കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചേ ടീം വിട്ടു

ogbache
SHARE

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചേ ടീം വിട്ടു. ഒഗ്ബച്ചേ മുംബൈ സിറ്റി എഫ്.സിയുമായി ധാരണയിലെത്തി. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ഒഗ്ബച്ചേ.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഏഴാം പതിപ്പില്‍ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ നയിക്കാന്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചേയുണ്ടാകില്ല. ആഴ്ചകളായി തുടരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് ഒടുവിലാണ് ടീം വിടാനുള്ള ഒഗ്ബച്ചേയുടെ തീരുമാനം. പ്രതിഫലത്തെ ചൊല്ലി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റുമായുള്ള തര്‍ക്കങ്ങളാണ് ഒരു സീസണ്‍ കൂടി കരാര്‍ ബാക്കി നില്‍ക്കേ ഒഗ്ബച്ചേ ടീം വിടാനുള്ള കാരണം. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള മാനേജ്മെന്‍റിന്‍റെ നീക്കത്തെ ഒഗ്ബച്ചേ എതിര്‍ത്തിരുന്നു. മുംബൈ സിറ്റിയിലേക്കാണ് ഒഗ്ബച്ചേയുടെ കൂടുമാറ്റം. 

ഇക്കാര്യത്തില്‍ ഒഗ്ബച്ചേയും മുംബൈ സിറ്റിയും തമ്മില്‍ ധാരണയിലെത്തി. കഴിഞ്ഞ ദിവസം ടീം അംഗങ്ങള്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശത്തിലാണ് ക്യാപ്റ്റന്‍ ടീം വിടാനുള്ള തീരുമാനം അറിയിച്ചത്. ബ്ലാസ്റ്റേഴ്സിലെ അനുഭവങ്ങള്‍ മികച്ചതായിരുന്നുവെന്നും ഒഗ്ബച്ചേയുടെ സന്ദേശത്തില്‍ പറയുന്നു. ഈ സീസണില്‍ ടീം വിടുന്ന രണ്ടാമത്തെ പ്രമുഖ താരമാണ് ഒഗ്ബച്ചേ. ഐഎസ്എല്‍ ഒന്നാം സീസണ്‍ മുതല്‍ ടീമിനൊപ്പം ഉണ്ടായിരുന്ന സന്ദേശ് ജിങ്കനും ഈ വര്‍ഷം ടീം വിട്ടിരുന്നു. കഴിഞ്ഞ സീസണില്‍ മാത്രം പതിനഞ്ച് ഗോളുകള്‍ നേടിയ ഒഗ്ബച്ചേ, ബ്ലാസ്റ്റേഴ്സിനായി ഏറ്റവും അധികം ഗോളുകള്‍ നേടിയ താരമാണ്. പാരിസ് സെന്‍റ് ജര്‍മനും വയ്യഡോളിഡും പോലുള്ള പ്രമുഖ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ഒഗ്ബച്ചേ, 2002 ലോകകപ്പില്‍ നൈജീരിയക്കായും കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...