ഒരു പ്രതിസന്ധിയിലും തളരാത്ത 'തല'; ധോണിയെ വാഴ്ത്തി ശ്രീശാന്ത്

sreesanth-03
SHARE

കടുത്ത ചുമ വകവയ്ക്കാതെ അവസാനം വരെ ടീമിനായി പൊരുതിയ ധോണിയെ പ്രശംസിച്ച് ശ്രീശാന്ത്. എന്തൊക്കെ പ്രതിസന്ധി വന്നാലും പാതിവഴിയിൽ ഉപേക്ഷിക്കാതെ പൊരുതുന്നതിന്റെ ഉദാഹരണമാണ് ധോണിയുടെ ഇന്നിങ്സെന്ന് ട്വീറ്റ് ചെയ്തു. ആർ.പി സിങും 'തല'യെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

കടുത്ത ക്ഷീണം വകവയ്ക്കാതെ അവസാന പന്തുവരെ പൊരുതിയ ധോണി ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റി. മത്സരം ചെന്നൈ തോറ്റെങ്കിലും കടുത്ത ക്ഷീണവും അസ്വസ്ഥതയും വകവയ്ക്കാതെ ധോണി നടത്തിയ പോരാട്ടമാണ് ആരാധകരെ ആകർഷിച്ചത്. മത്സരത്തിലാകെ 36 പന്തുകൾ നേരിട്ട ധോണി നാലു ഫോറും ഒരു സിക്സും സഹിതം 47 റൺസുമായി പുറത്താകാതെ നിന്നു. സൺറൈസേഴ്സ് താരം അബ്ദുൽ സമദ് എറിഞ്ഞ അവസാന ഓവറിൽ ചെന്നൈയ്ക്ക് വിജയത്തിലേക്ക് 28 റൺസ് വേണ്ടിയിരുന്നെങ്കിലും നേടാനായത് 20 റൺസ് മാത്രമാണ്. അവസാന പന്ത് സിക്സറടിച്ച സാം കറനാണ് ഏഴുറൺസിലേക്ക് പരാജയ ഭാരം കുറച്ചത്.

ദുബായിലെ കനത്ത ചൂടിൽ തൊണ്ട വരണ്ടതാണ് തുടർച്ചയായി ചുമയ്ക്കാൻ കാരണമെന്ന് ധോണി മത്സരശേഷം വിശദീകരിച്ചു. ‘അധികം പന്തുകൾ ഉദ്ദേശിച്ചപോലെ ബാറ്റിൽ കൊള്ളിക്കാൻ എനിക്കായില്ല. വലിയ ഷോട്ടുകൾക്ക് പരമാവധി ശ്രമിച്ചു. വിക്കറ്റിന് വേഗം കുറയുമ്പോൾ, പന്തിനെ ടൈം ചെയ്ത് കളിക്കുക മാത്രമേ നിവൃത്തിയുള്ളൂ. ഓരോ പന്തും ഊക്കോടെ പ്രഹരിക്കാനായിരുന്നു ശ്രമം. പരമാവധി സമയം എടുത്താണ് കളിച്ചത്. വരണ്ടുപോകുന്ന കാലാവസ്ഥയാണ് ഇവിടെ. തൊണ്ട വരണ്ടതോടെയാണ് തുടർച്ചയായി ചുമച്ചത്. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ സമയമെടുത്ത് കളിക്കുന്നതാണ് ഉചിതം.

നീണ്ട കാലത്തിനുശേഷമാണ് തുടർച്ചയായി മൂന്നു മത്സരം തോൽക്കുന്നത്. ഒട്ടേറെ കാര്യങ്ങൾ ഇനിയും ശരിയാക്കിയെടുക്കാനുണ്ട്. അതാണ് പ്രഫഷനലിസം. ക്യാച്ചുകൾ കൃത്യമായി എടുക്കാനും നോബോളുകൾ എറിയാതിരിക്കാനും കഴിയണം. ചില സമയത്ത് ഞങ്ങൾ അശ്രദ്ധരാകുന്നുണ്ട്. തിരുത്തണം’ – മത്സരശേഷം ധോണി പറ‍ഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...