കൊമ്പന്മാർക്ക് ഗോൾ അടിക്കാൻ ഇനി സൂപ്പർ ഹൂപ്പർ

hooper-1
SHARE

ഓഗ്‌ബച്ചേ പോയ കാരണം ഈ സീസണിൽ ആര് ഗോൾ അടിക്കും എന്ന് ആലോചിച്ച് ഇനി ബ്ലാസ്റ്റേഴ്‌സ് ആരാധകർ തല പുകയ്ക്കണ്ട. കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും. ഇംഗ്ലീഷ് ഫുട്ബോളിലെ ഗോൾ മെഷീൻ ബ്ലാസ്റ്റേഴ്‌സ് പാളയത്തിൽ എത്തിക്കഴിഞ്ഞു. ISL ഏഴാം പതിപ്പിൽ കോച്ച് കിബുവിന്റെ വജ്രായുധമാകും ഈ സ്‌ട്രൈക്കർ.

ഗാരി ഹൂപ്പർ. നാട് ഇംഗ്ലണ്ട്. വയസ് 32. കളി പഠിച്ചത് ടോട്ടനം ഹോട്സ്പറിന്റെ അക്കാദമിയിൽ. നോർവിച്ച് സിറ്റിയും സെൽറ്റിക്കും അടക്കം മുൻനിര ടീമുകൾക്കായി മിന്നി തിളങ്ങിയ ശേഷമാണ് ഇന്ത്യയിലേക്കുള്ള വരവ്. ചാംപ്യൻസ് ലീഗിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും സ്കോട്ടിഷ് ലീഗിലും കളിച്ച അനുഭവ സമ്പത്ത് വേറെ. ഓസ്‌ട്രേലിയയിലെ എ ലീഗിൽ നിന്നാണ് ഇന്ത്യയിലേക്കു എത്തുന്നത്. ചാംപ്യൻസ് ലീഗും യൂറോപ്പ ലീഗും പ്രീമിയർ ലീഗും സ്കോട്ടിഷ് ലീഗും അടക്കം 476 ക്ലബ്‌ മത്സരങ്ങളിൽ നിന്ന് 207 ഗോളുകളും 65 അസിസ്റ്റുകളും ഹൂപ്പറിന്റെ പേരിലുണ്ട്. 2011ഇൽ സെൽറ്റിക്കിനായി 26 കളികളിൽ 20 ഗോളുകൾ അടിച്ചു ഗോൾഡൻ ബൂട്ടും നേടിയിട്ടുണ്ട്. ഹൂപ്പറിന്റെ കരിയറിലെ സുവർണ കാലവും സെൽറ്റിക്കിനായി കളിച്ച മൂന്നു സീസൺ ആയിരുന്നു. 138 കളികളിൽ സെൽറ്റിക്കിന്റെ പ്രശസ്തമായ ഗ്രീൻ ആൻഡ് വൈറ്റ് അണിഞ്ഞ ഹൂപ്പർ 82 ഗോളുകളും അവർക്കായി നേടി. സെൽറ്റിക്കിൽ നിന്ന് പ്രീമിയർ ലീഗ് ക്ലബ്‌ ആയ നോർവിച്ച് സിറ്റിയിലേക്കാണ് ഹൂപ്പർ പോയത്. നോർവിച്ചിലെ മൂന്നു സീസണിന് ശേഷം ഷെഫിൽഡ് വെനസ്ഡേയിൽ. അവിടെ നിന്ന് കഴിഞ്ഞ സീസണിൽ ആണ് എ ലീഗിൽ വെല്ലിങ്ടൻ ഫീനിക്സിൽ എത്തുന്നത്.

എതിർ ടീം ബോക്സിൽ അത്യന്തം അപകടകാരിയാണ് ഹൂപ്പർ. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നുള്ള ഏത് താരത്തെക്കാളും മികച്ച ഗോൾ കൺവെർഷൻ നിരക്കുള്ള കളിക്കാരനാണ് ഗാരി ഹൂപ്പർ. സഹതാരത്തിന്റെ മനസ് അറിഞ്ഞു പന്ത് കളക്ട് ചെയ്യുന്നതിന് കൃത്യമായി പൊസിഷൻ ചെയ്യുന്നതും ഗാരി ഹൂപ്പറിന്റെ മികവാണ്. കരുത്തുറ്റ വലിയ ശരീര പ്രകൃതിയും ബോക്സിൽ ഹൂപ്പറിന് മേധാവിത്വം നൽകുന്നു. 

എന്നാൽ കരിയറിൽ ഉടനീളം പരുക്ക് വേട്ടയാടുന്ന താരമാണ് ഹൂപ്പർ എന്നത് ആരാധകർക്ക്‌ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പരിക്കിനെ തുടർന്ന് തുടർച്ചയായി 14 മാസങ്ങൾ ഹൂപ്പറിന് പുറത്ത് ഇരിക്കേണ്ടി വന്നിട്ടുണ്ട്. പരിക്കിനെ തുടർന്ന് കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളും നഷ്ടമായി. പൂർണമായി ഫിറ്റ്നസ് വീണ്ടെടുത്താണ് ഹൂപ്പർ വരുന്നത് എന്നാണ് ആരാധകരുടെ ആശ്വാസം. 

ഒരു സീസണിലേക്കാണ് ഹൂപ്പർ ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ എത്തിയിരിക്കുന്നത്. ഏകദേശം ഒന്നരക്കോടി രൂപയുടേതാണ് കരാർ. കഴിഞ്ഞ സീസണിൽ ഗോളുകൾ അടിച്ചു കൂട്ടിയ ഓഗ്‌ബച്ചേ മെസ്സി കൂട്ട് കെട്ടിനേക്കാൾ മികവുറ്റ പ്രകടനമാണ് ഹൂപ്പർ ഫാകുണ്ടോ സഖ്യത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...