ഒഗ്ബച്ചേയുടെ പകരക്കാരനെത്തി‌; ഇംഗ്ലീഷ് താരം ഗാരി ഹൂപ്പ‍ര്‍ ബ്ലാസ്റ്റേഴ്സിലേക്ക്?

hooper-new
SHARE

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഒടുവില്‍ ഒഗ്ബച്ചേയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിരിക്കുന്നു. പേര് ഗാരി ഹൂപ്പര്‍, പ്രായം 32. സ്വദേശം ഇംഗ്ലണ്ട്, നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്നത് എ ലീഗിലെ വെല്ലിങ്ടണ്‍ ഫീനിക്സിനു വേണ്ടി. ഗാരി ഹൂപ്പറുമായി കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ക്ലബ്ബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ചില്ലറക്കാരനല്ല ഗാരി ഹൂപ്പര്‍. കളി പഠിച്ചത് ടോട്ടനത്തിന്‍റെ അക്കാദമിയിലാണ്. ഇംഗ്ലണ്ടിലെ സെക്കന്‍ഡ്, തേഡ് ഡിവിഷനുകളില്‍ വിവിധ ടീമുകള്‍ക്കായി കളിച്ച ഹൂപ്പര്‍ 2010 ല്‍ സെല്‍റ്റിക്കില്‍ എത്തിയതോടെയാണ് തലവര തെളിയുന്നത്. മൂന്നു സീസണില്‍ സെല്‍റ്റിക്കിന് കളിച്ച ഹൂപ്പര്‍ 95 കളികളില്‍ നിന്ന് നേടിയത് 63 ഗോളുകളാണ്. സെല്‍റ്റിക്കില്‍ നിന്ന് നോര്‍വിച്ച് സിറ്റിയിലെത്തിയ ഹൂപ്പര്‍ അവിടെയും മികവ് തുടര്‍ന്നു. പ്രീമിയര്‍ ലീഗില്‍ പല മല്‍സരങ്ങളിലും ഹൂപ്പറിന്‍റെ മികവ് നോര്‍വിച്ചിനെ വിജയത്തിലേക്ക് നയിച്ചു. ആ സീസണില്‍ ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ഗാരി ഹൂപ്പറായിരുന്നു. ഷെഫീല്‍ഡ് വെനസ്ഡേയില്‍ നിന്ന് 2019ലാണ് വെല്ലിങ്ടണ്‍ ഫീനിക്സിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണില്‍ ഫീനിക്സിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചതില്‍ ഗാരി ഹൂപ്പറിന്‍റെ പങ്ക് നിര്‍ണായകമായിരുന്നു. 

ഏകദേശം രണ്ടു കോടി രൂപയാണ് ഹൂപ്പറിനായി ബ്ലാസ്റ്റേഴ്സ് മുടക്കിയിരിക്കുന്നതെന്നാണ് സൂചനകള്‍. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ടീമിലെ രണ്ടാം സ്ട്രൈക്കര്‍ ആയി അര്‍ജന്‍റീനിയന്‍ താരം ഫാകുന്‍ഡോ പെരെയ്റെയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. ഹൂപ്പര്‍ പെരെയ്റ കൂട്ടുകെട്ട്, ഒഗ്ബച്ചെ –മെസി സഖ്യത്തിന് പകരം നില്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പ്രതിരോധ നിരയിലേക്ക് മറ്റൊരു സൂപ്പര്‍ സൈനിങ്ങും ബ്ലാസ്റ്റേഴ്സ് നടത്തിയേക്കുമെന്ന് സൂചനകളുണ്ട്. യൂറോപ്പ കപ്പില്‍ കളിച്ചിട്ടുള്ള സ്പാര്‍ട്ട പ്രാഗ് ടീമിന്‍റെ മുന്‍ നായകന്‍ കോസ്റ്റ നമോയ്നെസുവിന്‍റെ പേരാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലേക്ക് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ താരമോ ക്ലബ്ബോ ഇക്കാര്യത്തില്‍ മനസു തുറന്നിട്ടില്ല. ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തില്‍ ഹൂപ്പറും പ്രതിരോധനത്തില്‍ കോസ്റ്റയുമെത്തിയാല്‍ ഇക്കുറി ആരാധകരുടെ മനസ് നിറയുന്ന പ്രകടനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

MORE IN SPORTS
SHOW MORE
Loading...
Loading...