ആരാധകരെ വെട്ടിലാക്കി ധോണിയുടെ ‘ചൈനീസ്’പ്രേമം, വിവാദം ഐപിഎല്‍ തുടങ്ങാനിരിക്കെ

dhoni-injury
SHARE

എല്ലാ കണ്ണുകളും ധോണിയിലേക്ക് നില്‍ക്കെയാണ് ‘ചൈനീസ് പ്രേമം’ വിവാദത്തിലായത്. ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈസൂപ്പര്‍ കിങ്സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. ഒരുവര്‍ഷത്തിനുശേഷമാണ് ധോണി ക്രിക്കറ്റ് ക്രീസിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. അത്രയും ആകാംഷയോടെ നില്‍ക്കുമ്പോഴാണ് ഈ വിവാദം.

എന്താണ് വിവാദമായത്?

ഇന്ത്യ–ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ‘ചൈനീസ് ആപ്പുകള്‍’ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തുനില്‍ക്കെയാണ് ധോണിയുടെ നീക്കം. ഒന്നും രണ്ടും ആപ്പല്ല 224 ചൈനീസ് ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇതിനുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍മാരായിരുന്ന ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനി വിവോയെ ഒരുവര്‍ഷത്തേക്ക് കരാറില്‍ നിന്നൊഴിവാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ധോണി മറ്റൊരു ചൈനീസ് കമ്പനിയായ ഒപ്പോയുമായി സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പിട്ടത്. 

അതിര്‍ത്തിയില്‍ സംഘര്‍ഷം തീര്‍ക്കുന്ന ചൈനയെ രാജ്യം ഒറ്റക്കെട്ടായി നേരിടുകയും ചൈനീസ് ആപ്പുകളെ നിരോധിച്ച് സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയും ചെയ്തുനില്‍ക്കുമ്പോഴാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ വരെ റാഞ്ചിയിലെ വീട്ടില്‍ സ്വീകരിച്ച ധോണി ചൈനീസ് കമ്പനിയുമായി കരാറില്‍ ഒപ്പിട്ടത്. അതും ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്‍റ് കേണലായി സേവനം ചെയ്യുന്ന ധോണി. ഒപ്പോയുമായി ധോണി കരാര്‍ ഒപ്പുവച്ചതോടെ വെട്ടിലായത് ധോണിയുടെ ആരാധകരാണ്. 

ധോണിയും ഒപ്പോയും പറയുന്നത്

ഒപ്പോയുമായി കരാര്‍ ഒപ്പിട്ടതില്‍ സന്തോഷമെന്നും യുവതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള ഒപ്പോയുടെ ക്യാംപയിനില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ആവേശം തരുന്നുവെന്നും ധോണി പറഞ്ഞു. #BeTheinfinite എന്ന ക്യാംപയിനിന്റെ ഭാഗമായാണ് ധോണിയുമായി ഒപ്പോ കരാര്‍ ഒപ്പിട്ടത്. ധോണിയെപ്പോലുള്ള ഒരു ഇതിഹാസ താരത്തെ ഒപ്പോയുടെ പ്രചാരത്തിന് കിട്ടിയില്‍ അതിയായ സന്തോഷമെന്നാണ് ഒപ്പോയുടെ ട്വീറ്റ്. ധോണിയുടെ അര്‍പ്പണബോധവും കഠിനാധ്വാനവും ആണ് ഒപ്പോയുടെ പ്രചാരത്തിനായി തയാറാക്കിയ വീഡിയോയില്‍ ഉള്ളത്. ഈമാസം 24മുതല്‍ പരസ്യം പുറത്തുവരും. 

ഐപിഎല്ലും ധോണിയും

ഐപിഎല്‍ രൂപീകൃതമായതുമുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനാണ്. 2010, 2011, 2018 വര്‍ഷങ്ങളില്‍ സൂപ്പര്‍ കിങ്സിനെ ചാംപ്യന്മാരാക്കി. ഐപിഎല്ലില്‍ ഇതുവരെ 4,432 റണ്‍സ് സൂപ്പര്‍ കിങ്സിനായി നേടിയ ധോണിയുടെ ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ നേടിയ 84 റണ്‍സാണ്. 2019ല്‍ ധോണി നേടിയത് 416 റണ്‍സാണ്. 2019ല്‍ നടന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ന്യൂസീലന്‍ഡിനെതിരായ സെമിഫൈനലിനുശേഷം ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല. തിരികെ ടീമിലെത്തി നില്‍ക്കെയാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അതിനാല്‍ ഇത്തവണ ഐപിഎല്ലില്‍ ധോണിയുടെ ബാറ്റുകള്‍ എങ്ങനെ ശബ്ദിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. ഇതിനിടയിലാണ് ഒപ്പോയുമായുള്ള കരാറും വിവാദവും.

MORE IN SPORTS
SHOW MORE
Loading...
Loading...