ബ്ലാസ്റ്റേഴ്സിൽ ഒരു രാജാവിന്റെ മകൻ വിൻസെന്റ് ഗോമസ്

vincent-gomas-1
SHARE

വിൻസെന്റ് ഗോമസ്.. രാജാവിന്റെ മകൻ... ആരാധകർ കാത്തിരുന്ന സൂപ്പർ സ്റ്റാർ. ഇവനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പു ചീട്ട്. 

ഈ സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് കരുതി വച്ചിരുന്ന സൂപ്പർ സർപ്രൈസ് ആണ് വിൻസെന്റ് ഗോമസ്. സ്പെയിനിലെ സെക്കന്റ്‌ ഡിവിഷനിൽ നിന്നാണ് വിൻസെന്റ് ഗോമസിന്റെ വരവ്. പ്രായം 32 വയസ്. മധ്യനിരയിൽ കളി ആസൂത്രണം ചെയ്യുന്നതിൽ പ്രഗത്ഭനാണ് വിൻസെന്റ്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ മികവ് കാണിക്കുന്ന ബോക്സ്‌ to ബോക്സ്‌ പ്ലയെർ. അത് കൊണ്ടു തന്നെ ഈ സീസണിൽ കിബുവിന്റെ തന്ത്രങ്ങളുടെ ആണിക്കല്ല് വിൻസെന്റ് തന്നെയായിരിക്കും. ലാ ലീഗയിൽ മെസ്സിയും ക്രിസ്ത്യാനോയും അടക്കമുള്ള ഫുട്ബോൾ ദൈവങ്ങൾക്ക് എതിരെ കളിച്ച അനുഭവ പരിചയവുമായാണ് വിൻസെന്റ് ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായം അണിയുന്നത്.

ബാഴ്സയ്ക്കും റയലിനും എതിരായ കളികളിൽ പാൽമാസ് നായകൻ വിൻസെന്റ് ആയിരുന്നു. ബാർസിലോണ മുൻ പരിശീലകൻ ക്വികെ സെറ്റിയാനായിരുന്നു അക്കുറി ടീമിന്റെ പരിശീലകൻ. 2015 മുതൽ 2018 വരെ മൂന്നു സീസണുകളിൽ ലാസ് പാൽമാസിനായി ലാ ലീഗയിൽ ബൂട്ട് കെട്ടിയിട്ടുണ്ട് വിൻസെന്റ്. 2015-16 സീസണിൽ ലാ ലീഗയിലെ 11ആം സ്ഥാനക്കാരായിരുന്നു പാൽമാസ്. 

പ്രായം 32 ആയെങ്കിലും പ്രൊഫഷണൽ ഫുട്ബാളിൽ വിൻസെന്റിന്റെ മൂന്നാമത്തെ ടീം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ്. 2009 മുതൽ 2018 വരെ ലാസ് പാൽമാസിനായാണ് വിൻസെന്റ് ഗോമസ് കളിച്ചത്. 223 കളികളിൽ ആണ് വിൻസെന്റ് പാൽമാസിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞത്. കഴിഞ്ഞ മൂന്നു സീസണുകളിൽ ഡി പോർട്ടീവോ ലാ കൊരൂണയുടെ താരമായിരുന്നു വിൻസെന്റ്. ടീമിനൊപ്പമുള്ള ഈ സ്ഥിരതയും വിൻസെന്റ് ബ്ലാസ്റ്റേഴ്സിലേക്ക് എത്താനുള്ള കാരണങ്ങളിൽ ഒന്നാണ്. വിൻസെന്റ് ഗോമസിന്റെ പ്രൊഫഷണൽ കരിയറിലെ മൂന്നാമത്തെ ക്ലബ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ്. അദ്ദേഹം കളിക്കളത്തിലും ക്ലബ്ബിലും അവിശ്വസനീയമായ സ്ഥിരത പുലർത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. 

അതുകൊണ്ടുതന്നെ ഏറ്റവും ഗുണത്മകമായ കരാറാണിതെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ചൂണ്ടിക്കാട്ടുന്നു. മധ്യനിരയിലെ മാസ്റ്റർ എന്നാണ് വിൻസെന്റിനെ സ്കിൻകിസ് വിശേഷിപ്പിക്കുന്നത്. മധ്യനിരയിൽ ഭാവനാ സമ്പന്നമായ നീക്കങ്ങൾ പിറവി കൊള്ളാത്തതായിരുന്നു കഴിഞ്ഞ സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ തോൽവികളുടെ പ്രധാന കാരണങ്ങളിൽ ഒന്ന്. ആ കുറവ് വിൻസെന്റ് ഗോമസ് തീർക്കുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരും ക്ലബ്ബും.

MORE IN SPORTS
SHOW MORE
Loading...
Loading...