ക്രിക്കറ്റിലേക്കിതാ ഒരു മലപ്പുറത്തുകാരന്‍; ഫുട്ബോളിനെ സ്നേഹിക്കുന്ന ദേവ്ദത്ത് പടിക്കല്‍

devdutt-padikkal-rbc
IPL Twitter
SHARE

മലപ്പുറവും ഫുട്ബോളും തമ്മിലെ ബന്ധം നാട്ടിലെങ്ങും പാട്ടാണ്. എന്നാല്‍‌ ക്രിക്കറ്റും മലപ്പുറവും തമ്മിലെ ബന്ധം പറഞ്ഞറിയിക്കണം.  പെരിന്തല്‍മണ്ണയില്‍ കേരള ക്രിക്കറ്റ്  അസോസിയേഷന്റെ സ്റ്റേഡിയം ഉണ്ടെങ്കിലും ഇതുവരെ താരങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ല.(മലപ്പുറത്ത് നിന്ന് മൂന്നുപേര്‍ രഞ്ജി ടീം സ്ക്വാഡിലെത്തിയെങ്കിലും പ്ലേയിങ് ഇലവനില്‍ അവസരംലഭിച്ചില്ല.).  കളിക്കുന്നത് ക്രിക്കറ്റാണെങ്കിലും തികഞ്ഞ ഫുട്ബോള്‍ പ്രേമിയാണ് ദേവദത്ത് പടിക്കല്‍. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് താരം ദേവദത്ത് പടിക്കലിന്റെ അര്‍ധസെഞ്ചുറി മലപ്പുറത്തുകാര്‍ക്ക് മാത്രമല്ല കേരളത്തിനാകെ ആവേശം പകര്‍ന്നിരിക്കുകയാണ്. 

തികഞ്ഞ ഫുട്ബോള്‍ പ്രേമി

ലോകത്ത് എവിടെയാണെങ്കിലും മലപ്പുറംകാരുടെ ഫുട്ബോള്‍ പ്രേമത്തിന് മാറ്റമില്ല. അത് ദേവ്ദത്തിനും അങ്ങനെതന്നെ. ഒഴിവുസമയങ്ങളില്‍ ഫുട്ബോള്‍ കാണാന്‍ ആഗ്രഹിക്കുന്ന  ദേവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കട്ട ഫാന്‍ ആണ്. പ്രീമയര്‍ ലീഗ് മല്‍സരങ്ങള്‍ കാണുവാന്‍ സമയംകണ്ടെത്താറുമുണ്ട്. 

എടപ്പാളില്‍ നിന്ന് ബെംഗളൂരു വരെ

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ ജന്മദിനത്തില്‍ രണ്ടായിരാമാണ്ടില്‍ മലപ്പുറത്തെ എടപ്പാളിലുള്ള അമ്മ അമ്പിളിയുടെ നാട്ടിലാണ് ദേവദത്തിന്റെ ജനനം. പിന്നീട് കുടുംബം പിതാവിന്റെ ജോലിയുടെ ഭാഗമായി ഹൈദരാബാദിലേക്ക്. അവിടെ കുടുംബം സ്വന്തം അപ്പാര്‍ട്ട്മെന്റ് വാങ്ങി താമസം തുടങ്ങി. മലപ്പുറംകാരായ മാതാപിതാക്കള്‍ക്ക് സ്പോര്‍ട്സിനോടുള്ള പ്രേമം മൂലം കുഞ്ഞ് ദേവിന് പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റും പന്തും വാങ്ങിക്കൊടുത്തു. പയ്യന്‍ മൂന്നാംവയസില്‍ പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റ് എടുത്ത് ഇടംകയ്യുകൊണ്ട് ആഞ്ഞുവീശിയപ്പോഴാണ് മകന്‍ ഇടംകയ്യനാണെന്ന് എല്ലാവരും അറിയുന്നത്. ഒന്‍പതാംവയസുമുതല്‍ ക്രിക്കറ്റ് പരിശീലനം ഗൗരവത്തിലെടുത്തു. എന്നാല്‍ ഹൈദാരാബാദിനെക്കാളും ക്രിക്കറ്റിന് വളക്കൂറ് ബെംഗളൂരുവില്‍ ആണെന്ന് തിരിച്ചറിഞ്ഞ കുടുംബം അങ്ങോട്ടേക്ക് ചേക്കേറി. പിതാവ് ഡിആര്‍ഡിഒ ഉദ്യോഗസ്ഥനാണ്. അമ്മ അമ്പിളി ന്യൂസീലന്‍ഡ് എംബസിയില്‍ വീസ കണ്‍സള്‍ട്ടന്റായി ജോലി നോക്കുന്നു. 

അക്കാദമിയില്‍ പരിശീലനം തുടങ്ങിയ ദേവ് അധികംവൈകാതെ അണ്ടര്‍ 14 കര്‍ണാടക ടീമിലെത്തി, പിന്നാലെ  കര്‍ണാടക പ്രീമയര്‍ ലീഗിലെ ബല്ലാരി ടസ്കേഴ്സ് ടീമിലെത്തി. 2017ല്‍ കെപിഎല്ലില്‍ 53പന്തില്‍ നിന്ന് നേടിയ 72റണ്‍സോടെ പയ്യന്റെ രാശി തെളിഞ്ഞു. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ നേടിയ 609റണ്‍സും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നേടിയ 580റണ്‍സും പയ്യനെ ഇന്ത്യ അണ്ടര്‍ 19 ടീമിലും ഇന്ത്യ എ ടീമിലും എത്തിച്ചു. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബ്രോഡ്കാസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മൈക്ക് ഹസണ്‍ പിന്നീട് റോയല്‍ ചലഞ്ചേഴിസിന്റെ  ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവനായി എത്തിയതോടെ ദേവ്ദത്തിന് ആര്‍സിബിയിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കി. 

കോലി ആത്മവിശ്വാസം നല്‍കി

രാഹുല്‍ ദ്രാവിഡിനെ ഏറെ ഇഷ്ടപ്പെടുന്ന ദേവ്ദത്തിന്റെ ബാറ്റിങ് സാങ്കേതികത്തികവ് ഉള്ളതാണ്. ഓഫ് ഡ്രൈവുകള്‍ യുവരാജ് സിങ്ങിനെ ഓര്‍മിപ്പിക്കുന്നതുമാണ്. ആക്രമിച്ചുകളിക്കുന്നതില്‍ മികവുകാട്ടുന്ന ദേവ്ദത്തിന്റെ സ്ട്രൈക്ക് റേറ്റും മികച്ചതാണ്. ആര്‍സിബിക്കൊപ്പം ദുബായില്‍ എത്തിയ ദേവ്ദത്ത് ക്യാപ്റ്റന്‍ വിരാട് കോലിക്കും സഹ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനുമൊപ്പം ഏറെനേരം പരിശീലനം നടത്തി. ബോള്‍ചെയ്യുന്നത് ആരായാലും ആത്മവിശ്വാസത്തോടെ കളിക്കാന്‍ പഠിക്കണം എന്ന ക്യാപ്റ്റന്റെ ഉപദേശം ഏറെ ഗുണംചെയ്തെന്ന് ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി പ്രകടനത്തിനുശേഷം ദേവ് പറഞ്ഞു. 

കോലിയുമായി ഒരുമിച്ച് പരിശീലിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചെവി താന്‍ തിന്നുകയായിരുന്നു എന്നാണ് ദേവ് പറയുന്നത്. ബാറ്റിങ്ങിലെ സംശയങ്ങളും ബോളര്‍മാരുടെ രീതികളും പിച്ചിനെക്കുറിച്ചുള്ള വിലയിരുത്തലും എല്ലാം ആയി ദേവ്ദത്തിന്റെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് കോലി മറുപടികൊടുത്തു.

MORE IN SPORTS
SHOW MORE
Loading...
Loading...