വഴങ്ങാതെ ബാര്‍സിലോന, മെസിയുടെ ക്ലബ്ബ് മാറ്റം വൈകും, പൊട്ടിത്തെറി ഉണ്ടാകുമോ?

messi-story
SHARE

വിട്ടുവീഴ്ചയ്ക്ക് തയാറാവാതെ മെസിയും ബാര്‍സിലോന ക്ലബ്ബും. മെസിയുടെ പിതാവ് ജോര്‍ജും സഹോദരന്‍ റോഡ്രിഗോയും ബാര്‍സിലോന ക്ലബ്ബ് അധികൃതരുമായി നടത്തിയ ചര്‍ച്ച എങ്ങുമെത്തിയില്ല.  ഇരുകൂട്ടരും വാദങ്ങളില്‍ ഉറച്ചുനിന്നപ്പോള്‍ ചര്‍ച്ച ഫലം കണ്ടില്ലെന്ന് മാത്രമല്ല, ക്ലബ്ബ് മാറ്റം വൈകുമെന്നും ഉറപ്പായി. 

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച

അര്‍ജന്റീനയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ബാര്‍സിലോനയിലെത്തിയ മെസിയുടെ പിതാവ് ജോര്‍ജും സഹോദരന്‍ റോഡ്രിഗോയും മെസിയുടെ അഭിഭാഷകനും ചേര്‍ന്നാണ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തേമ്യുവിനെ കണ്ടത്. ഇവര്‍ക്കൊപ്പം ബാര്‍സിലോനയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ജാവിയര്‍ ബോര്‍ദാസും ചര്‍ച്ചയില്‍ പങ്കെടുത്തു. തീരുമാനം ഒന്നും ഉണ്ടായില്ലെങ്കിലും കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ചര്‍ച്ച തുടരുമെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വാദവും പ്രതിവാദവും

കോവിഡ് മൂലം സീസണ്‍ വൈകി അവസാനിച്ചതിനാല്‍ ക്ലബ്ബിന്റെ കരാറില്‍ നിന്ന് സ്വതന്ത്രനാക്കണം എന്നാണ് ഒന്‍പത് ദിവസം മുമ്പ് ക്ലബ്ബിന് അയച്ച കത്തില്‍ മെസി ആവശ്യപ്പെട്ടത്. ഇതുതന്നെയാണ് മെസിയുടെ ഏജന്റായ പിതാവ് ജോര്‍ജും മെസിയുടെ ഉപദേശകനായ സഹോദരന്‍ റോഡ്രിഗസും  ആവശ്യപ്പെട്ടത്. ഓരോ സീസണ്‍ അവസാനത്തിലും കരാര്‍ പുതുക്കാനുള്ള മെസിയുടെ അവകാശത്തെ മാനിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സീസണ്‍ അവസാനിക്കുന്നത് അടുത്തവര്‍ഷം ജൂണില്‍ ആണെന്നും മെസിയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബ് താല്‍പര്യപ്പെടുന്നില്ലെന്നും പ്രസിഡന്റ് ബര്‍ത്തേമിയോ അറിയിച്ചു. ക്ലബ്ബ് മാറ്റത്തിന് 700മില്യന്‍ യൂറോതന്നെ വേണമെന്നും നിലപാടെടുത്തു. മെസി ക്ലബ്ബില്‍ തുടര്‍ന്നാല്‍ പ്രസിഡന്റ് സ്ഥാനം രാജിവക്കുമെന്നാണ ബര്‍ത്തേമിയോയുടെ നിലപാട്. അടുത്തമാര്‍ച്ചില്‍ ക്ലബ്ബ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ പ്രഖ്യാപനം നടത്തിയത് ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്താണ്. ബര്‍ത്തേമിയോയുടെ ഉറച്ചനിലപാടിന് മറ്റൊരു കാരണം കൂടി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അത് മറ്റൊന്നുമല്ല, മെസിയെ പുറത്താക്കിയ ക്ലബ്ബ് പ്രസിഡന്റ് എന്നറിയപ്പെടാന്‍ ബര്‍ത്തേമിയോ ആഗ്രഹിക്കുന്നില്ല എന്നതാണ്. 

പൊട്ടിത്തെറി ഉണ്ടാകുമോ? മൂന്നുകാര്യങ്ങള്‍ ഇതാ

മാഞ്ചസ്റ്റര്‍ സിറ്റിയുമായി മെസി ഏകദേശ ധാരണയിലെത്തിക്കഴിഞ്ഞു. എന്നാല്‍ ബാര്‍സിലോന മെസിയെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ്. ഇരുകൂട്ടരും നിലപാടില്‍ ഉറച്ചുനിന്നാല്‍ ചില പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കാം. അതില്‍ ഒന്നാമത്തെകാര്യം ക്ലബ്ബ് വിടാനുള്ള കാരണങ്ങള്‍ മെസി പുറംലോകത്തെ അറിയിക്കുക എന്നതാണ്. രണ്ടാമത്തേത് ഇപ്പോള്‍ പ്രീ സീസണ്‍ ക്യാംപില്‍ പങ്കെടുക്കാതിരിക്കുന്ന മെസിയുടെ മേല്‍ ക്ലബ്ബ് വന്‍തുക പിഴയിടുക എന്നതാണ്. മൂന്നാമത്തേത് തീരുമാനത്തിന് കാക്കാതെ മെസി ക്ലബ്ബ് വിടുക എന്നതാണ്. ഇത് കാര്യങ്ങള്‍ കോടതിയിലെത്തിക്കും. അങ്ങനെയൊരു നിയമയുദ്ധത്തിലേക്ക് നീങ്ങാന്‍ മെസിക്കും ക്ലബ്ബിനും താല്‍പര്യമില്ല. ചിത്രം എന്ന് വ്യക്തമാകുമെന്ന് അറിയില്ല. മെസിയോ ക്ലബ്ബോ നിലപാടില്‍ നിന്ന് പിന്നാക്കം പോയാലെ തീരുമാനത്തിലെത്തൂ.

MORE IN SPORTS
SHOW MORE
Loading...
Loading...