മെസി ബാര്‍സ വിടുമോ? പ്രായോഗികമോ? ആരാധകരും കളം മാറ്റുമോ?

messi-fans-03
SHARE

ലിയോണല്‍ മെസിയും ബാര്‍സിലോനയും തമ്മിലുള്ളത് കളിക്കാരന്‍ ക്ലബ്ബ് ബന്ധമല്ല, അത് പൊക്കിള്‍ക്കൊടി ബന്ധമാണ്. രണ്ടുപതിറ്റാണ്ട് നീണ്ട കൂട്ടുകെട്ട് അവസാനിപ്പിക്കാനാണ് മെസി ഇപ്പോള്‍ ഒരുങ്ങുന്നത്. മെസിയെ ബാര്‍സിലോന വിടുമോ? അതോ നിയമയുദ്ധത്തിലേക്ക് നീളുമോ? ബാര്‍സ വിട്ടാല്‍ മെസി ഏതുക്ലബ്ബില്‍ ചേക്കേറും. മെസിക്കൊപ്പം ആരാധരും ബാര്‍സ വിടുമോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ് ഫുട്ബോള്‍ ലോകത്ത് ഉയരുന്നത്. 

ബാര്‍സിലോന വിടല്‍ പ്രായോഗികമോ?

ബാര്‍സിലോനയുമായുള്ള കരാര്‍ പ്രകാരം മെസിക്ക് ഓരോ വര്‍ഷവും സീസണ്‍ അവസാനിക്കുമ്പോള്‍ കരാര്‍ പുതുക്കാം. ഈയൊരു പഴുതുവച്ചാണ് മെസി ഇപ്പോള്‍ ക്ലബ്ബ് വിടാനുള്ള ആവശ്യം മുന്നില്‍ വച്ചത്. കോവിഡ് മൂലം ഇത്തവണത്തെ സീസണ്‍ നീണ്ടുപോയി. അതിനാല്‍ ഈ ഓഗസ്റ്റ് 31ന് സീസണ്‍ അവസാനിച്ചതായി കണക്കാണമെന്നും സ്വതന്ത്രനാക്കണമെന്നും മെസി ക്ലബ്ബിനോട് ആവശ്യപ്പെടുന്നു. എന്നാല്‍ അടുത്തവര്‍ഷം മേയില്‍ മാത്രമേ മെസിക്ക് ഇനി കരാര്‍ പുതുക്കാനുള്ള സാഹചര്യം ഉള്ളൂ എന്നാണ് ക്ലബ്ബിന്റെ നിലപാട്. അങ്ങനെയെങ്കില്‍ മെസിക്ക് ക്ലബ്ബ് വിടണമെങ്കില്‍ മെസി ചേക്കേറുന്ന ക്ലബ്ബ് ആറായിരത്തിലേറെ കോടിരൂപ ചെലവഴിക്കേണ്ടിവരും. ഇത്രയും തുക ഏത് ക്ലബ്ബ് മുടക്കും. അതോ മെസിയുടെ ആവശ്യം പരിഗണിക്കുമോ? മെസിയുടെ ആവശ്യം പരിഗണിച്ച് ക്ലബ്ബ് വിടാന്‍ അനുവദിച്ചാല്‍ കരാര്‍ തുകയെച്ചൊല്ലി നിയമയുദ്ധത്തിന് പോകാമെന്നാണ് ക്ലബ്ബിലെ ഒരു കൂട്ടരുടെ നിലപാട്. 

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുമോ?

പെപ് ഗാര്‍ഡിയോളയും മെസിയും തമ്മിലെ ബന്ധം ആരും പറയേണ്ട കാര്യമില്ല. 2008മുതല്‍ നാലുവര്‍ഷം പെപ്പും മെസിയും നേടാത്തതായി ഒന്നുമില്ല. അതുകൊണ്ടാണ് പെപ് ഗാര്‍ഡിയോള പരിശീലകനായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മെസി എത്തുമെന്ന് കണക്ക്കൂട്ടുന്നത്. കോച്ചും കളിക്കാരനും തമ്മിലുള്ള ബന്ധം മാത്രമല്ല. ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതിയും മെച്ചമാണെന്നത് മെസിയുടെ മാഞ്ചസ്റ്റര്‍ യാത്രക്ക് ആക്കം കൂട്ടുന്നു. ഗാർഡിയോളയുമായി മെസി ഇതിനകം സംസാരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മെസിയെ നോക്കുന്ന മറ്റൊരു ക്ലബ്ബ് പിഎസ്ജി ആണ്. നെയ്മര്‍–മെസി കൂട്ടുകെട്ട് വീണ്ടും എന്നത് മാത്രമല്ല. പിഎസ്ജിക്ക് കൈവിട്ട ചാംപ്യന്‍സ് ലീഗ് കിരീടത്തിനായി മെസിയെകൂട്ടി നേടാമെന്ന കണക്കുകൂട്ടലുണ്ട്. ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനും പ്രീമിയര്‍ലീഗിലെ ‍മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി മാഞ്ചസ്റ്റര്‍ യുണൈറ്റഡും മെസിക്കായി നോട്ടമിട്ടി്ട്ടുണ്ട്.  ബാര്‍സിലോന മെസിയെ സ്വതന്ത്രമാക്കിയാല്‍‌ എകദേശം രണ്ടായിരം കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കാനുള്ള അവസരം ക്ലബ്ബുകള്‍ക്ക് കിട്ടും.  

ആരാധകര്‍ ബാര്‍സയ്ക്ക് ഒപ്പം തുടരുമോ?

താരങ്ങളുടെ മികവും പ്രകടനവും അടിസ്ഥാനമാക്കിത്തന്നെയാണ് ഫുട്ബോള്‍ പ്രേമികള്‍ ക്ലബ്ബുകളുടെയും താരങ്ങളുടെയും ആരാധകരായി മാറുന്നത്. അതുകൊണ്ടുതന്നെ താരങ്ങള്‍ ക്ലബ്ബ് വിടുമ്പോള്‍ ആരാധകരും ക്ലബ്ബ് മാറുന്നത് കാണാം. പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങള്‍ കളം വിടുമ്പോള്‍. ആരാധകരുടെ ഈ മാറ്റത്തിനുള്ള ഒടുവിലെ ഉദാഹരണമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡ് വിട്ടപ്പോള്‍ കണ്ടത്. കുറെയേറെ ആരാധകര്‍ റയല്‍ വിട്ട് റൊണാള്‍ഡ‍ോക്ക് ഒപ്പം യുവന്റസിലെത്തി. എങ്കിലും ക്ലബ്ബുമായി ആത്മബന്ധം തുടരുന്ന ആരാധകരുമുണ്ട്. 

MORE IN SPORTS
SHOW MORE
Loading...
Loading...