ പോയതോടെ കാവല്‍ക്കാരില്ലാതായ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് കാവലായാണ് കോസ്റ്റയുടെ വരവ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ഈ കൊല്ലമെത്തുന്ന വിദേശ പ്രതിരോധനിര താരങ്ങളില്‍ ഏറ്റവും മികച്ച താരമെന്ന് കോസ്റ്റയെ വിശേഷിപ്പിക്കാം. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച പ്രതിരോധ താരമായി കണക്കാക്കുന്ന മുംബൈ സിറ്റിയുടെ മൊര്‍ത്താദ ഫൗളിനേക്കാള്‍ ഏറെ മികച്ചതാണ് കോസ്റ്റയുടെ കളിക്കണക്കുകള്‍. ആറടി രണ്ടിഞ്ച് ഉയരമുള്ള കോസ്റ്റ കളിക്കളത്തില്‍ ഈ തലപ്പൊക്കം ബുദ്ധിപരമായി ഉപയോഗിക്കുന്ന താരം കൂടിയാണ്. കോസ്റ്റയുടെ ടാക്കിളുകളും വായുവില്‍ ഉയര്‍ന്ന് ചാടിയുള്ള ഹെഡറുകളും പ്രശസ്തമാണ്.

പതിവിൽ നിന്ന് വ്യത്യസ്തമായി ഏറെ ഹൃദയസ്പർശിയായ തരത്തിലാണ് കോസ്റ്റയുടെ വരവ് ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ടത്. കോസ്റ്റയുടെ അമ്മ മകന് എഴുതുന്ന കത്തിന്റെ രൂപത്തിൽ ആണ് ബ്ലാസ്റ്റേഴ്‌സ് അനൗൺസ്മെന്റ് നടത്തിയത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് ശബ്ദം നൽകിയത് കോസ്റ്റയുടെ അമ്മ തന്നെ. ചെറുപ്പം മുതൽ ബ്ലാസ്റ്റേഴ്‌സ് വരെയുള്ള കോസ്റ്റയുടെ ഫുട്ബോൾ യാത്രയാണ് വീഡിയോയിൽ ഉള്ളത് 

സിംബാബ്്വെയിലെ കഷ്ടപ്പാടിന്‍റെ കാലത്ത് ജീവിക്കാന്‍ വേണ്ടി ഫുട്ബോള്‍ കളിച്ച് തുടങ്ങിയതാണ് കോസ്റ്റ. 2005ല്‍ അമാസുലുവിലൂടെയാണ് കോസ്റ്റ പ്രഫഷനല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വര്‍ഷം സിംബാബ്്വേ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ മാസ്്വിങ്ങോ യുണൈറ്റഡിലെത്തിയതോടെ കോസ്റ്റയുടെ സമയം തെളിഞ്ഞു. കോസ്റ്റയുടെ കളി പോളണ്ടിലെ ചെറുകിട ക്ലബ്ബായ വിസ്ത ഉസ്ട്രോണിയാക്കയില്‍ താരത്തെ എത്തിച്ചു. വിസ്തയിലെ പ്രകടനത്തിന്‍റെ ബലത്തില്‍ പോളണ്ടിലെ മുന്‍നിര ക്ലബ്ബുകളിലൊന്നായ സാഗ്്ലെബി ലൂബിനിലേക്ക് ലോണില്‍ കോസ്റ്റ എത്തി. ആ സീസണില്‍ പോളിഷ് ലീഗിലെ മികച്ച ലെഫ്റ്റ് ബാക്ക് പട്ടവും കൊണ്ടാണ് കോസ്റ്റ മടങ്ങിയത്. രണ്ട് സീസണ്‍ ലൂബിനില്‍ ലോണില്‍ കളിച്ച കോസ്റ്റയ്ക്ക് 2010ല്‍ അവര്‍ മൂന്നു വര്‍ഷത്തെ കരാര്‍ നല്‍കി. 2011ല്‍ ല്യൂബിനില്‍ കോസ്റ്റയുടെ അസിസ്റ്റന്‍റ് കോച്ചായിരുന്നു ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബു വികുന. അഞ്ച് സീസണുകളില്‍ 189 കളികളിലാണ് കോസ്റ്റ ലൂബിനു വേണ്ടി കളിച്ചത്.

2013ല്‍ ലൂബിനുമായുള്ള കരാര്‍ അവസാനിപ്പിച്ച കോസ്റ്റ പോളണ്ടിലേക്ക് പറന്നു. പോളണ്ടിലെ മുന്‍നിര ക്ലബ്ബായ എ.സി.സ്പാര്‍ട്ട പ്രാഗിന്‍റെ കുപ്പായത്തിലേക്കായിരുന്നു കൂടുമാറ്റം. കഴിഞ്ഞ ഏഴു സീസണുകളില്‍ സ്പാര്‍ട്ട പ്രാഗിനായി കളിച്ച കോസ്റ്റയെ അവര്‍ ഇതിഹാസ താരമായാണ് വിശേഷിപ്പിക്കുന്നത്. സ്പാര്‍ട്ടയ്ക്ക് വേണ്ടി 146 മല്‍സരങ്ങള്‍ കളിച്ച കോസ്റ്റ ക്ലബ്ബിന്‍റെ നായകപദവിയിലേക്ക് ഉയര്‍ന്നു. സ്പാര്‍ട്ടയ്ക്കായി 33 യൂറോപ്പ ലീഗ് മല്‍സരങ്ങളിലും ഏഴ് ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളിലും കളിച്ച അനുഭവ സമ്പത്തും കോസ്റ്റ നമോയ്നെസുവിനുണ്ട്. കോസ്റ്റയുമായി കരാര്‍ പുതുക്കാന്‍ സ്പാര്‍ട്ട പ്രാഗ് തയാറായിരുന്നു എങ്കിലും അത് നിരസിച്ചാണ് കോസ്റ്റ കേരളത്തിലേക്കെത്തുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...