‘ഭാവിയിൽ എന്തിനും എന്നെ സമീപിക്കാം’; സഹതാരങ്ങളുടെ ഹൃദയം തൊട്ട് ഒഗ്ബച്ചേ

ogbeche-new
SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ഒഗ്ബച്ചേ ടീം വിട്ടു. ആഴ്ചകളായി തുടരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് ഒടുവിലാണ് ടീം വിടാനുള്ള ഒഗ്ബച്ചേയുടെ തീരുമാനം. ബ്ലാസ്റ്റേഴ്സുമായി 2022വരെ കരാറുണ്ടായിട്ടും എന്തുകൊണ്ട് ഒഗ്ബച്ചേ ടീം വിട്ടു? പ്രതിഫലം സംബന്ധിച്ച തര്‍ക്കങ്ങളാണ് ഒഗ്ബച്ചേയും ബ്ലാസ്റ്റേഴ്സും പിരിയാന്‍ കാരണമെന്നാണ് സൂചനകള്‍. കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ആവശ്യപ്പെട്ടെങ്കിലും ഒഗ്ബച്ചേ വഴങ്ങിയില്ല. ഇതാണ് വഴിപിരിയലിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ സിറ്റിയിലേക്കാണ് ഒഗ്ബച്ചേയുടെ കൂടുമാറ്റം. ഇക്കാര്യത്തില്‍ ഒഗ്ബച്ചേയും മുംബൈ സിറ്റിയും തമ്മില്‍ ധാരണയിലെത്തി.

ഒഗ്ബച്ചേ ബ്ലാസ്റ്റേഴ്സിലെ സഹതാരങ്ങള്‍ക്ക് കഴിഞ്ഞ ദിവസം അയച്ച വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് താരത്തിന്‍റെ കൂടുമാറ്റം സ്ഥിരീകരിക്കപ്പെട്ടത്. ഒഗ്ബച്ചേയുടെ സന്ദേശം ഇങ്ങനെ: ‘ഹായ് ബോയ്സ് എല്ലാവരും ആരോഗ്യത്തോടെ നന്നായിരിക്കുന്നു എന്ന് കരുതുന്നു. കഴിഞ്ഞ സീസണ്‍ നമുക്കെല്ലാവര്‍ക്കും കടുപ്പമേറിയതായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ അവസാന നിമിഷം വരെ നമ്മള്‍ കാഴ്ച വച്ച പരസ്പര ബഹുമാനവും സ്നേഹവും ഐക്യവും പോരാട്ടവീര്യവുമെല്ലാം പ്രശംസനീയമാണ്. നിങ്ങളുടെ ഒപ്പം ആ ഡ്രെസിങ് റൂമിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. എല്ലാവര്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.നിങ്ങളെ ഭാവിയില്‍ ഏതെങ്കിലും തരത്തില്‍ എനിക്ക് സഹായിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ സമീപിക്കാന്‍ മടിക്കരുത്. എല്ലാവര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.’

ഇതായിരുന്നു ഒഗ്ബച്ചേയുടെ വിടവാങ്ങല്‍ സന്ദേശം. ഒഗ്ബച്ചേ മികച്ച നായകനായിരുന്നുവെന്നും എല്ലാവരും അദ്ദേഹത്തെ മിസ് ചെയ്യുമെന്നുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മറുപടി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്നു ഒഗ്ബച്ചേ. ആ വര്‍ഷം 12 കളികളില്‍ നിന്ന് 18 ഗോളുകളാണ് അദ്ദേഹം നേടിയത്. കഴിഞ്ഞ സീസണില് നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് കോച്ച് എല്‍കോയ്ക്ക് ഒപ്പം ബ്ലാസ്റ്റേഴ്സ് ഒഗ്ബച്ചേയെയും റാഞ്ചി. ടീമിന്‍റെ മോശം പ്രകടനത്തിലും പക്ഷേ ഒഗ്ബച്ചേയുടെ ബൂട്ടുകള്‍ക്ക് പിഴച്ചില്ല. കഴിഞ്ഞ സീസണില്‍ മാത്രം പതിനഞ്ച് ഗോളുകള്‍ നേടിയ ഒഗ്ബച്ചേ, ബ്ലാസ്റ്റേഴ്സിനായി ഏറ്റവും അധികം ഗോളുകള്‍ നേടിയ താരമാണ്. ഷട്ടോറിയെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയപ്പോള്‍ തന്നെ ഒഗ്ബച്ചേയും ടീം വിടുമെന്ന് സൂചനകളുണ്ടായിരുന്നു.

ഈ സീസണില്‍ ടീം വിടുന്ന രണ്ടാമത്തെ പ്രമുഖ താരമാണ് ഒഗ്ബച്ചേ. ഐഎസ്എല്‍ ഒന്നാം സീസണ്‍ മുതല്‍ ടീമിനൊപ്പം ഉണ്ടായിരുന്ന സന്ദേശ് ജിങ്കനും ഈ വര്‍ഷം ടീം വിട്ടിരുന്നു.  പാരിസ് സെന്‍റ് ജര്‍മനും വയ്യഡോളിഡും പോലുള്ള പ്രമുഖ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ഒഗ്ബച്ചേ, 2002 ലോകകപ്പില്‍ നൈജീരിയക്കായും കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...